തിരുവനന്തപുരം - അഭിഭാഷകനെതിരെ വ്യാജ വാർത്ത പ്രചരിപ്പിച്ചെന്ന പരാതിയിൽ മറുനാടൻ മലയാളിയുടെ ചീഫ് എഡിറ്റർ ഷാജൻ സ്‌കറിയ അടക്കമുള്ള അഞ്ചു പ്രതികളും നേരിട്ട് ഹാജരാകണമെന്ന് കോടതി. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്.
തിരുവനന്തപുരം ബാർ അസോസിയേഷൻ സെക്രട്ടറി അഡ്വ. വള്ളക്കടവ് മുരളീധരനെതിരെ വ്യാജവും അപകീർത്തികരവുമായ വാർത്ത പ്രസിദ്ധീകരിച്ചെന്നാണ് കേസ്. ആഗസ്ത് അഞ്ചിന് ഹാജരാകാനാണ് ഉത്തരവ്.
ഷാജൻ സ്‌കറിയയെ കൂടാതെ, ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ആൻ മേരി ജോർജ്, കൊല്ലം സബ് എഡിറ്റർ ലക്ഷ്മി കെ.എൽ, റിപ്പോർട്ടർ വിനോദ് വി നായർ, കൊല്ലത്തെ ഫിനാക്ട് സൊലൂഷൻസ് സ്ഥാപന ഉടമ മയ്യനാട് സ്വദേശി സന്തോഷ് മഹേശ്വർ എന്നിവരാണ് കേസിലെ മറ്റു പ്രതികൾ. ഈ കേസിൽ കോടതി പ്രതികൾ 2021 ഏപ്രിൽ 27ന് ഹാജരാകാൻ ഉത്തരവിട്ടിരുന്നെങ്കിലും ഷാജൻ സ്‌കറിയ ഹൈക്കോടതിയെ സമീപിച്ച് സ്റ്റേ വാങ്ങിയിരുന്നു. ഈ സ്റ്റേ നീങ്ങിയതോടെയാണ് ആഗസ്ത് അഞ്ചിന് പ്രതികളോട് നേരിട്ട് ഹാജരാകാൻ കോടതി ഉത്തരവിട്ടത്. കേസുമായി ബന്ധപ്പെട്ട് ഷാജൻ സ്‌കറിയയുടെ സ്വത്തുക്കൾ കണ്ടുകെട്ടണമെന്ന അഭിഭാഷകന്റെ ഹർജിയും കോടതി പരിഗണനയിലാണ്.