Sorry, you need to enable JavaScript to visit this website.

സൗദിയില്‍നിന്ന് നാട്ടിലേക്ക് തിരിക്കാനിരുന്ന പ്രവാസി കുടുംബത്തിന്റെ പാസ്‌പോര്‍ട്ടുകളും മറ്റും കവര്‍ന്നു

ഖമീസ് മുശൈത്ത്- നാട്ടിലേക്ക് തിരിക്കാനിരുന്ന പ്രവാസി കുടുംബത്തിന്റെ പാസ്‌പോര്‍ട്ടും മറ്റു രേഖകളും കവര്‍ച്ച ചെയ്യപ്പെട്ടു. മംഗളൂരു പുത്തൂര്‍ സ്വദേശി ഉബൈദുല്ലയുടെ കുടുംബത്തിനാണ് യാത്ര മുടങ്ങിയത്.
വാഹനം നിര്‍ത്തി ഭക്ഷണം കഴിക്കാന്‍ പോയപ്പോഴാണ് മൂന്ന് പാസ്‌പോര്‍ട്ടും ആധാര്‍ കാര്‍ഡ്, ബാങ്ക് കാര്‍ഡ് തുടങ്ങി രേഖകളും പണവും സ്വര്‍ണ്ണവും നഷ്ടമായത്. കഴിഞ്ഞ ദിവസം രാത്രി പത്തു മണിക്ക് ഖമീസ് സൂഖിലെ മഖ്ബറക്കടുത്ത് വാഹനം നിര്‍ത്തി ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ പോയതായിരുന്നു. സാപ്‌കോ സ്റ്റാന്റില്‍ നിന്ന് പത്തരയ്ക്കുള്ള ബസ്സിന് ജിദ്ദയിലേയ്ക്ക് പുറപ്പെടാനിരുന്ന ഇവര്‍ വെള്ളിയാഴ്ച രാത്രി ജിദ്ദയില്‍നിന്ന് നാട്ടിലേയ്ക്ക് യാത്ര തിരിക്കേണ്ടതായിരുന്നു.
വ്യാജ താക്കോലുപയോഗിച്ചാണ് കവര്‍ച്ച നടത്തിയത്. നാട്ടിലെ ബാങ്ക് കാര്‍ഡ് ഉപയോഗിച്ച് ഒരു കടയില്‍നിന്ന് സാധനങ്ങള്‍ വാങ്ങാന്‍ ശ്രമിച്ചിട്ടുണ്ട്. ഉബൈദുല്ലയുടെ  ഭാര്യ സാഹിറയും രണ്ട് മക്കളും വിസിറ്റ് വിസയില്‍ രണ്ട് മാസം മുന്‍പാണ് സൗദിയില്‍ എത്തിയത്.
ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റ് വെല്‍ഫയര്‍ അംഗം ഹനീഫ മഞ്ചേശ്വരം പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. പാസ്‌പോര്‍ട്ടും മറ്റ് രേഖകളും ലഭിക്കുന്നവര്‍ +966503777655 എന്ന നമ്പറില്‍ ബന്ധപ്പെടണമെന്നും വിജനമായിടത്ത് കാര്‍ പാര്‍ക്ക് ചെയ്യുന്നത് ഒഴിവാക്കണമെന്നും വാഹനങ്ങളില്‍ ഇത്തരം രേഖകളും വില പിടിപ്പുള്ള സാധനങ്ങളും സൂക്ഷിക്കരുതെന്നും ഹനീഫ മഞ്ചേശ്വരം പറഞ്ഞു.

 

Latest News