- ബെൽജിയം x ബ്രസീൽ കസാൻ അരീന, രാത്രി 9.00
കസാൻ - മൂക്കു ചീറ്റിയാൽ മതി, നെയ്മാർ വീണിരിക്കും എന്നാണ് ട്രോളുകളുടെ പോക്ക്. കസാൻ അരീനയിൽ ബ്രസീലിന്റെ രാജകുമാരൻ വീഴുമോ അതോ വാഴുമോ? പ്രതിഭകളുടെ നിറകലവറയാണ് ബ്രസീലിയൻ ഫുട്‌ബോൾ. ഇമ്പമാർന്ന ഇശൽ പോലെ ഹൃദയത്തെ കീഴടക്കിയ ബ്രസീലിയൻ കളിക്കാരുടെ ശൃംഖലയിലെ അവസാനത്തെ കണ്ണിയാണ് നെയ്മാർ. എന്നാൽ ലോകകപ്പ് ഫുട്‌ബോളിന്റെ രണ്ടാം ക്വാർട്ടർ ഫൈനലിൽ ബെൽജിയം രണ്ടും കൽപിച്ചാണ്. അവരുടെ സുവർണ തലമുറയാണ് ഇത്. ഒന്നിനൊന്ന് മികച്ച കളിക്കാരാണ് ടീമിൽ. രണ്ടിലൊന്ന് വീണേ പറ്റൂ.
ഏത് ടീം ലോകകപ്പിൽ ഏറ്റവുമധികം ഗോളടിക്കുമെന്ന് ടൂർണമെന്റ് തുടങ്ങും മുമ്പ് ചോദിച്ചിരുന്നുവെങ്കിൽ അധികം പേരും പറയുക ബ്രസീൽ എന്നായിരിക്കും. അനർഗളമായ ആക്രമണ ഫുട്‌ബോളിന്റെ പ്രവാഹമാണ് ബ്രസീൽ. ഗോളിനായുള്ള അവരുടെ അടങ്ങാത്ത അലയടിയാണ് കളിയെ ഇത്ര മനോഹരമാക്കിയത്. എന്നാൽ ഈ ലോകകപ്പിൽ ഗോൾവേട്ടയിൽ ബ്രസീൽ അഞ്ചാം സ്ഥാനത്താണ് -ഏഴ് ഗോൾ.
ഒന്നാം സ്ഥാനത്ത് ബെൽജിയമാണ് -12 ഗോൾ. ബ്രസീലിനെ വെല്ലുന്ന ആക്രമണനിരയാണ് ബെൽജിയത്തിന്റേത്. ഈ ബ്രസീൽ ടീമിന്റെ കരുത്ത് പ്രതിരോധത്തിലാണ്. തിയാഗൊ സിൽവ ചുക്കാൻ പിടിക്കുന്ന പ്രതിരോധ നിര കഴിഞ്ഞ 310 മിനിറ്റ് കളിയിൽ ഗോൾ വഴങ്ങിയിട്ടില്ല. ബ്രസീൽ ആകെ വഴങ്ങിയത് ഒരു ഗോളാണ്. നിയന്ത്രണമുള്ള ആക്രമണ നിരയും അച്ചടക്കമുള്ള പ്രതിരോധവും ബ്രസീൽ ടീമിൽ ഒത്തുചേർന്നുവരാറുള്ളത് അപൂർവമായാണ്. ഈ ടീം അതിൽ മുൻപന്തിയിലുണ്ട്.
അതേസമയം, ബെൽജിയം പ്രതിരോധം പലപ്പോഴും ഇളകിയാടി. പ്രി ക്വാർട്ടറിൽ ജപ്പാൻ അവരെ വിറപ്പിച്ചു. എന്നാൽ റൊമേലു ലുകാകുവും എഡൻ ഹസാഡും നയിക്കുന്ന ആക്രമണ നിരക്ക് എത്ര ഗോളും മറികടക്കാനാവുമെന്ന് ആരും സമ്മതിക്കും. എത്ര ചെറിയ സാധ്യതകളും ഗോളവസരമായി തുറന്നെടുക്കാൻ കെൽപുള്ളതാണ് അവരുടെ മധ്യനിര. നാലു ഗോളടിച്ച ലുകാകു ഗോൾഡൻ ബൂട്ടിനുള്ള പട്ടികയിൽ രണ്ടാം സ്ഥാനത്താണ്.
