കണ്ണൂര്‍ - 'സാര്‍, ഇവിടെയുള്ളവരൊക്കെ നല്ല ആള്‍ക്കാര്‍, എനിക്ക് ഈ പോലീസ് സ്റ്റേഷനില്‍ ഒരു ജോലി തരുമോ'. കണ്ണൂരില്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസിന് തീയിട്ട പ്രതിയുടെ ആവശ്യം കേട്ട് പോലീസുകാര്‍ ഞെട്ടി. കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ട പ്രതി ബംഗാള്‍ സ്വദേശിയായ പ്രസോണ്‍ജിത്ത് സിക്ദറാണ് തനിക്ക് പോലിസ് സ്‌റ്റേഷനില്‍ ജോലി വേണമെന്ന ആവശ്യം ഉന്നയിച്ചത്. ഇയാളെ കഴിഞ്ഞ ദിവസം സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുത്തിരുന്നു. ജയിലിനെക്കുറിച്ചും നല്ല അഭിപ്രായമാണ് പ്രസോണ്‍ജിത്തിനുള്ളത്. സ്‌പെഷ്യല്‍ ജയിലില്‍ നല്ല ഭക്ഷണവും കിടക്കാനുള്ള സൗകര്യവുമുണ്ടെന്നാണ് ഇയാള്‍ പോലീസുകാരോട് പറഞ്ഞത്.
അതേസമയം ബംഗാളിലെ ഇയാളുടെ വീട്ടില്‍ അന്വേഷണത്തിനായി പോയ പോലീസ് ഉദ്യോഗസ്ഥരോട് പ്രസോണ്‍ജിത്തിന് മാനസിക പ്രശ്‌നങ്ങളുണ്ടെന്ന് ഇയാളുടെ പിതാവ് പറഞ്ഞു.വീട്ടില്‍ സ്ഥിരമായി താമസിക്കാതെ പലയിടങ്ങളിലും കറങ്ങി നടക്കുന്ന സ്വഭാവമാണ്. ഒരു ദിവസം വീട്ടിനകത്ത് ഹോമകുണ്ഡമുണ്ടാക്കി റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, കുടുംബാംഗങ്ങളുടെ തിരിച്ചറിയല്‍ രേഖകള്‍ എന്നിവ അതിലിട്ട് കത്തിച്ചതായും പ്രസോണ്‍ജിത്തിന്റെ കുടുംബം വെളിപ്പെടുത്തി. ഇക്കഴിഞ്ഞ മെയ് 31 ന് രാത്രിയാണ് കണ്ണൂരില്‍ നിര്‍ത്തിയിട്ടിരുന്ന എക്‌സിക്യൂട്ടീവ് എക്‌സ്പ്രസിന്റെ ഒരു കോച്ച് തീയിട്ട് നശിപ്പിച്ചത്.
ട്രെയിനിന്റെ കൂടുതല്‍ ബോഗികള്‍ കത്തിക്കാന്‍ ശ്രമിച്ചതായി പ്രസോണ്‍ജിത്ത് കഴിഞ്ഞ ദിവസം പോലീസിന് മൊഴി നല്‍കിയിരുന്നു. ട്രെയിനിന്റെ 19ാം മ്പര്‍ കോച്ചും സമാനമായി കത്തിക്കാന്‍ ശ്രമിച്ചിരുന്നുവെന്നും അതിനായി പ്ലാസ്റ്റിക് കുപ്പി കത്തിച്ച് ഈ സീറ്റിലേക്ക് ഇട്ടിരുന്നുവെന്നും ഇയാള്‍ നല്‍കിയ മൊഴിയില്‍ പറയുന്നു.എന്നാല്‍ തീ പടര്‍ന്നില്ല. ട്രെയിനിന്റെ 17ാമത്തെ കോച്ച് കത്തിച്ചത് ഷൂസിന് തീകൊളുത്തിയാണെന്നും ഇയാളുടെ മൊഴിയിലുണ്ട്.