തിരുവനന്തപുരം- എസ്.എഫ്.ഐ ജില്ലാ സമ്മേളനത്തിനിടെ കയ്യാങ്കളി. ജില്ലാ പ്രസിഡന്റ് പദവിയില്‍ നിന്ന് ആദിത്യനെ മാറ്റിയതുമായി ബന്ധപ്പെട്ടാണ് കയ്യാങ്കളി. കാട്ടാക്കട ആള്‍മാറാട്ട വിവാദത്തില്‍ ആദിത്യന്‍ ആരോപണവിധേയനായിരുന്നു. വഞ്ചിയൂര്‍ ഏരിയയില്‍നിന്നുള്ള നന്ദനാണു പുതിയ പ്രസിഡന്റ്. സെക്രട്ടറിയായി ആദര്‍ശ് തുടരാനും തീരുമാനമായി.
സമ്മേളനത്തില്‍ നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശമുണ്ടായി. സംസ്ഥാന സമിതി അംഗത്തിന്റെ ലഹരി ഉപയോഗത്തിനെതിരെ നടപടി എടുത്തില്ലെന്ന് പ്രതിനിധികള്‍ വിമര്‍ശനം ഉന്നയിച്ചു. തിരുവനന്തപുരത്തു നിന്നുള്ള സംസ്ഥാന സമിതി അംഗം നിരഞ്ജനെതിരെയാണ് ഉയര്‍ന്നത്. നേരത്തെ നിരഞ്ജന്‍ മദ്യം ഉപയോഗിക്കുന്ന ചിത്രം പുറത്തുവന്നിരുന്നു. ഇത് വലിയ രീതിയിലുള്ള വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. എന്നാല്‍ നിരന്തരം ലഹരി ഉപയോഗത്തിനെതിരെ സംസാരിക്കുമ്പോഴും സംഘടനയില്‍നിന്നുയര്‍ന്നു വന്ന സംഭവത്തിനെതിരെ നടപടിയെടുക്കാത്തതാണ് വിമര്‍ശനത്തിന് വഴിവെച്ചത്.
പാറശ്ശാല, വിതുര കമ്മറ്റികളില്‍ നിന്നാണ് വിമര്‍ശനം ഉയര്‍ന്നത്. കാട്ടാക്കടയിലെ ആള്‍മാറാട്ടത്തില്‍ ജില്ലാ നേതാക്കള്‍ക്കും പങ്കെന്ന് സമ്മേളനത്തില്‍ വിമര്‍ശനമുണ്ടായി. വിശാഖ് എസ്.എഫ്.ഐയെ പ്രതിസന്ധിയിലാക്കി. ഏരിയ കമ്മിറ്റിയുടെ അറിവോടെ ആയിരുന്നില്ല ആള്‍മാറാട്ട ശ്രമം. എന്നാലിത് എസ്.എഫ്.ഐക്ക് നാണക്കേട് ഉണ്ടാക്കി. വിഷയവുമായി ബന്ധപ്പെട്ട മുഴുവന്‍ പേര്‍ക്കെതിരെയും നടപടി വേണമെന്നാണ് ഉയര്‍ന്നുവന്ന ആവശ്യം. യൂണിവേഴ്‌സിറ്റി കോളജ് കുത്തുകേസിലെ പ്രതിയെ ഏരിയ സെക്രട്ടറി ആക്കിയതിലും വിമര്‍ശം ഉയര്‍ന്നു. ജില്ലാ സെക്രട്ടറിക്ക് പ്രായക്കൂടുതലാണ്. ജില്ലാ സെക്രട്ടറി എസ്.കെ ആദര്‍ശിന് 26 വയസ്സു കഴിഞ്ഞു. എന്നിട്ടും ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിലനിര്‍ ത്തി. പ്ലസ് ടു വിദ്യാഭ്യാസ യോഗ്യത മാത്രമുള്ള സെക്രട്ടറി ആണ് ആദര്‍ശെന്നും പരിഹാസമുണ്ടായി.