ജിദ്ദ - മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ കൺസ്ട്രക്ഷൻ കമ്പനികളിൽ ഒന്നായ സൗദി ബിൻ ലാദിൻ ഗ്രൂപ്പ് ഉടമകളിൽ മൂന്നു പേർ കമ്പനിയിലെ തങ്ങളുടെ ഓഹരികൾ പൂർണമായും കൈയൊഴിഞ്ഞു. കമ്പനിയുടെ 36.2 ശതമാനം ഓഹരികളാണ് ഇവർ മൂവരും കൂടി കൈയൊഴിഞ്ഞത്. കമ്പനി ഓഹരികളുടെ പുനർ വിതരണത്തിന് വാണിജ്യ, നിക്ഷേപ മന്ത്രാലയം അംഗീകാരം നൽകി.
ഗ്രൂപ്പിന്റെ മൂലധനം 880 കോടി റിയാലായി ഉയർത്തിയിട്ടുണ്ട്. ആയിരം റിയാൽ വിലയുള്ള 88 ലക്ഷം ഓഹരികളാണ് കമ്പനി ഉടമകൾക്കുള്ളത്. ധനമന്ത്രാലയത്തിനു കീഴിലെ അൽഇസ്തിദാമ ഹോൾഡിംഗ് കമ്പനിക്കാണ് സൗദി ബിൻ ലാദിൻ ഗ്രൂപ്പിലെ മൂന്നു പാർട്ണർമാർ തങ്ങളുടെ 319 കോടി റിയാൽ വിലയുള്ള ഓഹരികൾ നൽകിയിരിക്കുന്നത്. ഈ കമ്പനി 2017 ഡിസംബർ 21 ന് ആണ് സ്ഥാപിതമായത്. നിക്ഷേപങ്ങൾ നടത്തുന്ന മേഖലയിലും മറ്റു കമ്പനികൾ സ്വന്തമാക്കുന്ന മേഖലയിലുമാണ് അൽഇസ്തിദാമ കമ്പനി പ്രവർത്തിക്കുന്നത്.
അൽഇസ്തിദാമ കമ്പനിക്ക് സൗദി ബിൻ ലാദിൻ ഗ്രൂപ്പിൽ 36.2 ശതമാനം ഓഹരി പങ്കാളിത്തമാണുള്ളത്. അവശേഷിക്കുന്ന 63.8 ശതമാനം ഓഹരികൾ ബിൻ ലാദിൻ ഗ്രൂപ്പ് സ്ഥാപകൻ മുഹമ്മദ് ബിൻ ലാദിന്റെ 15 മക്കൾക്കാണ്. ഇവർക്ക് ഓരോരുത്തർക്കും 1.7 ശതമാനം മുതൽ 10.7 ശതമാനം വരെ ഓഹരികളാണ് കമ്പനിയിലുള്ളത്. പുനഃസംഘടനക്കു ശേഷവും സൗദി ബിൻ ലാദിൻ ഗ്രൂപ്പിന്റെ ഭൂരിഭാഗം ഓഹരികളും ബിൻ ലാദിൻ കുടുംബത്തിന്റെ കൈകളിൽ തന്നെയാകും.
കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ട സൗദി ബിൻ ലാദിൻ ഗ്രൂപ്പിനെ സംരക്ഷിക്കുന്നതിന് ലക്ഷ്യമിട്ടാണ് കമ്പനിയുടെ ഉടമസ്ഥാവകാശം പുനഃസംഘടിപ്പിച്ചിരിക്കുന്നത്. സാമ്പത്തിക പ്രതിസന്ധി മൂലം തൊഴിലാളികൾക്ക് വേതനം വിതരണം ചെയ്യുന്നതിന് ദീർഘ കാലം ബിൻ ലാദിൻ ഗ്രൂപ്പിന് സാധിച്ചിരുന്നില്ല. പുതിയ പങ്കാളികൾ ഗ്രൂപ്പിൽ പ്രവേശിക്കുകയും കമ്പനിയിൽ കൂടുതൽ മൂലധന നിക്ഷേപം നടത്തുകയും ഗ്രൂപ്പിന് പുതിയ അവസരങ്ങൾ ലഭ്യമാക്കുകയും പുതിയ പ്രവർത്തന മേഖലകൾ തുറന്നു കൊടുക്കുകയും ചെയ്തതു വഴി പുനഃസംഘടന സൗദി ബിൻ ലാദിൻ ഗ്രൂപ്പിന് കരുത്തു പകരുമെന്നാണ് കരുതുന്നത്.
