- ഫ്രാൻസ് x ഉറുഗ്വായ് നിഷ്‌നി നോവ്‌ഗൊരോദ്, വൈകു: 6.00
നിഷ്‌നി നോവ്‌ഗൊരോദ് - ആരാദ്യം മിഴിയടക്കും, ഫ്രാൻസോ ഉറുഗ്വായ്‌യോ? നാലു മത്സരങ്ങളും ജയിച്ചു വന്ന ടീമുകളാണ് രണ്ടും. രണ്ടിലൊന്ന് ഇന്ന് കീഴടങ്ങിയേ പറ്റൂ. ലൂയിസ് സോറസിനെ ബാഴ്‌സലോണയിലെ സുഹൃത്ത് സാമുവേൽ ഉംറ്റിറ്റി പിടിച്ചുകെട്ടുമോ? ആന്റോയ്ൻ ഗ്രീസ്മാന് തന്റെ മകളുടെ തലതൊട്ടപ്പൻ ഡിയേഗൊ ഗോദീൻ കടിഞ്ഞാണിടുമോ? നിഷ്‌നി നോവ്‌ഗൊരോദിലെ ആദ്യ ക്വാർട്ടർ ഫൈനൽ കാത്തിരിക്കുന്നത് സുഹൃത്തുക്കളുടെ കൊമ്പുകോർക്കലാണ്. അവിടെ സൗഹൃദത്തിന് വിലയില്ല, വിജയം മാത്രമാണ് അവസാന വാക്ക്. വിജയികളെ കാത്തിരിക്കുന്നത് ലോകകപ്പിന്റെ സെമി ഫൈനലാണ്.
അത്‌ലറ്റിക്കൊ മഡ്രീഡിലെ നാലു സുഹൃത്തുക്കൾ ഇന്ന് കളത്തിലുണ്ടാവും. ഫ്രഞ്ച് നിരയിൽ ഗ്രീസ്മാനും ലുക്കാസ് ഹെർണാണ്ടസും. ഉറുഗ്വായ് കുപ്പായത്തിൽ ഗോദീനും ഹോസെ ജിമെനെസും. പാരിസ് സെയ്ന്റ് ജർമാന്റെ ആക്രമണം നയിക്കുന്ന എഡിൻസൻ കവാനി ഒരുവശത്തുണ്ടായേക്കാം. ക്ലബ്ബിലെ സ്‌ട്രൈക്ക് പാർട്ണർ കീലിയൻ എംബാപ്പെ മറുവശത്തും. എന്നാൽ പോർചുഗലിനെതിരെ ഇരട്ട ഗോളടിച്ച ഉറുഗ്വായ്‌യുടെ എൽമാറ്റഡോർ ഇന്ന് കളത്തിലിറങ്ങാൻ സാധ്യതയില്ലെന്നാണ് റിപ്പോർട്ട്. ഉറുഗ്വായ്‌യുടെ റോഡ്രിഗൊ ബെന്റാഷൂറും ഫ്രാൻസിന്റെ ബ്ലെയ്‌സ് മറ്റിയൂഡിയും യുവന്റസിൽ സഹതാരങ്ങളാണ്.
മുൻ ലോക ചാമ്പ്യന്മാരുടെ പോരാട്ടം കൂടിയാണ് ഇത്. 1930 ലെ പ്രഥമ ലോകകപ്പിന് വേദിയൊരുക്കിയതും കിരീടം നേടിയതും ഉറുഗ്വായ്‌യാണ്. 1950 ൽ ബ്രസീലിനെ കൊമ്പുകുത്തിച്ച് അവർ വീണ്ടും കപ്പുയർത്തി. യൂറോപ്യൻ മണ്ണിൽ മറ്റൊരു കുതിപ്പിനൊരുങ്ങുകയാണ് ഉറുഗ്വായ്. 1998 ൽ ഫ്രാൻസിന്റെ സുവർണ തലമുറ അവർക്ക് ആദ്യമായി ലോകകപ്പ് സമ്മാനിച്ചു. അവരുടെ രണ്ടാമത്തെ സുവർണ തലമുറക്ക് ആ നേട്ടം ആവർത്തിക്കാനാവുമോ?
നാലു കളിയും ജയിച്ച ഉറുഗ്വായ് ഒരു ഗോൾ മാത്രമാണ് വഴങ്ങിയത്. പ്രി ക്വാർട്ടറിൽ അർജന്റീനയെ കെട്ടുകെട്ടിച്ച ഫ്രാൻസ് അവർക്ക് ഏറ്റവും വലിയ വെല്ലുവിളിയാവും. ലാറ്റിനമേരിക്കൻ ടീമുകൾക്കെതിരെ ലോകകപ്പിൽ ഒമ്പത് മത്സരങ്ങളിലായി ഫ്രാൻസ് പരാജയമറിഞ്ഞിട്ടില്ല. ഒന്നാന്തരം ഫിനിഷിംഗ് പാടവമുള്ള ആക്രമണനിരയിലൂടെ ആ മികവാർന്ന റെക്കോർഡ് നിലനിർത്താമെന്ന പ്രതീക്ഷയിലാണ് അവർ. ഉറുഗ്വായ്‌യുടെ റെക്കോർഡും മോശമല്ല. കഴിഞ്ഞ ആറ് തവണ ലോകകപ്പിന്റെ ക്വാർട്ടറിലെത്തിയതിൽ അഞ്ച് തവണയും അവർ സെമിയിലേക്ക് മുന്നേറിയിട്ടുണ്ട്.
