Sorry, you need to enable JavaScript to visit this website.

സൗദി എണ്ണ കയറ്റുമതി വരുമാനത്തില്‍ 20 ശതമാനം വര്‍ധന

റിയാദ് - ഈ വര്‍ഷം ആദ്യത്തെ നാലു മാസത്തിനിടെ സൗദി അറേബ്യയുടെ എണ്ണ കയറ്റുമതി വരുമാനത്തില്‍ ഇരുപതു ശതമാനം വര്‍ധന. ജനുവരി, ഫെബ്രുവരി, മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ ആകെ 256.5 ബില്യണ്‍ റിയാലിന്റെ എണ്ണയാണ് സൗദി അറേബ്യ കയറ്റി അയച്ചത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ എണ്ണ കയറ്റുമതി 213.6 ബില്യണ്‍ റിയാലായിരുന്നു. നാലു മാസത്തിനിടെ എണ്ണ വരുമാനത്തില്‍ 42.9 ബില്യണ്‍ റിയാലിന്റെ വര്‍ധനവാണുണ്ടായത്.
ആഗോള വിപണിയില്‍ എണ്ണ വില ഉയര്‍ന്നതിന്റെ ഫലമായാണ് കയറ്റുമതി വരുമാനം വര്‍ധിച്ചത്. ഇക്കാലയളവില്‍ സൗദി അറേബ്യ കയറ്റി അയച്ച എണ്ണയുടെ അളവില്‍ 0.2 ശതമാനം കുറവുണ്ടായി. ഈ വര്‍ഷം ആദ്യത്തെ നാലു മാസത്തിനിടെ പ്രതിദിനം 7.21 ദശലക്ഷം ബാരല്‍ തോതിലായിരുന്നു സൗദിയുടെ കയറ്റുമതി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 7.23 ദശലക്ഷം ബാരലായിരുന്നു. ജനുവരിയില്‍ പ്രതിദിനം ശരാശരി 7.17 ദശലക്ഷം ബാരലും ഫെബ്രുവരിയില്‍ 7.251 ദശലക്ഷം ബാരലും മാര്‍ച്ചില്‍ 7.122 ദശലക്ഷം ബാരലും ഏപ്രിലില്‍ 7.214 ദശലക്ഷം ബാരലും തോതിലാണ് സൗദി അറേബ്യ എണ്ണ കയറ്റി അയച്ചത്. കഴിഞ്ഞ കൊല്ലം ഇത് യഥാക്രമം 7.712 ദശലക്ഷം, 6.957 ദശലക്ഷം, 7.232 ദശലക്ഷം, 7.227 ദശലക്ഷം ബാരല്‍ തോതിലായിരുന്നു.
കഴിഞ്ഞ വര്‍ഷാദ്യം മുതല്‍ ഒപെക്കും സംഘടനക്ക് പുറത്തുള്ള രാജ്യങ്ങളും പ്രതിദിന ഉല്‍പാദനത്തില്‍ 18 ലക്ഷം ബാരലിന്റെ കുറവ് വരുത്തിയിട്ടുണ്ട്. ഉല്‍പാദനം കുറക്കുന്നതിനുണ്ടാക്കിയ ധാരണ ഡിസംബര്‍ ഒടുവില്‍ അവസാനിക്കും. ഇക്കഴിഞ്ഞ ഏപ്രിലില്‍ സൗദി അറേബ്യയുടെ എണ്ണ കയറ്റുമതി വരുമാനത്തില്‍ 33.4 ശതമാനം വര്‍ധനവുണ്ടായിട്ടുണ്ട്. ഏപ്രിലില്‍ 68.9 ബില്യണ്‍ റിയാലിന്റെ എണ്ണയാണ് കയറ്റി അയച്ചത്. 2017 ഏപ്രിലില്‍ എണ്ണ കയറ്റുമതി വരുമാനം 51.7 ബില്യണ്‍ റിയാലായിരുന്നു. ഏപ്രിലില്‍ സൗദിയുടെ ആകെ കയറ്റുമതി വരുമാനത്തിന്റെ 77.9 ശതമാനവും എണ്ണ മേഖലയില്‍ നിന്നായിരുന്നു.
കഴിഞ്ഞ കൊല്ലം സൗദിയുടെ എണ്ണ കയറ്റുമതി വരുമാനത്തില്‍ 25.1 ശതമാനം വര്‍ധനവുണ്ടായി. 2017 ല്‍ 638.4 ബില്യണ്‍ റിയാലിന്റെ എണ്ണയാണ് സൗദി അറേബ്യ കയറ്റി അയച്ചത്. 2016 ല്‍ ഇത് 510.5 ബില്യണ്‍ റിയാലായിരുന്നു. കഴിഞ്ഞ വര്‍ഷം സൗദി അറേബ്യയുടെ ആകെ കയറ്റുമതിയില്‍ എണ്ണയുടെ പങ്ക് 77 ശതമാനവും പെട്രോളിതര മേഖലയുടെ വിഹിതം 23 ശതമാനവുമായിരുന്നു.
 

Latest News