Sorry, you need to enable JavaScript to visit this website.

'മുഖ്യമന്ത്രി അമേരിക്കയിൽ നിന്ന് വിളിക്കുമ്പോൾ പേടിച്ചുവെന്ന് പറയണം': വിജിലൻസ് അന്വേഷണത്തിൽ വി.ഡി സതീശൻ

കൊച്ചി - തനിക്കെതിരായ വിജിലൻസ് അന്വേഷണത്തിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിക്കൂട്ടിലായപ്പോൾ ഉണ്ടായതാണ് ഇപ്പോഴത്തെ അന്വേഷണമെന്നും മുഖ്യമന്ത്രി അമേരിക്കയിൽ നിന്ന് വിളിക്കുമ്പോൾ താൻ പേടിച്ചുവെന്ന് പറയണമെന്നും അദ്ദേഹം പരിഹസിച്ചു.
 പുനർജനി പദ്ധതിക്കായി വിദേശപണപ്പിരിവ് നടത്തിയെന്ന പരാതിയിൽ വിജിലൻസ് കേസിനെ എതിർക്കുന്നില്ല. ധൈര്യമുണ്ടെങ്കിൽ അന്വേഷണം നടത്താൻ താൻ നിയമസഭയിൽ വെല്ലുവിളിച്ചതാണ്. അതിനാൽ അന്വേഷണം നടക്കട്ടെ. ഏതന്വേഷണത്തോടും സഹകരിക്കും. എന്നാൽ, ആരോപണത്തിൽ കഴമ്പില്ലെന്ന് മുഖ്യമന്ത്രിക്കുതന്നെ നേരത്തെ ബോധ്യപ്പെട്ടതാണ്. പരാതി ആദ്യം ആഭ്യന്തര വകുപ്പ് അന്വേഷിച്ച് കഴമ്പില്ലെന്ന് കണ്ടെത്തിയതാണ്. തുടർന്ന് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി ഹൈക്കോടതി നോട്ടീസ് പോലും അയക്കാതെ തള്ളിയതാണെന്നും സതീശൻ ഓർമിപ്പിച്ചു. 
 ഇപ്പോൾ ഈ കേസ് എന്തിനെന്ന് എല്ലാവർക്കും അറിയാം. മുഖ്യമന്ത്രി ലോകമഹാസഭാ പിരിവിന്റെ പേരിൽ പ്രതിക്കൂട്ടിലാണ്. അസഹിഷ്ണുതയാണ് മുഖ്യമന്ത്രിക്ക്. നരേന്ദ്ര മോഡിയെ വിമർശിച്ചതിനു രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയപോലുള്ള നീക്കമാണ് പിണറായി വിജയനിപ്പോൾ കേരളത്തിൽ നടത്തുന്നത്. 
 കെ ഫോണിൽ ചൈനീസ് കേബിളാണെന്ന് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി തന്നെ സമ്മതിക്കുന്നുണ്ട്. കേബിളിന് നിലവാരം കുറവാണെന്നു പറഞ്ഞത് പ്രതിപക്ഷമല്ല, കെ ഫോണിന്റെ പാർട്ട്ണറായ കെ.എസ്.ഇ.ബിയാണ്. കേബിൾ ഇടപാടിൽ വൻ അഴിമതി നടന്നു.
ഉന്നത വിദ്യാഭ്യാസ രംഗം പൊതുസമൂഹത്തിനു മുന്നിൽ അപമാനിക്കപ്പെട്ടു. പി.എസ് സി പരീക്ഷയിൽ വരെ ആൾമാറാട്ടം നടത്തിയവരാണ് എസ്.എഫ്.ഐക്കാർ പോലീസിന്റെ കൈയ്യും കാലും കെട്ടിയിരിക്കയാണ്. കോടതിയും പോലീസും എല്ലാം പാർട്ടി തന്നെ.
പരീക്ഷാ വിവാദത്തിൽ പ്രതികളെ അറസ്റ്റ്‌ചെയ്തിട്ടില്ല. ഈ വിഷയത്തിൽ മഹാരാജാസ് പ്രിൻസിപ്പൽ മറുപടി പറയണം. എൻ ഐ സി തെറ്റുവരുത്താറുണ്ടെങ്കിൽ ആർഷോ വിജയിച്ച മാർക്ക് ലിസ്റ്റ് കോളജിന്റെ വെബ് സൈറ്റിൽ എങ്ങനെ വന്നുവെന്ന് പ്രിൻസിപ്പൽ പറയണം. വിദ്യക്കു വ്യാജ സർട്ടിഫിക്കറ്റിനുവേണ്ടി സഹായം ചെയ്തത് ആർഷോ ആണ്. പി എച്ച് ഡി സംവരണമില്ലെന്നു മുൻ വി സി ധർമരാജ് അടാട്ട് പറഞ്ഞത് തെറ്റാണെന്നു തെളിഞ്ഞു. വ്യാജ സർട്ടിഫിക്കറ്റ് ഉണ്ടാക്കിക്കൊടുത്തത് ആരാണെന്നു പുറത്തുവരണമെന്നും വി ഡി സതീശൻ ആവശ്യപ്പെട്ടു.

Latest News