നെടുമ്പാശ്ശേരി- വിമാന ജീവനക്കാര്‍ ഒഴികെ 413 സ്ത്രീകളും ഒരു വനിതാ വോളന്റിയറും ഉള്‍പ്പെടെ 414 പേര്‍ സംസ്ഥാന ഹജ് കമ്മിറ്റിക്കു കീഴില്‍ പരിശുദ്ധ ഹജ് കര്‍മ്മം നിര്‍വഹിക്കുന്നതിനായി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍നിന്നു ജിദ്ദയിലെത്തി. ഒരേ മനസ്സും ഒരേ ചിന്തയും ഒരേ ലക്ഷ്യവുമായി ലബ്ബൈക്കല്ലാഹുമ്മ ലബ്ബൈക്ക് എന്ന സൂക്തം ഉരുവിട്ടാണ് നെടുമ്പാശ്ശേരി വഴിയുള്ള ആദ്യ വനിതാ തീര്‍ഥാടക സംഘം പുറപ്പെട്ടത്. തീര്‍ഥാടകര്‍ക്ക് സേവനത്തിനായി നായരമ്പലം പഞ്ചായത്ത് ഓഫീസ് ജീവനക്കാരിയായ കപ്രശ്ശേരിയില്‍ താമസിക്കുന്ന സുനി മോളാണ് ഇവരോടൊപ്പം തിരിച്ചിട്ടുള്ള വനിതാ വോളന്റിയര്‍ .
രാവിലെ പ്രഭാത നമസ്‌കാരാനന്തരം ക്യാമ്പില്‍ നടന്ന പ്രാര്‍ഥനകള്‍ക്കും ഒരുക്കങ്ങള്‍ക്കും ശേഷം പത്ത് മണിയോട് അടുത്ത് തന്നെ ഹജ് കമ്മിറ്റി സജ്ജമാക്കിയ പ്രത്യേക ബസ്സില്‍ തീര്‍
ഥാടകര്‍ വിമാനത്താളത്തിലെത്തിയിരുന്നു. ചെക്കിംഗുകള്‍ക്കു ശേഷം 11.30 ന് സൗദി എയര്‍ലൈന്‍സിന്റെ എസ്‌വി 3783 നമ്പര്‍ വിമാനത്തിലാണ് ഇവര്‍ മക്കയിലേക്ക് തിരിച്ചത്. ബോര്‍ഡിംഗ് പാസ് വിതരണം തലേദിവസം തന്നെ പൂര്‍ത്തിയാക്കിയിരുന്നു. പാണക്കാട് ബഷീറലി ശിഹാബ് തങ്ങളാണ് വിതരണോദ്ഘാടനം നിര്‍വഹിച്ചത്.
അന്‍വര്‍ സാദത്ത് എം.എല്‍.എ, സംസ്ഥാന ഹജ് കമ്മിറ്റിയംഗം സഫര്‍ എ കയാല്‍, തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി, ഹജ് കമ്മിറ്റി കോഡിനേറ്റര്‍ ടി.കെ സലീം, ഹജ് സെല്‍ ഓഫീസര്‍ എം.ഐ ഷാജി എന്നിവര്‍ യാത്രാ മംഗളങ്ങള്‍ നേര്‍ന്നു.