റിയാദ്- ഡയറി ഉല്‍പന്നങ്ങളുടെ വില ഉയര്‍ത്തുന്ന കാര്യം അറിയിച്ച് പ്രമുഖ ഡയറി കമ്പനിയായ അല്‍മറാഇ പുറത്തിറക്കിയ പ്രസ്താവന അവ്യക്തവും കൃത്യമല്ലാത്തതും വിശദാംശങ്ങളില്ലാത്തതുമാണെന്ന് കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ അസോസിയേഷന്‍ പറഞ്ഞു. ഉല്‍പാദന ചെലവ് ഉയര്‍ന്നതാണ് വില ഉയര്‍ത്തുന്നതിന് പ്രേരകമെന്ന കമ്പനി പ്രസ്താവന അവ്യക്തമാണ്. കമ്പനി പറഞ്ഞ ഉല്‍പാദന ചെലവുകള്‍ക്ക് ആധാരമായ നിരക്കുകളില്‍ അടുത്ത കാലത്ത് ഭേദഗതികള്‍ വരുത്തിയിട്ടില്ല. യന്ത്രങ്ങളും വിതരണ വാഹനങ്ങളും പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള പ്രധാന ഇന്ധനമായ ഡീസലിന്റെ വിലയും ഉയര്‍ത്തിയിട്ടില്ല. നിത്യോപയോഗ വസ്തുക്കളുടെ വില സ്ഥിരത ഉറപ്പുവരുത്തുന്നതിന് ശ്രമിച്ചാണ് ഡീസലിന്റെ വില സര്‍ക്കാര്‍ ഉയര്‍ത്താതിരുന്നത്. ഊര്‍ജം, ഗതാഗതം, കാലിത്തീറ്റ ഇറക്കുമതി ചെലവുകള്‍ ഉയര്‍ന്നതിന്റെയും തൊഴിലാളികളെ ജോലിക്കു വെക്കുന്നതിനുള്ള ചെലവുകള്‍ വര്‍ധിച്ചതിന്റെയും ഫലമായാണ് ചില ഡയറി ഉല്‍പന്നങ്ങളുടെ വില ഉയര്‍ത്തിയതെന്ന് മൂന്നു ദിവസം മുമ്പ് പുറത്തിറക്കിയ പ്രസ്താവനയില്‍ കമ്പനി പറഞ്ഞിരുന്നു. അല്‍മറാഇ കമ്പനി പുറത്തിറക്കിയ പ്രസ്താവനയില്‍ സൂചിപ്പിച്ച കാര്യങ്ങളെല്ലാം അവ്യക്തവും കൃത്യമല്ലാത്തതും വിശദാംശങ്ങള്‍ ഇല്ലാത്തതുമാണെന്ന് കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ അസോസിയേഷന്‍ പറഞ്ഞു.