നെടുമ്പാശ്ശേരി- പത്ത് മാസമായി നൈജീരിയയില്‍ തടവിലായിരുന്ന കപ്പല്‍ ജീവനക്കാരായ മലയാളികള്‍ നാട്ടില്‍ തിരിച്ചെത്തി. എറണാകുളം മുളവുകാട് സ്വദേശിയായ മില്‍ട്ടന്‍ ഡിക്കോത്ത, ഇളംകുളം കുമാരനാശാന്‍ നഗര്‍ സ്വദേശി സനു ജോസ്, കൊല്ലം സ്വദേശി വിജീഷ് എന്നിവരാണ് ഇന്നലെ ഉച്ചക്ക് ഒന്നരയോടെ നെടുമ്പാശ്ശേരി രാജ്യാന്തര വിമാനത്താവളത്തില്‍ എത്തിയത്. ഹൈബി ഈഡന്‍ എം.പി, അന്‍വര്‍ സാദത്ത് എം.എല്‍.എ എന്നിവരുടെ നേതൃത്വത്തില്‍ ജനപ്രതിനിധികളും കുടുംബാംഗങ്ങളും സുഹൃത്തുക്കളും ചേര്‍ന്ന് ഇവരെ സ്വീകരിച്ചു.
കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 12 നാണ് ക്രൂഡ് ഓയില്‍ ടാങ്കറായ ഹീറോയിക് ഐഡന്‍ എന്ന കപ്പല്‍ നൈജീരിയന്‍ നേവിയുടെ പിടിയിലാകുന്നത്. തടവില്‍ താമസിപ്പിച്ചിരുന്നത് കപ്പലില്‍ തന്നെയായിരുന്നെന്ന് മടങ്ങിയെത്തിയവര്‍ വിമാനത്താവളത്തില്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. തടവിലാക്കപ്പെട്ട് ഏതാനും ദിവസം കഴിഞ്ഞപ്പോള്‍ നാട്ടിലേക്ക് മടങ്ങിവരാനാകുമെന്ന തങ്ങളുടെ പ്രതീക്ഷ അസ്തമിച്ചുപോയെന്നും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെയും ജനപ്രതിനിധികളുടെയും സഹായം കൊണ്ടാണ് മടങ്ങിവരാന്‍ കഴിഞ്ഞതെന്നും ഇവര്‍ പറഞ്ഞു. ഇതിന് ദൈവത്തിന് നന്ദി പറയുന്നതായും ഇവര്‍ പറഞ്ഞു. കുടുംബത്തെ ഓര്‍ത്തായിരുന്നു ഏറ്റവും കൂടുതല്‍ വിഷമം. എന്നാല്‍ ഓരോ തവണ ഫോണ്‍ ചെയ്യുമ്പോഴും എല്ലാവരും കൂടെയുണ്ടെന്നും എല്ലാ പരിശ്രമങ്ങളും നടത്തുന്നുണ്ടെന്നുമാണ് വീട്ടില്‍നിന്നു അറിയിച്ചു കൊണ്ടിരുന്നത്. ഇത് തങ്ങള്‍ക്ക് ഏറെ ആത്മവിശ്വാസം നല്‍കുന്നതായിരുന്നു. അന്വേഷണവുമായി നന്നായി സഹകരിച്ചിരുന്നത് കൊണ്ട് കപ്പലില്‍ തന്നെ തടവില്‍ കഴിഞ്ഞാല്‍ മതിയെന്ന് നൈജീരിയന്‍ നേവി കോടതിയെ അറിയിച്ചത് കൊണ്ടാണ് അതിന് അനുമതി ലഭിച്ചതെന്നും ഇവര്‍ പറഞ്ഞു. 16 ഇന്ത്യക്കാരും എട്ട് ശ്രീലങ്കക്കാരും ഒരു ഫിലിപ്പിനോ, ഒരു പോളിഷ് പൗരന്‍ എന്നിവരുടങ്ങുന്ന 26 പേരാണ് ഈ കപ്പലില്‍ തടവുകാരായി കഴിഞ്ഞിരുന്നത്. നേവി ഉദ്യോഗസ്ഥര്‍ വളരെ നന്നായിട്ടാണ് തങ്ങളെ പരിഗണിച്ചതെന്നും അവരില്‍ നിന്നു യാതൊരു മോശം അനുഭവവും ഉണ്ടായില്ലെന്നും ഇവര്‍ പറഞ്ഞു. എങ്കിലും ചില ഘട്ടങ്ങളില്‍ ഭക്ഷണത്തിനും കുടിവെള്ളത്തിനും ഏറെ കഷ്ടപ്പെട്ടു. ഇടക്ക് മലേറിയ പിടിപെട്ടതും ആശങ്കപ്പെടുത്തിയെന്നും ഇവര്‍ പറഞ്ഞു.
തല്‍ക്കാലം കുടുംബത്തോടൊപ്പം കഴിയാനാണ് ആഗ്രഹിക്കുന്നതെന്നും ഇനി മടങ്ങി പോകുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്നും ഇവര്‍ പറഞ്ഞു. തങ്ങള്‍ക്കെതിരെ ആദ്യം വലിയ അന്വേഷണം നടന്നതെങ്കിലും നിരപരാധികളാണെന്ന് ബോധ്യപ്പെടുകയായിരുന്നു. അവസാനം സമുദ്രാതിര്‍ത്തി ലംഘിച്ചതിന്റെ പേരിലുള്ള കുറ്റം ചുമത്തി പിഴ ഈടാക്കി വിട്ടയക്കുകയായിരുന്നെന്നും ഇവര്‍ പറഞ്ഞു. ഇതേ കപ്പല്‍ ഓടിച്ചാണ് തങ്ങള്‍ നൈജീരിയയില്‍നിന്നു ദക്ഷിണാഫ്രിക്കയിലെ കേപ് ടൗണില്‍ എത്തിയത്. അവിടെ നിന്നാണ് നാട്ടിലേക്ക് മടങ്ങിയത്. മൂന്ന് പേരുടെയും മാതാപിതാക്കളും ഭാര്യമാരും മക്കളും ബന്ധുക്കളും അടങ്ങുന്ന സംഘമാണ് സ്വീകരിക്കാന്‍ എത്തിയിരുന്നത്.