Sorry, you need to enable JavaScript to visit this website.

മഞ്ചേരി നഗരസഭാ കൗൺസിൽ യോഗത്തിൽ സംഘർഷം

മഞ്ചേരി- വാർഷിക പദ്ധതി തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട് നഗരസഭാ കൗൺസിൽ യോഗത്തിൽ ഭരണ-പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ സംഘർഷം. വൈസ് ചെയർമാൻ വി.പി ഫിറോസിന് വയറിന് ചവിട്ടേറ്റു. ഉന്തിലും തള്ളിലും പെട്ട് എൽ.ഡി.എഫ് അംഗം വിശ്വനാഥന് കൈക്ക് പരിക്കേറ്റു. പ്രതിപക്ഷ കൗൺസിലർ മൈക്ക് വലിച്ചെറിഞ്ഞു. നാടകീയ രംഗങ്ങളാണ് ഇന്നലെ മഞ്ചേരി നഗരസഭാ കൗൺസിൽ ഹാളിൽ അരങ്ങേറിയത്. രണ്ടു അജൻഡകളാണ് കൗൺസിലിൽ ചർച്ചക്കെടുത്തത്. വാർഷിക പദ്ധതി സ്പിൽ ഓവർ പ്രൊജക്ട് കൂടി ഉൾപ്പെടുത്തി പരിഷ്‌കരിക്കുന്നതായിരുന്നു ഒന്നാമത്തെ അജൻഡ. ഈ അജൻഡ വായിച്ച ഉടൻ എൽ.ഡി.എഫ് അംഗം സാജിദ് ബാബു ഇതിനെ എതിർത്ത് സംസാരിച്ചു. വാർഷിക പദ്ധതി പരിഷ്‌കരിച്ച് ഈ മാസം അഞ്ചിനകം ജില്ലാ ആസൂത്രണ സമിതിക്ക് സമർപ്പിക്കണമെന്ന ഉത്തരവ് കാണിച്ചായിരുന്നു പ്രതിപക്ഷം അജൻഡയെ എതിർത്തത്. സമയ പരിധി അവസാനിക്കുന്നതു വരെ ഭരണസമിതി കാത്തിരുന്നെന്നും ഇപ്പോൾ തിടുക്കം കാണിക്കുന്നത് ജനങ്ങളെ വിഡ്ഢികളാക്കുന്നതിന് തുല്യമാണെന്നും പ്രതിപക്ഷ അംഗങ്ങൾ ചൂണ്ടിക്കാട്ടി.

 

എന്നാൽ പദ്ധതി സമർപ്പിക്കാനുള്ള സമയപരിധി അവസാനിച്ചിട്ടില്ലെന്നും ജില്ലാ ആസൂത്രണ സമിതിയുടെ സൈറ്റിൽ ഇതിനു സൗകര്യം ഉണ്ടെന്നും യു.ഡി.എഫ് അംഗം കണ്ണിയൻ അബൂബക്കർ പറഞ്ഞതോടെ എൽ.ഡി.എഫ് - യു.ഡി.എഫ് അംഗങ്ങൾ തമ്മിൽ വാക്കേറ്റമായി. ഇതിനിടെ എൽ.ഡി.എഫ് അംഗം സി.പി അബ്ദുൾകരീം സംസാരിക്കാൻ എണീറ്റതോടെ സീറ്റിൽ ഇരിക്കാൻ കണ്ണിയൻ അബൂബക്കർ ആവശ്യപ്പെട്ടു. എന്നാൽ കൗൺസിൽ നിയന്ത്രിക്കേണ്ടത് ചെയർപേഴ്സനാണെന്നും യു.ഡി.എഫ് കൗൺസിലർമാർ അധ്യക്ഷയെ റബർ സ്റ്റാമ്പ് ആക്കുകയാണെന്നും കരീം തിരിച്ചടിച്ചു.   ഇരുവരും തർക്കിക്കുന്നതിനിടെ അബ്ദുൾകരീം മൈക്ക് കൈയിലെടുത്തു. ഇതോടെയാണ് കൈയാങ്കളി ആരംഭിച്ചത്.  ഇതിനിടെ എൽ.ഡി.എഫ് കൗൺസിലർ മൈക്ക് തറയിലിട്ടു. ഇതിനിടയിലുള്ള പിടിവലിയിലാണ് വൈസ്ചെയർമാന് ചവിട്ടേറ്റത്.  വൈസ് ചെയർമാനെ ആക്രമിച്ച അബ്ദുൾ കരീമിനെതിരെ നടപടി വേണമെന്ന് യു.ഡി.എഫ് അംഗങ്ങൾ ആവശ്യപ്പെട്ടു. നിയമനടപടിയെ നേരിടാൻ ഒരുക്കമാണെന്ന് കരീമും പറഞ്ഞു. ഇതിനിടയിൽ രണ്ടു അജൻഡകളും പാസാക്കി. കൗൺസിലിന് ശേഷം എൽ.ഡി.എഫ് അംഗങ്ങൾ പ്രതിഷേധ സംഗമം നടത്തി.


