Sorry, you need to enable JavaScript to visit this website.

യൂണിയന്‍ തെരഞ്ഞെടുപ്പില്‍ ആള്‍മാറാട്ടം, കാട്ടാക്കട ക്രിസ്ത്യന്‍ കോളജിന് ഒന്നര ലക്ഷത്തിലേറ രൂപ പിഴ

തിരുവനന്തപുരം - കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ യൂണിവേഴ്‌സിറ്റി യൂണിയന്‍ കൗണ്‍സിലര്‍ സ്ഥാനത്തേക്കുള്ള ആള്‍മാറാട്ടവുമായി ബന്ധപ്പെട്ട്  കാട്ടാക്കട ക്രിസ്ത്യന്‍ കോളജിന് ഒന്നര ലക്ഷത്തിലേറ രൂപ പിഴയിട്ടു. 1,55,938 രൂപ പിഴയായി ഈടാക്കാന്‍ സര്‍വകലാശാല സിന്‍ഡിക്കേറ്റ് യോഗം തീരുമാനിക്കുകയായിരുന്നു. പ്രായപരിധി കഴിഞ്ഞവരും നിയമാനുസൃതമായി മത്സരിക്കാന്‍ യോഗ്യതയില്ലാത്തവരുമായ 39 യൂണിയന്‍ കൗണ്‍സിലര്‍മാര്‍ അയോഗ്യരെന്നും സര്‍വകലാശാല സിന്‍ഡിക്കേറ്റ് കണ്ടെത്തി. ഇവരുടെ പേരുകള്‍ വോട്ടര്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്യും. കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ യു യു സി സ്ഥാനത്തേയ്ക്ക് വിജയിച്ച അനഘ എന്ന വിദ്യാര്‍ത്ഥിനിയ്ക്ക് പകരമായി എസ് എഫ് ഐ കാട്ടാക്കട ഏരിയാ സെക്രട്ടറിയായിരുന്ന വിശാഖിന്റെ പേര് ഉള്‍പ്പെടുത്തുകയായിരുന്നു. പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് ജി ജെ ഷൈജുവിന് തട്ടിപ്പില്‍ പങ്കുണ്ടെന്ന് തെളിഞ്ഞതോടെ തത്സ്ഥാനത്ത് നിന്ന് നീക്കിയിരുന്നു. തെരഞ്ഞെടുപ്പില്‍ വിജയിച്ച അനഘ രാജി സന്നദ്ധത അറിയിച്ചതിനാലാണ് വിശാഖിന്റെ പേര് ഉള്‍പ്പെടുത്തിയ ലിസ്റ്റ് സര്‍വകലാശാലയ്ക്ക് കൈമാറിയതെന്നായിരുന്നു പ്രിന്‍സിപ്പലിന്റെ വിശദീകരണം. എന്നാല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള പ്രായപരിധി കഴിഞ്ഞതിനാല്‍ പത്രിക സമര്‍പ്പിക്കാനാകാത്ത വിശാഖിനെ പട്ടികയില്‍ ഉള്‍പ്പെടുത്തിയത് ഗുരുതര വീഴ്ചയാണെന്ന് സര്‍വ്വകലാശാല കണ്ടെത്തിയിരുന്നു, നിലവില്‍ വിശാഖിനും മുന്‍ പ്രിന്‍സിപ്പലിനുമെതിരെ ആള്‍മാറാട്ടം, വ്യാജരേഖ ചമയ്ക്കല്‍, വിശ്വാസ വഞ്ചന എന്നീ വകുപ്പുകള്‍ ചുമത്തി കാട്ടാക്കട പൊലീസ് കേസെടുത്തിരുന്നു.

Latest News