തലശ്ശേരി- മുഴപ്പിലങ്ങാട് തെരുവ് നായകള്‍ കടിച്ചുകീറിയ നിലയില്‍ കുട്ടിയുടെ മൃതദേഹം കണ്ടെത്തി. മുഴപ്പിലങ്ങാട് കെട്ടിനകം സ്വദേശി നിഹാലാണ് കൊല്ലപ്പെട്ടത്. കെട്ടിനകം പള്ളിക്ക് സമീപം ദാറുല്‍ റഹ്മ വീട്ടില്‍ നൗഷാദ്-മൂസീഫ ദമ്പതികളുടെ മകന്‍ 11 വയസുള്ള നിഹാലാണ് കൊല്ലപ്പെട്ടത്. ഓട്ടിസം ബാധിച്ച കുട്ടിയാണ്. തെരുവ് നായ്ക്കളുടെ കൂട്ടായ ആക്രമണത്തില്‍ അതിദാരുണ മായ രീതിയില്‍ നിഹാലിന് ജീവന്‍ നഷ്ടമാവുകയായിരുന്നു. മൃതദേഹം തലശ്ശേരി ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
വൈകിട്ട് അഞ്ചുമണിയോടെ കുട്ടിയെ കാണാനില്ലായിരുന്നു. തുടര്‍ന്നു നടത്തിയ തിരച്ചിലില്‍ ആണ് 500 മീറ്ററോളം അകലെയുള്ള ആള്‍താമസമില്ലാത്ത വീടിന്റെ ഗേറ്റിന് സമീപത്ത്‌നിന്ന് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. നായക്കൂട്ടം കടിച്ചുകൊലപ്പെടുത്തുകയായിരുന്നു.
ഭിന്നശേഷിക്കാരനായ കുട്ടി ഗേറ്റിന് വെളിയില്‍ പോയ സമയമാണ് നായ അക്രമിച്ചതെന്ന് സംശയിക്കുന്നു. അരക്ക് താഴെ ഗുരുതരമായി പരിക്കേറ്റ കുട്ടിയെ രാത്രി എട്ടരയോടെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.