കൊച്ചി - കോണ്‍ഗ്രസ് കേരള ഘടകത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനായി എ ഐ സി സി ജനറല്‍സെക്രട്ടറി താരിഖ് അന്‍വര്‍ ഇന്ന് കൊച്ചിയില്‍ ചര്‍ച്ച നടത്തും. കൊച്ചിയില്‍ നടക്കുന്ന എ ഐ സി സി ക്യാമ്പില്‍ പങ്കെടുത്ത് അവിടെ വെച്ച് പാര്‍ട്ടി നേതാക്കളുമായി ചര്‍ച്ച നടത്താനാണ് ധാരണ. നടക്കുന്ന പുന:സംഘടനയെച്ചൊല്ലിയാണ് പാര്‍ട്ടിക്കുള്ളില്‍ പടയൊരുക്കം നടക്കുന്നത്. കെ.പി.സി സി പ്രസിഡന്റ് കെ.സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും ഒരു ഭാഗത്തും എ, ഐ വിഭാഗം നേതാക്കള്‍ മറുഭാഗത്തും നിന്നുകൊണ്ടാണ് പോരടിക്കുന്നത്. പല തവണ താരിഖ് അന്‍വറിന് പരാതി നല്‍കിയിട്ടും മറുപടിയൊന്നും കിട്ടാത്തതിനാല്‍ കേരളത്തിലെത്തുന്ന അദ്ദേഹവുമായി ചര്‍ച്ച നടത്തേണ്ടതില്ലെന്നാണ് എ, ഐ ഗ്രൂപ്പ് നേതാക്കളുടെ നേരത്തെയുള്ള ധാരണ. അതുകൊണ്ട് എത്ര പേര്‍ ചര്‍ച്ചയ്ക്ക് തയ്യാറാകുമെന്നതില്‍ താരിഖ് അന്‍വറിന് ആശങ്കയുണ്ട്. കെ.പി.സി സി പ്രസിഡന്റ് കെ.സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും താരിഖ് അന്‍വറുമായി ചര്‍ച്ചയ്ക്ക് സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം ചേര്‍ന്ന എ, ഐ ഗ്രൂപ്പ് സംയുക്ത ഗ്രൂപ്പ് യോഗത്തിനെതിരെ തുറന്നടിച്ച് കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ രംഗത്തെത്തിയിരുന്നു. സീനിയര്‍ മോസ്റ്റ് നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തത് ശരിയായില്ലെന്നും ഇത്രയും നാള്‍ സൗഭാഗ്യം അനുഭവിച്ച നേതാക്കളാണ് യോഗം ചേര്‍ന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഗ്രൂപ്പ് യോഗത്തില്‍ അണികള്‍ക്ക് കടുത്ത അമര്‍ഷമുണ്ട്. അതാണ് സമൂഹ മാധ്യമങ്ങളില്‍ കാണുന്നതെന്നും സുധാകരന്‍ പറഞ്ഞു. സതീശനെതിരെ വിമര്‍ശനങ്ങള്‍ ശക്തമാവുന്ന സാഹചര്യത്തില്‍ സതീശനെ തുണച്ചായിരുന്നു സുധാകരന്റെ പരാമര്‍ശം. സതീശനോ, താനോ പുതിയ ഗ്രൂപ്പ് ഉണ്ടാക്കുന്നില്ല. മുന്‍പ് വ്യക്തികള്‍ ആണ് പുന:സംഘടനാ പട്ടിക തയ്യാറാക്കിയത്. ഇത്തവണ വലിയ ചര്‍ച്ച നടന്നുവെന്നും സുധാകരന്‍ പറഞ്ഞു.