സാമ്പത്തിക പ്രതിസന്ധിയിൽ പെട്ട സൗദി ബിൻ ലാദിൻ ഗ്രൂപ്പിന് മൂന്നു മാസം മുമ്പ് ധനമന്ത്രാലയം സഹായം നൽകിയിരുന്നു. തൊഴിലാളികളുടെ വേതന കുടിശ്ശികയും ആനുകൂല്യങ്ങളും വിതരണം ചെയ്യുന്നതിനും വായ്പകൾ തീർക്കുന്നതിനും കമ്പനിക്ക് ധനമന്ത്രാലയം 1,100 കോടി റിയാൽ ലഘുവായ്പ നൽകുകയായിരുന്നു. അഴിമതി കേസിൽ അറസ്റ്റിലായ കമ്പനി ചെയർമാൻ അടക്കമുള്ളവരുമായുണ്ടാക്കിയ ഒത്തുതീർപ്പ് ധാരണയുടെ ഭാഗമായാണ് ബിൻ ലാദിൻ ഗ്രൂപ്പിന്റെ ഓഹരികൾ ധനമന്ത്രാലയത്തിനു കീഴിലെ അൽഇസ്തിദാമ ഹോൾഡിംഗ് കമ്പനിക്ക് കൈമാറിയതെന്നാണ് വിവരം.
2015 ൽ വിശുദ്ധ ഹറമിലുണ്ടായ ക്രെയിൻ ദുരന്തം കമ്പനിയുടെ നടുവൊടുച്ചിരുന്നു. ദുരന്തത്തിൽ 107 പേർ മരണപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. അധികം കഴിയുന്നതിനു മുമ്പായി കമ്പനി ചെയർമാൻ അടക്കമുള്ളവർ അഴിമതി കേസിൽ അറസ്റ്റിലായതും ബിൻ ലാദിൻ ഗ്രൂപ്പിന് തിരിച്ചടിയായി. ബിൻ ലാദിൻ ഗ്രൂപ്പ് പുനഃസംഘടനക്ക് മേൽനോട്ടം വഹിക്കുന്നതിന് അടുത്തിടെ സർക്കാർ അഞ്ചംഗ സമിതി രൂപീകരിച്ചിരുന്നു. ഇതിൽ മൂന്നു പേർ സ്വതന്ത്ര അംഗങ്ങളും രണ്ടു പേർ ബിൻ ലാദിൻ ഗ്രൂപ്പ് പാർട്ണർമാരുമാണ്. ഡോ. അബ്ദുറഹ്മാൻ അൽഹർകാൻ, ഡോ. ഖാലിദ് നുഹാസ്, ഖാലിദ് അൽഖുവൈതിർ എന്നിവരാണ് സ്വതന്ത്ര അംഗങ്ങൾ. പാർട്ണർമാരായ യഹ്‌യ ബിൻ ലാദിനും അബ്ദുല്ല ബിൻ ലാദിനും സമിതിയിൽ അംഗങ്ങളാണ്. വെല്ലുവിളികൾ തരണം ചെയ്ത് കമ്പനിയെ വീണ്ടും ലാഭത്തിലെത്തിക്കുന്നതിനാണ് പുനഃസംഘടനയിലൂടെ ലക്ഷ്യമിടുന്നത്.