കണ്ണൂർ- കണ്ണൂർ റെയിൽവേ സ്റ്റേഷൻ യാഡിൽ നിർത്തിയിട്ടിരുന്ന കണ്ണൂർ ആലപ്പുഴ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസിന് തീവെച്ച കേസിലെ പ്രതിയുടെ മൊഴിയിൽ വൻ വൈരുദ്ധ്യം. കേസിലെ പ്രതി പശ്ചിമ ബംഗാൾ സ്വദേശി പ്രസോൺജിത്ത് സിഗ്ദറിനെ തെളിവെടുപ്പിനായി കൊണ്ടുവന്നപ്പോഴാണ് നേരത്തെ നൽകിയതിൽ നിന്നു കടകവിരുദ്ധമായ മൊഴി മാറ്റുന്നത്. അന്വേഷണം വഴിതിരിച്ചു വിടാനുള്ള ശ്രമമാണോ മൊഴി മാറ്റത്തിന് പിന്നിലെന്ന സംശയം ഉയർന്നിട്ടുണ്ട്.
നേരത്തെ, ഭിക്ഷയെടുക്കാൻ അനുവദിക്കാത്തതിലെ വിരോധമാണ് തീവെപ്പിന് കാരണമെന്നും, സംഭവ ദിവസം നേരെ ബോഗിയിൽ കയറി തീയിടുകയായിരുന്നെന്നുമായിരുന്നു ഇയാൾ മൊഴി നൽകിയിരുന്നത്. എന്നാൽ തെളിവെടുപ്പിനായി കൊണ്ടുവന്നപ്പോൾ മൊഴി അപ്പാടെ മാറ്റി.
തീവണ്ടിയുടെ 19ാം നമ്പർ ബോഗിക്ക് തീവെക്കാനാണ് ആദ്യം ശ്രമിച്ചതെന്നും എന്നാൽ ജനൽ തകർത്ത് ഇതിനുള്ളിൽ തീയിടാൻ കഴിയാത്തതിനാലാണ് 17ാം നമ്പർ ബോഗിയിൽ തെക്കുഭാഗത്തെ വാതിലിലൂടെ കയറിയതെന്നും മൊഴി മാറ്റി.
ജനൽചില്ല കല്ലു കൊണ്ട് ഇടിച്ചു തകർത്തശേഷം അവിടെ കണ്ട ഒരു ലേഡീസ് ഷൂ കത്തിച്ച് സീറ്റിന് മുകളിൽ വെച്ചാണ് തീവെപ്പുണ്ടാക്കിയ തെന്നാണ് ഇയാൾ നൽകിയ മൊഴി. എന്നാൽ ഫോറൻസിക് സംഘം രണ്ടു തവണ നടത്തിയ പരിശോധനകളിലും, കത്തിയ ഷൂവിന്റെ യാതൊരു അവശിഷ്ടവും കണ്ടെത്താനായിട്ടില്ല. മാത്രമല്ല, ഒരു ഷൂ കത്തിച്ചു വെച്ചാൽ ഇത്ര വലിയ തീപ്പിടിത്തം ഉണ്ടാവാൻ സാധ്യതയില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. അതുകൊണ്ടു തന്നെ ഇയാളുടെ മൊഴി പൂർണമായും പോലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. കണ്ണൂർ ബി.പി.സി.എൽ എണ്ണ സംഭരണശാലക്ക് സമീപമെത്തിയപ്പോൾ അവിടത്തെ ജീവനക്കാരൻ വിരട്ടിയോടിച്ചതും തീവെപ്പിനുള്ള പ്രകോപനമായി പ്രസോൺജിത്ത് പറയുന്നു.
ആദ്യത്തെ ബോഗിക്ക് തീയിട്ട ശേഷം മറ്റൊരു ബോഗി കൂടി കത്തിക്കാൻ ശ്രമിച്ചിരുന്നുവെന്നും, എന്നാൽ തീ കണ്ട് ആളുകൾ ഓടിക്കൂടിയതിനാൽ ആ ശ്രമം വിഫലമായെന്നും പ്രതി പുതുതായി മൊഴി നൽകിയിട്ടുണ്ട്. വനിതാ കമ്പാർട്ട്‌മെന്റിൽ കയറി പ്ലാസ്റ്റിക് കുപ്പി കത്തിച്ച് സീറ്റിന് അടിയിലേക്ക് എറിഞ്ഞുവെന്നും, കുപ്പിയുടെ തീ അണഞ്ഞതിനാൽ സീറ്റ് കത്തിയില്ലെന്നും പ്രതി നൽകിയ മൊഴിയിൽ പറയുന്നു. മാത്രമല്ല, സംഭവത്തിന് ശേഷം ആയിക്കരയിലേക്ക് പോയി അവിടത്തെ ഒരു കടയിൽനിന്ന് ബീഡി വാങ്ങിച്ചതായും മൊഴി നൽകിയിരുന്നു. ഇക്കാര്യം പരിശോധിക്കാൻ പ്രതിയെ ആയിക്കരയിലെത്തിച്ച് തെളിവെടുപ്പ് നടത്തി.
പ്രതി ആദ്യമെത്തിയ തലശ്ശേരിയിലും എത്തിച്ച് തെളിവെടുത്തു.
പ്രസോൺ ജിത്തിന് ബംഗാളി രാജാബീഡി സ്ഥിരമായി വലിക്കുന്ന സ്വഭാവമുണ്ട്. തലശേരിയിൽ നിന്നും ബീഡിയും തീപ്പെട്ടിയും വാങ്ങിയാണ് കാൽനടയായി കണ്ണൂരിൽ എത്തി യത്. ഇക്കാര്യം അന്വേഷണ സംഘം നേരത്തെ സ്ഥിരീകരിച്ചിരുന്നു.
വസ്തുക്കൾക്ക് തീയിടുന്ന വിചിത്ര സ്വഭാവം പ്രസോൺ ജിത്തിനുണ്ടെന്ന വിവരം പോലീസിന് ലഭിച്ചിട്ടുണ്ട്. കൊൽക്കത്തയിൽ നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം വ്യക്തമായത്. നേരത്തെ ജന്മനാട്ടിൽ സ്വന്തം ആധാർ കാർഡ് ഉൾപ്പെടെ ഇയാൾ തീവെച്ച് നശിപ്പിച്ചിട്ടുണ്ട്. മാത്രമല്ല, കണ്ണൂരിൽ മാസങ്ങൾക്ക് മുമ്പ് റെയിൽവെ സ്റ്റേഷനിൽ ഇയാൾ തീയിട്ടിരുന്നു. പോലീസ് പിടിയിലായപ്പോൾ പരാതി ഇല്ലാത്തതിനെത്തുടർന്ന് താക്കീത് നൽകി വിട്ടയക്കുകയായിരുന്നു.
തീവെക്കാൻ ഏതെങ്കിലും ഇന്ധനം ഉപയോഗിച്ചുവോ എന്നത് കണ്ടെത്താൻ ഇതുവരെ സാധിച്ചിട്ടില്ല. വെറും തീപ്പെട്ടിയും പഴയ ഷൂവുമുപയോഗിച്ചാൽ ഇത്ര വലിയ തീപ്പിടിത്തമുണ്ടാകാനുള്ള സാധ്യതയില്ലെന്ന് തന്നെയാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.