Sorry, you need to enable JavaScript to visit this website.

പ്രമുഖ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ ഫൈസറിന്റെ മേധാവികളുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി

മുഖ്യമന്ത്രി പിണറായി വിജയന്‍ ന്യൂയോര്‍ക്കില്‍ ഫൈസര്‍ കമ്പനി മേധാവികളുമായി കൂടിക്കാഴ്ച നടത്തുന്നു

ന്യൂയോര്‍ക്ക് - അമേരിക്കയിലെ പ്രമുഖ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ ഫൈസറിന്റെ മേധാവികളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ കൂടിക്കാഴ്ച നടത്തി. ചെന്നൈയിലുള്ള ഫൈസറിന്റെ ഗവേഷണ കേന്ദ്രത്തിന്റെ ഒരു ശാഖ കേരളത്തില്‍ തുടങ്ങുന്നതുമായി ബന്ധപ്പെട്ട പ്രാരംഭ ചര്‍ച്ചകള്‍ നടന്നെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ലോക കേരള സഭാ സമ്മേളനം നടക്കുന്ന ന്യൂയോര്‍ക്കിലെ മാരിയറ്റ് മര്‍ക്വേ ഹോട്ടലില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച. ഫൈസര്‍ സീനിയര്‍ വൈസ് പ്രസിഡന്റുമാരായ ഡോ.രാജാ മന്‍ജിപുടി, ഡോ.കണ്ണന്‍ നടരാജന്‍, ഡോ.സന്ദീപ് മേനോന്‍ എന്നിവരാണ് മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയില്‍ പങ്കെടുത്തത്. ബയോടെക്നോളജി, ബയോ ഇന്‍ഫോമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ് തുടങ്ങിയ മേഖലയിലുള്ള കേരളത്തിലെ ഗവേഷണ സമ്പത്ത് ഫലപ്രദമായി എങ്ങനെ ഉപയോഗിക്കാമെന്ന് സംഘം ചര്‍ച്ച ചെയ്തതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.  അടുത്തിടെ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത ഡിജിറ്റല്‍ സയന്‍സ് പാര്‍ക്കുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാനുള്ള താല്‍പര്യവും ഫൈസര്‍ പ്രതിനിധികള്‍ പങ്കുവെച്ചു. സെപ്തംബറിനകം ഫൈസറിന്റെ ഉന്നത ഉദ്യോഗസ്ഥരുടെ പ്രതിനിധി സംഘം സംസ്ഥാനം സന്ദര്‍ശിക്കും. മുഖ്യമന്ത്രിക്ക് പുറമേ ചീഫ് സെക്രട്ടറി വിപി ജോയി, പ്രിന്‍സിപ്പല്‍ സെക്രട്ടറി സുമന്‍ ബില്ല, ഡോ ജോണ്‍ ബ്രിട്ടാസ് എംപി, ഐ.ടി സെക്രട്ടറി ഡോ. രത്തന്‍ യു ഖേല്‍ക്കര്‍, സ്നേഹില്‍ കുമാര്‍ സിങ്ങ്, സ്റ്റാര്‍ട്ടപ്പ് മിഷന്‍ സിഇഒ അനൂപ് അംബിക എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്.

 

Latest News