Sorry, you need to enable JavaScript to visit this website.

ഹിന്ദുത്വ വാദികളെ മടക്കി അയച്ച അഭിമന്യുവിന്റെ പിതാവിന് അഭിനന്ദനം

കൊച്ചി- അഭിമന്യുവിന്റെ കൊലപാതകത്തിന്റെ പേരില്‍ ഹിന്ദുവികാരം ഉണര്‍ത്തി മുതലെടുപ്പ് നടത്താനെത്തിയവരുടെ മുഖത്തു നോക്കി നിങ്ങളുടെ സഹായം വേണ്ടെന്ന് പറഞ്ഞ അഭിമന്യുവിന്റെ പിതാവ് മനോഹരന് സി പി എം സംസ്ഥാന സെക്രട്ടേറിയറ്റംഗം പി രാജീവിന്റെ അഭിവാദനം.
'എന്റെ മകന്‍ കൊല്ലപ്പെട്ടു. സംഭവിക്കാന്‍ ഉള്ളത് സംഭവിച്ചു. ഞാന്‍ ജനിച്ചത് സി പി എമ്മുകാരനായിട്ടാണ്. എന്റെ മകന്‍ കൊല്ലപ്പെട്ടതും ഈ പാര്‍ട്ടിക്ക് വേണ്ടിയാണ്. അവന്‍ പോയത് കൊണ്ട് ഈ പാര്‍ട്ടിയെ വേണ്ടാ എന്ന് ഞാന്‍ പറയില്ല. നിങ്ങളുടെ സഹായം ഞങ്ങള്‍ക്ക് വേണ്ടാ'. സേവാ വാഹിനിയുടെ പേരില്‍  'ഹിന്ദു' വിനുള്ള സഹായ അഭ്യര്‍ത്ഥനയുമായി ചെന്ന സംഘപരിവാരത്തിന്റെ മുഖത്തു നോക്കിയാണ് അഭിമന്യുവിന്റെ അച്ഛന്‍ ധീരമായി ഇതു പറഞ്ഞത്. അതെ, ധീരനായ രക്തസാക്ഷിയുടെ അച്ഛന്‍. മകന്‍ നഷ്ടപ്പെട്ട വേദനയില്‍ വിങ്ങുന്ന അച്ഛന്റെ അടുത്ത് വര്‍ഗീയ വിഷവുമായി ചെന്നവരെ തിരിച്ചറിയണം.
ഞാന്‍ വട്ടവടയില്‍ നിന്നും മടങ്ങുമ്പോള്‍ സേവാ വാഹിനി എന്ന ബോര്‍ഡെഴുതിയ രണ്ടു വാഹനം കണ്ടിരുന്നു. അവര്‍ ഹിന്ദുക്കളെ സഹായിക്കാനെന്ന മട്ടില്‍ വിഷം തുപ്പാനെത്തിയവരാണ്. ന്യൂനപക്ഷം വര്‍ഗീയമായി സംഘടിക്കുന്നത് ഭൂരിപക്ഷ വര്‍ഗീയത തങ്ങളുടെ വര്‍ഗീയ ചിന്ത ശക്തിപ്പെടുത്താന്‍ ഉപയോഗിക്കുമെന്ന പാഠം ഓര്‍ക്കേണ്ടതുണ്ട്. ഭൂരിപക്ഷ വര്‍ഗ്ഗീയതക്കെതിരായ അതിവിശാല മുന്നണിക്കാര്‍ക്കുള്ള പാഠം കൂടിയാണിത്. 'വര്‍ഗീയത തുലയട്ടെ' അഭിമന്യു അവസാനമായി എഴുതിയ വാചകങ്ങള്‍ എസ്ഡിപിഐക്ക് മാത്രമല്ല സംഘപരിവാരത്തിനും മുഴുവന്‍ വര്‍ഗീയ ശക്തികള്‍ക്കും എതിരാണെന്ന് പി. രാജീവ് ചൂണ്ടിക്കാട്ടി.
എന്റെ കൈകളില്‍ കൂട്ടിപ്പിടിച്ച് അഭിമന്യുവിന്റെ അച്ഛന്‍ ഉറച്ച ശബ്ദത്തില്‍ പറഞ്ഞു. എന്റെ അച്ഛന്‍ ഈ പാര്‍ട്ടിയിലായിരുന്നു. ഞാനും എന്റെ മകനും ഈ പാര്‍ട്ടിയില്‍ തന്നെ. എന്റെ മകന്‍ തെളിച്ച വഴിയില്‍ തന്നെയായിരിക്കും മരണം വരെ ഞങ്ങളും ' തന്റെ മകന്‍ ഇത്രയുമധികം ആളുകളുടെ മനസ്സില്‍ ഇടം കിട്ടിയല്ലാ എന്നതില്‍ താന്‍ അഭിമാനിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു. വര്‍ഗീയത തുലയട്ടെ എന്ന മുദ്രാവാക്യം നാടിന് ഏറ്റെടുക്കാം- രാജീവ് ഫേസ് ബുക്ക് പോസ്റ്റില്‍ പറയുന്നു.

 

Latest News