കോട്ടയം - പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെയും കൂട്ടി ദൂരൂഹ സാഹചര്യത്തില്‍ കലുങ്കിനടിയിലെത്തിയ വൃദ്ധനെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. പെണ്‍കുട്ടിയെ പീഡിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇയാള്‍ കലുങ്കിനടിയിലേക്ക് കൊണ്ടുവന്നതെന്ന് ബോധ്യമായതോടെ ഇയാളെ പോക്സോ കേസ് ചുമത്തി അറസ്റ്റ് ചെയ്തു. കോട്ടയം ഈരാറ്റുപേട്ടയില്‍ ടി എ ഇബ്രാഹി(64)മാണ് അറസ്റ്റിലായത്. ഇബ്രാഹിമിനെ തീക്കോയി അടുക്കത്തിന് സമീപം ചാമപ്പാറയില്‍ കലുങ്കിനടിയില്‍ നിന്നാണ് നാട്ടുകാര്‍ പിടികൂടിയത്. ഈ സമയം ഇബ്രാഹിമിനൊപ്പം പ്രായപൂര്‍ത്തിയാകാത്ത ഒരു പെണ്‍കുട്ടിയും ഉണ്ടായിരുന്നു. വിവിധ പ്രദേശങ്ങളില്‍ കച്ചവടത്തിനായി പോകുന്നയാളാണ് ഇബ്രാഹിം. കുട്ടിയുടെ വീട്ടിലും ഇയാള്‍ പലപ്പോഴായി എത്തിയിരുന്നു. കുട്ടിയെ വീട്ടില്‍ നിന്ന് സ്കൂട്ടറിലാണ് ഇവിടെ എത്തിച്ചത്. താന്‍ കുളിക്കാനായാണ് കലുങ്കിനടിയില്‍ എത്തിയതെന്ന് ഇബ്രാഹിം പോലീസിനോട് പറഞ്ഞു. എന്നാല്‍ എന്തിനാണ് പെണ്‍കുട്ടിയെ കൂടെ കൂട്ടിയതെന്നതിന് വ്യക്തമായ ഉത്തരമുണ്ടായിരുന്നില്ല. ഇതോടെ കൂടുതല്‍ ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.