തിരുവനന്തപുരം - എറണാകുളം മഹാരാജാസ് കോളജിലെ മാർക്ക് ലിസ്റ്റ് വിവാദത്തിൽ വാർത്ത റിപ്പോർട്ട് ചെയ്തത ഏഷ്യാനെറ്റ് റിപ്പോർട്ടർ അഖില നന്ദകുമാറിനെതിരെ കേസെടുത്തതിനോട് യോജിപ്പില്ലെന്ന് മുൻ മന്ത്രിയും സി.പി.ഐ നേതാവുമായ സി ദിവാകരൻ പറഞ്ഞു.
വിമർശങ്ങൾ ഉൾക്കൊള്ളാൻ നല്ല ഭരണാധികാരികൾക്ക് കഴിയണം. പോലീസ് നടപടിയോട് സി.പി.ഐക്ക് യോജിപ്പില്ല. ആരുടേയോ പ്രീതി പിടിച്ച് പറ്റാൻ പോലീസ് കുത്തിത്തിരിപ്പ് നടത്തുകയാണ്. മാധ്യമ സ്വാതന്ത്ര്യം ഇടതുമുന്നണിയുടെ പ്രഖ്യാപിത നയമാണ്. അതിന് വിരുദ്ധമായ നടപടി തെറ്റാണ്. മാധ്യമ സ്വാതന്ത്ര്യം ഹനിക്കുന്ന നടപടി അംഗീകരിക്കാനാകില്ലെന്നും റിപ്പോർട്ടർ അഖില ചെയ്ത തെറ്റ് എന്താണെന്ന് മനസിലാകുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സർക്കാർ നടപടിയിലെ വിയോജിപ്പ് അനുയോജ്യമായ വേദിയിൽ പറയുമെന്നും സി ദിവാകരൻ പറഞ്ഞു.