- നടന്നത് ഗ്രൂപ്പ് യോഗമല്ല, സീനിയർ നേതാക്കളുടെ ആശയവിനിമയം
കോഴിക്കോട് - പാർട്ടി ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റുമാരുടെ പുന:സംഘടനയിൽ കടുത്ത പ്രതികരണവുമായി കോൺഗ്രസ് നേതാവും കോഴിക്കോട് എം.പിയുമായ എം.കെ രാഘവൻ. പുന:സംഘടനയിൽ ഒരു കൂടിയാലോചനയുമുണ്ടായില്ലെന്നും പറഞ്ഞവാക്കുളൊന്നും പാലിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എ.ഐ.സി.സിയുടെ സംഘടനാ ചുമതലയുള്ള ജനറൽസെക്രട്ടറി കെ.സി വേണുഗോപാലിന്റെ വീട്ടിൽ വെച്ച് നടന്ന നിർണായക ചർച്ചയിലും വയനാട്ടിൽ വെച്ചു നടന്ന ലീഡേഴ്‌സ മീറ്റിലും പറഞ്ഞ ഒരു കാര്യവും പുനസംഘടനയിൽ പാലിച്ചില്ലെന്ന് അദ്ദേഹം പറഞ്ഞു.
ബ്ലോക്ക് പ്രസിഡന്റുമാരെ തെരഞ്ഞെടുക്കുമ്പോൾ അതത് പാർല്ലമെന്റ് മണ്ഡലത്തിലെ എം.പിമാരുമായി കൂടിയാലോചിക്കുമെന്ന് പറഞ്ഞിരുന്നു. അതുണ്ടായില്ല. എ.ഐ.സി.സി സംഘടനാ ജനറൽസെക്രട്ടറിയുമായുള്ള കൂടിയാലോചനയിൽ തീരുമാനിച്ചതും നടന്നില്ല. കേരളത്തിന്റെ സംഘടനാ ചുമതലയുള്ള ജനറൽസെക്രട്ടറി താരീഖ് അൻവ്വറിന് രണ്ടുവർഷമായി കൊടുത്ത ഒരു പരാതിയിലും ഒരു നടപടിയും ഉണ്ടായില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഇന്നലെ തിരുവനന്തപുരത്ത് നടന്നത് കോൺഗ്രസ് ഗ്രൂപ്പ് യോഗമല്ലെന്നും സീനിയർ നേതാക്കൾ തമ്മിലുള്ള ആശയവിനിമയം മാത്രമാണെന്നും ഇത് പലപ്പോഴും പാർട്ടിയിൽ ഉണ്ടാകാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. യോഗത്തിന് ഗ്രൂപ്പ് നിറം ചാർത്തേണ്ടതില്ല. നീതി കിട്ടാത്തതാണ് പ്രശ്‌നം. പാർട്ടിയിൽ ഏകപക്ഷീയമായല്ല തീരുമാനം എടുക്കേണ്ടത്. ചർച്ച നടത്തിയാൽ ഒരു പ്രശ്‌നവും ഉണ്ടാകില്ല. ഒരു കൂടിയാലോചനയും നടന്നില്ലെന്നും അതിനാലാണ് കോൺഗ്രസ് ഹൈക്കമാൻഡിനെ കാണാൻ തീരുമാനിച്ചതെന്നും ഈ രീതിയിൽ പാർട്ടി ലോക്‌സഭാ തെരഞ്ഞെടുപ്പിലേക്ക് നീങ്ങിയാൽ പ്രതീക്ഷിച്ച ഫലം ലഭിക്കില്ലെന്നും അദ്ദേഹം മാധ്യമങ്ങളുടെ ചോദ്യങ്ങളോടായി പ്രതികരിച്ചു.