റിയാദ് - പതിനഞ്ചു മാസത്തിനിടെ ഏഴു ലക്ഷത്തിലേറെ വിദേശികൾക്ക് സൗദിയിൽ തൊഴിൽ നഷ്ടപ്പെട്ടതായി ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്‌സ് കണക്ക്.
കഴിഞ്ഞ വർഷാദ്യം മുതൽ ഈ കൊല്ലം ആദ്യ പാദത്തിന്റെ അവസാനം വരെയുള്ള കാലത്ത് തൊഴിൽ വിപണിയിലെ വിദേശികളുടെ എണ്ണത്തിൽ 7,00,200 ഓളം പേരുടെ കുറവുണ്ടായി. ഇക്കാലയളവിൽ സൗദി ജീവനക്കാരുടെ എണ്ണത്തിൽ 89,000 പേരുടെ വർധനവുണ്ടായി.
ഈ വർഷം ആദ്യ പാദാവസാനത്തെ കണക്കുകൾ പ്രകാരം സർക്കാർ, സ്വകാര്യ മേഖലകളിൽ ജോലി ചെയ്യുന്ന സൗദികൾ 31,50,409 ആണ്. 2016 അവസാന പാദത്തിൽ സൗദി ജീവനക്കാർ 3.06 ദശലക്ഷം ആയിരുന്നു. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം വിദേശ തൊഴിലാളികളുടെ എണ്ണം 1,01,83,104 ആണ്. 2017 അവസാനത്തിൽ വിദേശ തൊഴിലാളികൾ 1,04,17,295 ആയിരുന്നു. 2016 അവസാനം വിദേശികൾ 10.88 ദശലക്ഷം ആയിരുന്നു.
ഈ വർഷം ആദ്യ പാദത്തിൽ സൗദി ജീവനക്കാരുടെ എണ്ണത്തിൽ 13,400 പേരുടെ കുറവുണ്ടായി. മാർച്ച് 31 ലെ കണക്കുകൾ പ്രകാരം സൗദി തൊഴിലാളികൾ 3.15 ദശലക്ഷം ആണ്. കഴിഞ്ഞ വർഷം അവസാന പാദത്തിൽ സൗദി ജീവനക്കാർ 3.16 ദശലക്ഷം ആയിരുന്നു. ഈ വർഷം ആദ്യ പാദത്തിൽ വിദേശ തൊഴിലാളികളുടെ എണ്ണത്തിൽ 2,34,191 പേരുടെ കുറവുണ്ടായി. മൂന്നു മാസത്തിനിടെ ഇത്രയും പേർക്ക് സൗദിയിൽ തൊഴിൽ നഷ്ടപ്പെട്ടു. ഈ വർഷം ആദ്യ പാദാവസാനത്തെ കണക്കുകൾ പ്രകാരം സൗദിയിൽ 10.18 ദശലക്ഷം വിദേശ തൊഴിലാളികളാണുള്ളത്. കഴിഞ്ഞ വർഷം അവസാന പാദത്തിൽ വിദേശ തൊഴിലാളികൾ 10.42 ദശലക്ഷം ആയിരുന്നു. ഇക്കാലയളവിൽ പുതിയ വിസകളിൽ സൗദിയിലെത്തിയ വിദേശികളുടെ എണ്ണം കൂടി കണക്കിലെടുത്താൽ സൗദിയിൽ തൊഴിൽ നഷ്ടപ്പെട്ടവരുടെ എണ്ണം ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്‌സ് പുറത്തു വിട്ടതിനേക്കാൾ കൂടുതലായിരിക്കും.
അതിനിടെ, ഈ വർഷം ആദ്യത്തെ അഞ്ചു മാസത്തിനിടെ സൗദിയിലെ വിദേശികൾ നിയമാനുസൃത മാർഗങ്ങളിലൂടെ 6046 കോടി റിയാൽ സ്വദേശങ്ങളിലേക്ക് അയച്ചതായി സൗദി അറേബ്യൻ മോണിട്ടറി അതോറിറ്റി കണക്കുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ വർഷം ആദ്യത്തെ അഞ്ചു മാസത്തിനിടെ വിദേശികളുടെ റെമിറ്റൻസ് 6060 കോടി റിയാലായിരുന്നു. മെയ് മാസത്തിൽ വിദേശികളുടെ റെമിറ്റൻസിൽ ഒമ്പതു ശതമാനം വർധനവ് രേഖപ്പെടുത്തി. മെയ് മാസം വിദേശികൾ 1275 കോടി അയച്ചു. ഏപ്രിലിൽ റെമിറ്റൻസ് 1170 കോടിയായിരുന്നു. എന്നാൽ കഴിഞ്ഞ വർഷം മെയ് മാസത്തെ അപേക്ഷിച്ച് ഇക്കഴിഞ്ഞ മെയ് മാസത്തിൽ വിദേശികളുടെ റെമിറ്റൻസിൽ രണ്ടു ശതമാനം കുറവ് രേഖപ്പെടുത്തി. 2017 മെയ് മാസത്തിൽ വിദേശികൾ 1300 കോടി റിയാൽ സ്വദേശങ്ങളിലേക്ക് അയച്ചിരുന്നു.
മെയ് മാസത്തിൽ സൗദികൾ വിദേശങ്ങളിലേക്ക് അയച്ച പണം 590 കോടി റിയാലായി ഉയർന്നു.
ഏപ്രിലിനെ അപേക്ഷിച്ച് 20 ശതമാനം കൂടുതലാണിത്. ഏപ്രിലിൽ 490 കോടി റിയാലാണ് വ്യക്തിപരമായ ആവശ്യങ്ങൾക്ക് സൗദികൾ വിദേശങ്ങളിലേക്ക് അയച്ചത്. എന്നാൽ 2017 മെയ് മാസത്തെ അപേക്ഷിച്ച് ഇക്കഴിഞ്ഞ മെയ് മാസത്തിൽ സൗദികളുടെ റെമിറ്റൻസിൽ 16.7 ശതമാനം കുറവുണ്ടായി. 2017 മെയ് മാസത്തിൽ 710 കോടി റിയാൽ സൗദികൾ വിദേശങ്ങളിലേക്ക് അയച്ചിരുന്നു.