മക്ക- 8640 കിലോമീറ്റർ കാൽനടയായി സഞ്ചരിച്ചു ഒരു വർഷ കാലയളവ് കൊണ്ട് കേരളത്തിൽനിന്ന് വിശുദ്ധ മക്കയിൽ എത്തി ചരിത്രത്തിന്റെ ഭാഗമായ ശിഹാബ് ചോറ്റൂരിന് ഹജിനുള്ള ഇഹ്റാം സമസ്ത പ്രസിഡന്റും ജാമിഅ ഇഹ്യാ സുന്ന ചാൻസലറും പ്രമുഖ സൂഫീ വര്യനുമായ ഇ സുലൈമാൻ മുസ്ലിയാർ കൈമാറി.
മക്കയിൽ ഐ.സി.എഫ്, ആർ.എസ്.സി ശിഹാബ് ചോറ്റൂരിന് നൽകിയ സ്വീകരണത്തിൽ വെച്ചായിരുന്നു ഇഹ്റാം കൈമാറിയത്. ഇന്ത്യ, പാകിസ്ഥാൻ, ഇറാൻ, ഇറാഖ്, കുവൈറ്റ്, സൗദി എന്നീ രാജ്യങ്ങളിലൂടെയുള്ള യാത്രയിൽ സുലൈമാൻ മുസ്ലിയാരുടെ നൂറുകണക്കിന് ശിഷ്യൻമാരുടെ പിന്തുണയും സഹായവും ലഭിച്ചിട്ടുണ്ടെന്ന് ശിഹാബ് ചോറ്റൂർ പറഞ്ഞു. ചടങ്ങിൽ സമസ്ത, മുസ്ലിം ജമാഅത്ത്, എസ്.വൈ.എസ്, എസ്.എസ്.എഫ്, എസ്.എം.എ തുടങ്ങി നാട്ടിലെ പ്രസ്ഥാന നേതാക്കളായ ഐ.എം.എം.കെ ഫൈസി, കൂറ്റമ്പാറ അബ്ദുറഹ്മാൻ ദാരിമി, ദേവർഷോല അബ്ദുസലാം മുസ്ലിയാർ, ഇബ്രാഹിം മാസ്റ്റർ, വള്ളിയാട് മുഹമ്മദലി സഖാഫി, അബ്ദുസ്വമദ് മുട്ടന്നൂർ, അബൂബക്കർ അഹ്സനി തുടങ്ങി നിരവധി പേർ സംബന്ധിച്ചു.
സ്വീകരണ സംഗമത്തിന് ഭാരവാഹികളായ ഷാഫി ബാഖവി, റഷീദ് അസ്ഹരി, ഹനീഫ് അമാനി ശംസുദ്ധീൻ നിസാമി, കബീർ ചൊവ്വ, അബൂബക്കർ കണ്ണൂർ, സൽമാൻ വെങ്ങളം, ജമാൽ കക്കാട്, ഇസ്ഹാഖ് ഖാദിസിയ്യ, ശിഹാബ് കുറുകത്താണി നേതൃത്വം നൽകി.