Sorry, you need to enable JavaScript to visit this website.

കോടികള്‍ തട്ടിയ യുവാവിനെ ബംഗലൂരുവില്‍ തട്ടിക്കൊണ്ടുപോയി

തളിപ്പറമ്പ് - കോടികളുടെ നിക്ഷേപ തട്ടിപ്പ് നടത്തി മുങ്ങിയ യുവാവിനെ  ബംഗലൂരുവില്‍ തട്ടിക്കൊണ്ടുപോയതായി പരാതി. ചപ്പാരപ്പടവ് സ്വദേശിയും തളിപ്പറമ്പ് അമ്മംകുളത്ത് താമസക്കാരനുമായ മുഹമ്മദ് അബിനാസിനെ (23) യാണ് തട്ടിക്കൊണ്ടുപോയത്. ഇത് സംബന്ധിച്ച് അബിനാസിന്റെ മാതാപിതാക്കള്‍ പരാതിയുമായി തളിപ്പറമ്പ് പോലീസിനെ സമീപിച്ചു. കൃത്യം നടന്നത് ബംഗലൂരുവിലായതിനാല്‍ അവിടെ പരാതി നല്‍കാന്‍ പോലീസ് നിര്‍ദ്ദേശം നല്‍കി.
തളിപ്പറമ്പ് കാക്കാത്തോടെ ഷോപ്പിംഗ് കോംപ്ലക്‌സില്‍ 'ലോത്ത് ബ്രോക്ക് കമ്മ്യൂണിറ്റി' എന്ന പേരില്‍ ട്രേഡിംഗ് ബിസിനസ് നടത്തിയാണ് കോടികളുടെ തട്ടിപ്പ് നടത്തിയത്. തളിപ്പറമ്പില്‍ നിരവധി പേരെ നിക്ഷേപ തട്ടിപ്പിന് ഇയാള്‍ ഇരയാക്കിയിരുന്നു. പണം നിക്ഷേപിച്ചാല്‍ 13 ദിവസം കഴിയുമ്പോള്‍ 30 ശതമാനം ലാഭവിഹിതം നല്‍കുമെന്ന വാഗ്ദാനം നല്‍കിയാണ് പണം ശേഖരിച്ചത്. തട്ടിപ്പ് വിവരം പുറത്തു വന്നയുടന്‍ ഇയാള്‍ മുങ്ങുകയായിരുന്നു.  
പോലീസില്‍ പരാതി നല്‍കിയാല്‍ ഒരു രൂപപോലും തിരികെ കിട്ടില്ലെന്ന് ഒളിവിലിരുന്ന് ഇയാള്‍ നിക്ഷേപകരെ ഫോണില്‍ ഭീഷണിപ്പെടുത്തുകയും ചെയ്തു. തട്ടിപ്പിനിരയായ ചിലര്‍ നല്‍കിയ പരാതിയില്‍ കഴിഞ്ഞ വര്‍ഷം ജുലായില്‍ തളിപ്പറമ്പ് പോലീസ് ഇയാള്‍ക്കെതിരെ കേസെടുത്തിരുന്നു. എന്നാല്‍ ഇതുവരെ കണ്ടെത്താനായില്ല.
തളിപ്പറമ്പില്‍നിന്ന് മുങ്ങിയ ശേഷം മാസങ്ങളായി ഇയാള്‍ ബംഗലൂരുവിലാണ് താമസം. അതിനിടെ, ബംഗളൂരുവിലെ ഒരു വന്‍കിട ഹോട്ടലില്‍ അബിനാസിനെ തളിപ്പറമ്പിലെ ചിലര്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ തളിപ്പറമ്പുകാരെ തിരിച്ചറിഞ്ഞ അബിനാസ് തന്റെ സഹായികളെ ഫോണില്‍ വിളിച്ചു വരുത്തി ആഡംബര കാറില്‍ രക്ഷപ്പെടുകയായിരുന്നു. അതിനുശേഷം ദല്‍ഹിയിലും മറ്റും അബിനാസിനെ ചിലര്‍ കണ്ടിരുന്നു. അവിടെയും ഇയാള്‍ ആഡംബര ജീവിതം തന്നെയായിരുന്നു നയിച്ചിരുന്നത്. അബിനാസിനെ തട്ടി ക്കൊണ്ടു പോയത്. പണം നഷ്ടപ്പെട്ട തളിപ്പറമ്പില്‍നിന്നുള്ള ചിലര്‍ തന്നെയാണെന്നു രക്ഷിതാക്കള്‍ പോലീസിനോട് സൂചിപ്പിച്ചിരുന്നു.

 

Latest News