4-4-2 ശൈലിയിലാവും ഉറുഗ്വായ് കളിക്കുക. പരിക്കേറ്റ കവാനിക്കു പകരം ക്രിസ്റ്റ്യൻ സ്റ്റുവാനിയായിരിക്കും സോറസിനൊപ്പം ആക്രമണം നയിക്കുക. ഇസ്ട്രയിലെ തട്ടകത്തിൽ കഴിഞ്ഞ രണ്ടു ദിവസമായി ഫ്രഞ്ച് കളിക്കാർ തീവ്രയത്‌നത്തിലായിരുന്നു. ഉറുഗ്വായ്‌യിൽനിന്ന് തന്ത്രപരവും കായികവുമായ വെല്ലുവിളിയാണ് അവർ പ്രതീക്ഷിക്കുന്നത്. തന്ത്രങ്ങളുടെ അവസാന കവാടം വരെ കടന്നുപോയി പരിശോധിക്കുന്ന കോച്ചാണ് ദീദിയർ ദെഷോം. ഫ്രാൻസ് ആദ്യം ഗോൾ വഴങ്ങിയാൽ ഉറുഗ്വായ്‌ക്കെതിരെ തിരിച്ചടിക്കുക ഏതാണ്ട് അസാധ്യമായിരിക്കുമെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തൽ. കവാനി കളിക്കുമോ ഇല്ലയോ എന്നത് ഉറുഗ്വായ്‌യുടെ പ്രഹരശേഷിയിൽ വലിയ മാറ്റമൊന്നും സൃഷ്ടിക്കുന്നില്ലെന്നാണ് ദെഷോം കരുതുന്നത്. മധ്യനിരയിലെ എണ്ണയിട്ട യന്ത്രമായ ബ്ലെയ്‌സ് മറ്റിയൂഡി സസ്‌പെൻഷനിലായതാണ് ഫ്രാൻസിന്റെ തലവേദന. പകരം ആര് കളിക്കുമെന്ന് തീരുമാനിച്ചിട്ടില്ല. മിക്കവാറും ബാഴ്‌സലോണയുടെ യുവ താരം ഉസ്മാൻ ദെംബെലെക്കാവും നറുക്കു വീഴുക.
പക്ഷെ ശ്രദ്ധാകേന്ദ്രം എംബാപ്പെ തന്നെയായിരിക്കും. അർജന്റീനക്കെതിരായ കളിയിലെ മാസ്മരിക പ്രകടനത്തോടെ എംബാപ്പെ ലോകകപ്പിനെ കൈയിലെടുത്തിരിക്കുകയാണ്. 1958 ലെ സ്വീഡൻ ലോകകപ്പിൽ പെലെ എന്ന പതിനേഴുകാരൻ കാഴ്ചവെച്ച പ്രകടനവുമായാണ് എംബാപ്പെ താരതമ്യം ചെയ്യപ്പെടുന്നത്. ഒരു ലോകകപ്പിൽ എംബാപ്പെയെക്കാൾ കൂടുതൽ ഗോളടിക്കാൻ ഒരു ഫ്രഞ്ചുകാരനേ സാധിച്ചിട്ടുള്ളൂ, ജസ്റ്റ് ഫൊണ്ടയ്‌ന്. 1958 ലെ അതേ ലോകകപ്പിൽ ഫൊണ്ടയ്ൻ സ്‌കോർ ചെയ്തത് 13 ഗോളായിരുന്നു. അതിലേക്കെത്താൻ പക്ഷെ എംബാപ്പെക്ക് 10 ഗോൾ കൂടി വേണം.
എന്നാൽ ടൂർണമെന്റിൽ ഇതുവരെ ഉറുഗ്വായ്‌യുടേത് പോലൊരു പ്രതിരോധം എംബാപ്പെ നേരിട്ടിട്ടില്ല. ഗോദീനും ജിമെനെസിനുമൊപ്പം പിൻനിരയിൽ മാർടിൻ കസേരെസും ഡിയേഗൊ ലക്‌സാൽടുമുണ്ടാവും. അവരെ കടന്നാൽ ഗോൾമുഖത്ത് ഫെർണാണ്ടൊ മുസ്‌ലേരയും. പോർചുഗലിന്റെ പെപ്പെ മാത്രമാണ് ഈ ലോകകപ്പിൽ ഈ പ്രതിരോധം ഭേദിച്ചത്. മുന്നൂറ്റമ്പതിലേറെ മത്സരങ്ങൾ കളിച്ച അനുഭവസമ്പത്തുണ്ട് ഈ പിൻനിരക്ക്.