റിയാദ് - സൗദിവൽക്കരണം വർധിപ്പിക്കുന്നതിനുള്ള ശ്രമങ്ങളും പദ്ധതികളും തൊഴിൽ, സാമൂഹിക വികസന മന്ത്രാലയവും ബന്ധപ്പെട്ട വകുപ്പുകളും എക്കാലത്തെക്കാൾ കൂടുതലായി ഊർജിതമാക്കിയിട്ടും സ്വദേശികൾക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് 12.9 ശതമാനമായി ഉയർന്നതായി ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്‌സ് കണക്കുകൾ വ്യക്തമാക്കുന്നു.
മാർച്ച് 31 ന് അവസാനിച്ച ഈ വർഷം ആദ്യ പാദാവസാനത്തെ കണക്കുകൾ പ്രകാരം സൗദികൾക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് 12.9 ശതമാനമാണ്. വനിതകൾക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് 30.9 ശതമാനമായി കുറയുകയും പുരുഷന്മാർക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് 7.6 ശതമാനമായി ഉയരുകയും ചെയ്തു. കഴിഞ്ഞ വർഷം അവസാന പാദത്തിൽ വനിതകൾക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് 31 ശതമാനവും പുരുഷന്മാർക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് 7.5 ശതമാനവുമായിരുന്നു.
കഴിഞ്ഞ വർഷം അവസാന പാദത്തിലും മൂന്നാം പാദത്തിലും രണ്ടാം പാദത്തിലും തൊഴിലില്ലായ്മ നിരക്ക് 12.8 ശതമാനമായിരുന്നു. പെട്രോളിതര മേഖലയുടെ വളർച്ചയും സ്വദേശികൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും ലക്ഷ്യമിട്ടുള്ള സാമ്പത്തിക പരിഷ്‌കരണ പദ്ധതികളുമായി സർക്കാർ മുന്നോട്ടുപോവുകയാണ്. എന്നാൽ ബജറ്റിലെ കമ്മി കുറക്കുന്നതിന് ലക്ഷ്യമിട്ട് നികുതികൾ ഉയർത്തിയതും ചെലവു ചുരുക്കൽ നടപടികൾ സ്വീകരിച്ചതും സ്വകാര്യ മേഖലയിലെ നിരവധി തൊഴിലുടമകളെ പ്രതികൂലമായി ബാധിക്കുകയാണ്.
ഈ വർഷം ആദ്യ പാദത്തിലെ കണക്കുകൾ പ്രകാരം സൗദിയിൽ ആകെ 1,33,33,513 പേർ തൊഴിലെടുക്കുന്നുണ്ട്. കഴിഞ്ഞ വർഷം അവസാന പാദത്തിൽ ആകെ തൊഴിലാളികൾ 1,35,81,141 ആയിരുന്നു. ഈ കൊല്ലം ആദ്യ പാദത്തിൽ തൊഴിൽ രഹിതരുടെ എണ്ണത്തിൽ 5,715 പേരുടെ വർധനവുണ്ടായി. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം 7,78,900 ഓളം സ്വദേശികൾ തൊഴിൽ രഹിതരാണ്. കഴിഞ്ഞ വർഷം അവസാന പാദത്തിൽ തൊഴിൽ രഹിതർ 7,73,200 ഓളം ആയിരുന്നു. എന്നാൽ ഉദ്യോഗാർഥികളുടെ എണ്ണത്തിൽ 14,399 പേരുടെ കുറവുണ്ടായി. ഈ വർഷം അവസാന പാദത്തിലെ കണക്കുകൾ പ്രകാരം 10,70,000 ഓളം ഉദ്യോഗാർഥികളാണുള്ളത്. കഴിഞ്ഞ വർഷം അവസാന പാദത്തിൽ ഉദ്യോഗാർഥികൾ 10,90,000 ഓളം ആയിരുന്നു. ഉദ്യോഗാർഥികളെല്ലാവരും തൊഴിൽ രഹിതരായിരിക്കില്ല.
സ്വകാര്യ സ്ഥാപനങ്ങളിലും മറ്റും ജോലി ചെയ്യുന്നവരുടെ കൂട്ടത്തിൽ കൂടുതൽ മെച്ചപ്പെട്ട തൊഴിലുകൾക്ക് ശ്രമിക്കുന്നവരുണ്ടാകും. ഇത്തരക്കാരെ ഉദ്യോഗാർഥികളുടെ കണക്കിൽ ഉൾപ്പെടുത്തുന്നുണ്ട്. എന്നാൽ ഇവരെ തൊഴിൽ രഹിതരുടെ ഗണത്തിൽ ഉൾപ്പെടുത്തില്ല.