കേരളത്തില്‍ സ്വര്‍ണവില കുറഞ്ഞു 

കൊച്ചി- കേരളത്തില്‍ സ്വര്‍ണവിലയില്‍ നേരിയ കുറവ്. കഴിഞ്ഞാഴ്ച സ്വര്‍ണത്തിന് ചാഞ്ചാട്ടത്തിന്റേതായിരുന്നു എങ്കില്‍ ഈ ആഴ്ച വളരെ നിര്‍ണായകമാണ്. ലോക വിപണികള്‍ മാറ്റിമറിച്ചേക്കാവുന്ന തീരുമാനങ്ങള്‍ വന്‍ശക്തി രാജ്യങ്ങള്‍ പ്രഖ്യാപിക്കാനിരിക്കുന്നു. അമേരിക്ക, യൂറോപ്പ്, ജപ്പാന്‍, ഹോങ്കോങ് എന്നിവിടങ്ങളിലെ കേന്ദ്ര ബാങ്കുകളുടെ പ്രഖ്യാപനം വരാനിരിക്കുകയാണ്. കേരളത്തില്‍ ഇന്ന് സ്വര്‍ണവില പവന് 80 രൂപയാണ് കുറഞ്ഞത്. ഒരു പവന് നല്‍കേണ്ടത് 44320 രൂപയാണ്. ഒരു ഗ്രാം സ്വര്‍ണത്തിന് 5540 രൂപ നല്‍കണം. ഡോളര്‍ ഇന്‍ഡക്സില്‍ നേരിയ ഇടിവ് പ്രകടമാണെങ്കിലും രൂപയുടെ മൂല്യം നേരിയ തോതില്‍ ഉയര്‍ന്നത് ആശ്വാസമാണ്. ഡോളര്‍ ഇന്‍ഡക്സ് 103.61ലാണ്. രൂപ 82.44ലും. അമേരിക്കന്‍ വിപണിയിലെ മാറ്റങ്ങള്‍ സ്വര്‍ണവിലയെ നേരിട്ട് ബാധിക്കും. അമേരിക്കന്‍ റീട്ടെയ്ല്‍ പണപ്പെരുപ്പവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നാളെ പുറത്തുവരും. കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വിന്റെ പലിശ നിരക്ക് ബുധനാഴ്ച പ്രഖ്യാപിക്കും. പലിശ നിരക്ക് കൂട്ടണം എന്ന് ബോര്‍ഡ് അംഗങ്ങളില്‍ പലരും ആവശ്യപ്പെടുന്നുണ്ട്. ഇതെല്ലാം സ്വര്‍ണ വിലയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. 

Latest News