കൊച്ചി- കേരളത്തിലേക്ക് വന്‍ തോതില്‍ സിന്തറ്റിക് ഡ്രഗ് എത്തിച്ച് നല്‍കുന്ന സംഘത്തിലെ പ്രധാനി എക്‌സൈസിന്റെ പിടിയില്‍. അസം നാഗോണ്‍ സ്വദേശി ഇസാദുല്‍ ഹക്ക് (ചോട്ട മിയാന്‍- 25) എന്നയാളാണ് എറണാകുളം എക്‌സൈസ് ഇന്റലിജന്‍സ് വിഭാഗത്തിന്റെയും എറണാകുളം ടൗണ്‍ റേഞ്ചിന്റെയും സംയുക്ത നീക്കത്തില്‍ പിടിയിലായത്. ഇയാളുടെ പക്കല്‍ നിന്ന് ഉപഭോക്താക്കളുടെ ഇടയില്‍ 'ചൈന വൈറ്റ്' എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന അന്ത്യന്തം വിനാശകാരിയായ മുന്തിയ ഇനം ഹെറോയിന്‍ 30 ഗ്രാം പിടിച്ചെടുത്തു.
മയക്കുമരുന്ന് വില്‍പ്പന നടത്തി കിട്ടിയ 38000 രൂപയും ഒരു സ്മാര്‍ട്ട് ഫോണും എക്‌സൈസ് കസ്റ്റഡിയില്‍ എടുത്തു. നഗരത്തില്‍ അതീവ രഹസ്യമായി നടത്തുന്ന റേവ് പാര്‍ട്ടികളും മറ്റും സംഘടിപ്പിക്കുന്ന ഇടനിലക്കാരുടെ ഓര്‍ഡര്‍ പ്രകാരമാണ് ഇയാള്‍ മയക്കുമരുന്ന് എത്തിച്ചിരുന്നത്. ഈ ഇനത്തില്‍പ്പെടുന്ന അഞ്ച് ഗ്രാം മയക്കുമരുന്ന് കൈവശം വയ്ക്കുന്നത് 10 വര്‍ഷം വരെ കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ലഭിക്കാവുന്ന കുറ്റമാണ്.
100 മില്ലി ഗ്രാം അടങ്ങുന്ന ചെറിയ പാക്കറ്റിന് 2000 രൂപയാണ് ഈടാക്കുന്നതെന്ന് ഇയാള്‍ ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തി. അന്താരാഷ്ട്ര അതിര്‍ത്തിയോട് ചേര്‍ന്ന് കിടക്കുന്ന അസമിലെ കരീംഗഞ്ച് എന്ന സ്ഥലത്ത് നിന്നാണ് ഇയാള്‍ കേരളത്തിലേക്ക് വന്‍ തോതില്‍ മയക്കുമരുന്ന് എത്തിച്ചിരുന്നത്. അത്യന്തം വിനാശകാരിയായ മുന്തിയ ഇനം ഹെറോയിനാണ് 'ചൈന വൈറ്റ്'. വെറും മൈക്രോ ഗ്രാം മാത്രം ഉപയോഗിച്ചാല്‍ തന്നെ ഇതിന്റെ രാസലഹരി മണിക്കൂറുകളോളം നിലനില്‍ക്കും.
ചൈന വൈറ്റിന്റെ ഉപയോഗം രോഗ പ്രതിരോധ വ്യവസ്ഥയെ തകരാറിലാക്കുകയും ശ്വാസകോശം, വൃക്ക എന്നിവയുടെ പ്രവര്‍ത്തനങ്ങളെ ബാധിക്കുകയും ചെയ്യും. കൂടാതെ തലച്ചോറിലേക്കുള്ള രക്തക്കുഴലുകള്‍ തടസ്സപ്പെടുവാനും മരണം വരെ സംഭവിക്കാനും ഇടയാക്കുന്നതാണെന്നാണ് ഈ മേഖലയിലെ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.
ഒരാഴ്ച മുമ്പാണ് ചോട്ടാ മിയാന്റെ സഹായിയായ ഇതര സംസ്ഥാനക്കാരന്‍ എറണാകുളം നോര്‍ത്തില്‍ എക്‌സൈസ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ പിടിയിലായത്. ഇയാളിലൂടെയാണ് ഓര്‍ഡര്‍ അനുസരിച്ച് ഹെറോയിന്‍ മൊത്തം വിതരണം നടത്തി അസമിലേക്ക് തന്നെ മടങ്ങുന്ന ചോട്ടാ മിയാനെക്കുറിച്ച് എക്‌സൈസ് അറിഞ്ഞത്. തുടര്‍ന്ന് ചോട്ടാ മിയാന്‍ വരുന്നതിനായി ദിവസങ്ങളോളം നീരീക്ഷണം നടത്തി കാത്തിരുന്ന എക്‌സൈസ് സംഘം മയക്കുമരുന്നുമായി എറണാകുളത്ത് എത്തിയ ഇയാളെ ലിസി ജംഗ്ഷന് സമീപം രാത്രി പതിനൊന്നരയോടെ വളഞ്ഞിട്ട് പിടികൂടുകയായിരുന്നു. കുതറി ഓടാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.
നഗരത്തിലെ ഇയാളുടെ ഇടപാടുകാരെക്കുറിച്ചുള്ള സൂചന ലഭിച്ചിട്ടുണ്ടെന്നും ഈ മയക്കുമരുന്നിന്റെ ഉറവിടം സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തുമെന്നും അധികൃതര്‍ അറിയിച്ചു. ഇന്‍സ്‌പെക്ടര്‍ പ്രമോദ് എം. പി, ജയന്‍ എ. എസ്, ഇന്റലിജന്‍സ് പ്രിവന്റീവ് ഓഫീസര്‍ എന്‍. ജി അജിത്ത്കുമാര്‍, കെ. കെ. അരുണ്‍, കെ. ജയലാല്‍, സിറ്റി മെട്രോ ഷാഡോയിലെ സി. ഇ. ഒ എന്‍. ഡി. ടോമി, സി. ഇ. ഒ. ബിജു ഡി. ജെ, വനിത സി. ഇ. ഒ. കനക എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് പ്രതിയെ കസ്റ്റഡിയില്‍ എടുത്തത്. ഇയാളെ പിന്നീട് കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.