അഞ്ചു തവണ ചാമ്പ്യന്മാരായ ബ്രസീലിനെ മറികടക്കാൻ ബെൽജിയത്തിനാവുമോ? അതിന് അവർ തുടർച്ചയായി അഞ്ചാമത്തെ ലോകകപ്പ് മത്സരം ജയിക്കണം. ഇതുവരെ ബെൽജിയത്തിന് അത് സാധിച്ചിട്ടില്ല. ബ്രസീലും ബെൽജിയവും ലോകകപ്പിൽ ഒരിക്കലേ ഏറ്റുമുട്ടിയിട്ടുള്ളൂ, 2002 ൽ. റിവാൽഡോയും റൊണാൾഡോയും റൊണാൾഡിഞ്ഞോയുമടങ്ങുന്ന ആ ബ്രസീൽ ടീം ഏഴു കളിയും ജയിച്ചാണ് അത്തവണ ലോകകപ്പുയർത്തിയത്. കിരീടത്തിലേക്കുള്ള വഴിയിൽ അവർ വകഞ്ഞുമാറ്റിയ ടീമുകളിലൊന്നാണ് ബെൽജിയം. ആ ചരിത്രം ആവർത്തിക്കാൻ നെയ്മാറും ഫെലിപ്പെ കൗടിഞ്ഞോയും നയിക്കുന്ന ബ്രസീൽ ആക്രമണ നിര മോഹിക്കും. ഇരുവരും ഇതുവരെ മൂന്നു ഗോളിൽ പങ്കാളികളായതിന്റെ ആത്മവിശ്വാസത്തിലാണ്.
സന്തുലിതമാണ് ബ്രസീൽ ടീം. മധ്യനിരയിൽ കസിമീരോയുടെ അഭാവമാണ് അവർക്ക് ഏറ്റവും വലിയ വെല്ലുവിളി. എന്നാൽ പകരം കളിക്കുന്ന ഫെർണാണ്ടിഞ്ഞൊ ഒട്ടും മോശമല്ല. കരുത്തിൽ അൽപം പിറകിലാണെന്ന് മാത്രം. മെക്‌സിക്കോക്കെതിരെ മിന്നുന്ന ഫോമിലായിരുന്ന നെയ്മാറിനെ എങ്ങനെ പിടിച്ചുകെട്ടുമെന്നതാവും ബെൽജിയത്തിന്റെ ആലോചന.
പ്രി ക്വാർട്ടറിൽ ബെൽജിയത്തിന് വലിയ വെല്ലുവിളിയാണ് ജപ്പാൻ ഉയർത്തിയത്. പകരക്കാരായി വന്ന മർവാൻ ഫെലയ്‌നിയും നാസർ ഷാദ്‌ലിയുമാണ് തിരിച്ചുവരാനും വിജയം കൈക്കലാക്കാനും ബെൽജിയത്തെ സഹായിച്ചത്.
ഇരുവരും ഇന്ന് സ്റ്റാർടിംഗ് ലൈനപ്പിൽ സ്ഥാനം പിടിച്ചേക്കും. അതിനായി തന്ത്രത്തിൽ ചെറിയ പരിഷ്‌കാരം വേണ്ടിവന്നേക്കും. ബെൽജിയത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ടീമുകളിലൊന്ന് വലിയ ആത്മവിശ്വാസത്തിലാണ്. വിജയിക്കാനായേക്കും എന്ന ഉറപ്പോടെ ഇതിന് മുമ്പൊരിക്കലും ബ്രസീലിനെ ബെൽജിയം നേരിട്ടിട്ടുണ്ടാവില്ല.
ബ്രസീലിന് ക്വാർട്ടർ ഫൈനൽ പുതുമയല്ല. 1994 ലെ ലോകകപ്പ് മുതൽ ക്വാർട്ടർ കാണാതെ അവർ മടങ്ങിയിട്ടില്ല. 1994 ലും 2002 ലും അവർ ചാമ്പ്യന്മാരായി. 1998 ൽ റണ്ണേഴ്‌സ്അപ്പും.