കൊച്ചി- മഹാരാജാസ് കോളജ് വിദ്യാര്‍ഥിയും എസ്. എഫ്. ഐ സംസ്ഥാന സെക്രട്ടറിയുമായ പി. എം. ആര്‍ഷോ എഴുതാത്ത പരീക്ഷ വിജയിച്ചതായി ഫലം വന്ന സംഭവത്തില്‍ ഗൂഢാലോചന നടന്നെന്ന പരാതിയില്‍ ക്രൈംബ്രാഞ്ച് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍ അഖില നന്ദകുമാറിനെതിരെ കേസെടുത്തതില്‍ പത്രപ്രവര്‍ത്തക യൂണിയന്‍ എറണാകുളം ജില്ലാ കമ്മിറ്റി പ്രതിഷേധം രേഖപ്പെടുത്തി. ആര്‍ഷോ എഴുതാത്ത പരീക്ഷക്ക് മാര്‍ക്ക് ലിസ്റ്റ് ലഭ്യമായി എന്ന വാര്‍ത്ത നല്‍കുക മാത്രമാണ് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍ ചെയ്തത്.
പോലീസിന്റെ നടപടി മാധ്യമ സ്വാതന്ത്ര്യത്തിനുനേരെയുള്ള കടന്നാക്രമണമാണ്. ഇത് ആരോഗ്യപരമായ ജനാധിപത്യ രീതിക്ക് വിരുദ്ധവുമാണ്. തങ്ങള്‍ക്ക് ഹിതകരമല്ലാത്ത വാര്‍ത്ത നല്‍കുന്ന മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്ത് നിര്‍വീര്യരാക്കാനുള്ള ശ്രമം മാധ്യമ പ്രവര്‍ത്തകരോട് കാണിക്കുന്ന അനീതി കൂടിയാണെന്നും പത്രപ്രവര്‍ത്തക യൂണിയന്‍ ചൂണ്ടിക്കാട്ടി.
അഖില നന്ദകുമാറിനെതിരെ എടുത്ത കേസ് പിന്‍വലിക്കണമെന്നും എറണാകുളം പ്രസ് ക്ലബ് പ്രസിഡന്റ് എം. ആര്‍. ഹരികുമാറും സെക്രട്ടറി എം. സൂഫി മുഹമ്മദും ആവശ്യപ്പെട്ടു.