ട്രെയിനിലെ ഭക്ഷണങ്ങള്‍ ഇനി ആശങ്കയില്ലാതെ കഴിക്കാം. ട്രെയില്‍ നല്‍കുന്ന ഭക്ഷണങ്ങള്‍ പാകം ചെയ്യുന്നത് ലൈവായി യാത്രക്കാരില്‍ എത്തിച്ചിരിക്കുകയാണ് ഐ ആര്‍ സി ടി സി. ഐ ആര്‍ സി ടി സിയുടെ വെബ്‌സൈറ്റിലെ പ്രത്യേക ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ അടുക്കളകള്‍ കണ്‍മുന്നില്‍ കാണാം. റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ അശ്വാനി ലോഹാനിയാണ് പുതിയ സംവിധാനം ഉദ്ഘാടനം ചെയ്തത്.ഇന്ത്യയിലെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ഐ ആര്‍ സി ടി സി പാചകപ്പുരകളെ ലൈവായി കാണാനുള്ള സംവിധാനങ്ങള്‍ വെബ്‌സൈറ്റില്‍ ഒരുക്കിയിട്ടുണ്ട്. ഐ ആര്‍ സി ടി സിയുടെ മേല്‍ നോട്ടത്തിലുള്ള പാചകപ്പുരകള്‍ മാത്രമാണ് ലൈവായി കാണാനാകുക. മറ്റു കേറ്ററിഗ് യൂണിറ്റുകളെ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ട്രെയിനുകളില്‍ ലഭിക്കുന്ന ഭക്ഷണത്തെക്കുറിച്ച് നിരന്തരമായി പരാതികളും സംശയങ്ങളും ഉയരുന്ന സാഹചര്യത്തിലാണ് പുതിയ ലൈവ സ്ട്രീമിങ് സംവിധാനവുമായി ഐ ആര്‍ സി ടി സി രംഗത്തെത്തിയത്.