ജിദ്ദ- കേരളത്തിലെ ഒരു ദിനപത്രം ഈയിടെ പരിസരത്ത് മയക്കുമരുന്നുകള്‍ ലഭ്യമാകുന്ന സ്‌കൂളുകളുടെ ഒരു പട്ടിക പ്രസിദ്ധീകരിച്ചിരുന്നു. പോലീസ് ഇന്റലിജന്‍സിനെ ഉദ്ധരിച്ചുള്ള ഈ റിപ്പോര്‍ട്ടില്‍ 1057 സ്‌കൂളുകള്‍ ലഹരി വലയിലാണെന്ന് വ്യക്തമാക്കുന്നു. പൊതുവിദ്യാലയങ്ങളും അണ്‍ എയ്ഡഡ് സ്‌കൂളുകളും ഇതില്‍ ഉള്‍പ്പെടുന്നു.
മിക്ക സ്ഥലങ്ങളിലും വിദ്യാര്‍ഥികളെയാണ് കാരിയര്‍മാരായി ഉപയോഗിക്കുന്നത്. സംശയത്തിന്റെ ആനുകൂല്യം ലഭിക്കാന്‍ വനിതകളെയും ഇപ്പോള്‍ വ്യാപകമായി ഉപയോഗിക്കുന്നു. സ്‌കൂളുകള്‍ക്കുള്ളില്‍ തന്നെ ലഹരി ഉപയോഗിക്കാന്‍ പ്രത്യേക സ്ഥലമുണ്ടെന്ന ഞെട്ടിക്കുന്ന പരാമര്‍ശവും പോലീസ് ഇന്റലിജന്‍സിന്റെ റിപ്പോര്‍ട്ടിലുണ്ട്.
സമാനമായ അവസ്ഥയിലൂടെയാണ് പ്രവാസലോകത്തെ സ്‌കൂളുകളും ഇപ്പോള്‍ കടന്നുപോകുന്നത്. രാസലഹരി വ്യാപകമായതോടെയാണ് ഈ പ്രവണതക്ക് ആക്കം കൂടിയതെന്ന് വിദഗ്ധര്‍ പറയുന്നു. പരമ്പരാഗത ലഹരിവസ്തുക്കളോട് വിടപറഞ്ഞ്, നിര്‍മിക്കാനും കൈകാര്യം ചെയ്യാനും എളുപ്പമുള്ള സിന്തറ്റിക് ലഹരിയാണ് സൗദി അറേബ്യയിലടക്കം വ്യാപകമാകുന്നത്.
മയക്കുമരുന്നു കടത്തുകാരേയും വില്‍പനക്കാരേയും പോലീസ് പിടികൂടുന്ന വാര്‍ത്ത ദിനേനയെന്നോണം സൗദി മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത് തന്നെ ഈ വിപത്ത് എത്രയധികം വ്യാപിച്ചിരിക്കുന്നു എന്നതിന് തെളിവാണ്. സൗദി പോലീസും ഇന്റലിജന്‍സും ജാഗരൂകരാണ്. എന്നാല്‍ പോലീസ് മാത്രം വിചാരിച്ചാല്‍ പരിഹരിക്കാവുന്നതല്ല ഈ പ്രശ്‌നം.
പ്രവാസി മാതാപിതാക്കള്‍ ലഹരിവിപത്തിനെക്കുറിച്ച് ബോധവാന്‍മാരാകുക എന്നതാണ് ആദ്യത്തെ പരിഹാരം. നമ്മുടെ കുട്ടികള്‍ ഇതില്‍നിന്നെല്ലാം വിമുക്തരാണ് എന്ന അന്ധവിശ്വാസം ആദ്യം വെടിയണം. കുട്ടികളിലെ മാറ്റങ്ങള്‍ നിരീക്ഷിക്കണം. അവരുമായുള്ള ഇടപഴകല്‍ വര്‍ധിപ്പിക്കണം. എപ്പോഴും തിരക്കുള്ളവരായി കുട്ടികളോട് സംസാരിക്കാന്‍ പോലും സമയമില്ലാതെയായാല്‍ വലിയ ദുരന്തമാണ് കാത്തിരിക്കുന്നത്.
സൗദിയിലെ ഇന്ത്യന്‍ സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് മയക്കുമരുന്ന് വില്‍പന നടക്കുന്നതായി പല സാമൂഹിക പ്രവര്‍ത്തകരും മുന്നറിയിപ്പ് നല്‍കുന്നു. വിദ്യാര്‍ഥികളെ കൗണ്‍സലിംഗിന് വിധേയമാക്കുന്ന വിദഗ്ധരും ഈ അഭിപ്രായം പങ്കുവെക്കുകയുണ്ടായി. ഇത്തരം ആളുകളോട് സംസാരിക്കുമ്പോള്‍ നടുക്കുന്ന സംഭവങ്ങളാണ് അവര്‍ പങ്കുവെക്കുന്നത്.
മയക്കുമരുന്ന് ഉപയോഗത്തിന്റെ പേരില്‍ വീടുവിട്ടിറങ്ങുന്ന കുട്ടികളുടെ എണ്ണം കൂടുകയാണ്. മലയാളി കൗമാരക്കാരും ഇതില്‍ ധാരാളമുണ്ട്. മക്കളുടെ ലഹരി ഉപയോഗം കാരണം ജോലിയും പ്രവാസവുമുപേക്ഷിച്ച് നാടുപിടിച്ചവരുമുണ്ട്.