മഞ്ചേരി നഗരസഭാധ്യക്ഷ റബർ സ്റ്റാമ്പാണെന്ന് പ്രതിപക്ഷം പിന്നീട് വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. നഗരസഭാധ്യക്ഷ വി.എം സുബൈദക്ക് കൗൺസിൽ യോഗത്തിൽ പോലും സംസാരിക്കാനുള്ള അവസരം ലീഗ് നേതൃത്വം നിഷേധിക്കുകയാണ്. കൗൺസിലറും ലീഗ് നേതാവുമായ കണ്ണിയൻ അബൂബക്കറാണ് ചേംബറിനോടുള്ള ചോദ്യങ്ങൾക്ക് മറുപടി പറയുന്നത്. പ്രതിപക്ഷ കൗൺസിലർമാർ സംസാരിക്കാൻ എഴുന്നേൽക്കുമ്പോൾ തന്നെ ലീഗ് അംഗങ്ങളിൽ ചിലർ ആക്രോശിക്കുകയാണ്.  താൽക്കാലിക നിയമനവുമായി ബന്ധപ്പെട്ട് ഉദ്യോഗാർഥികളിൽ നിന്നു ലക്ഷങ്ങളാണ് ലീഗും കോൺഗ്രസും പിരിച്ചെടുത്തത്. സംഭവം വിവാദമായതോടെ ഒരു വിഭാഗം ഉദ്യോഗാർഥികൾ ഹൈക്കോടതിയെ സമീപിച്ചു. കോടതി തീർപ്പാക്കാൻ ഇരിക്കെയാണ് ധൃതിപിടിച്ച് നിയമന വിഷയം കൗൺസിൽ അജൻഡയിൽ തിരുകി കയറ്റിയത്. ഇതു കോടതി അലക്ഷ്യമാണ്. ഭരണസമിതിയുടെ അനാസ്ഥ കാരണം എട്ടു കോടിയാണ് നഗരസഭക്ക് ലാപ്‌സായത്. കൃത്യമായ സമയങ്ങളിൽ പദ്ധതികൾ അനുമതിക്കായി പിപിസിക്ക് സമർപ്പിക്കുന്നില്ല. പദ്ധതികൾ ഭേദഗതി ചെയ്ത് സമർപ്പിക്കാൻ ജൂൺ അഞ്ചു വരെ സർക്കാർ സമയം നൽകി. എന്നാൽ ദിവസങ്ങൾ കഴിഞ്ഞു പദ്ധതികൾ ക്രമപ്പെടുത്താനെന്ന വ്യാജേന അജൻഡയായി ചേർത്തതും അഴിമതി ലക്ഷ്യംവെച്ചാണെന്നും പ്രതിപക്ഷ അംഗങ്ങൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. മരുന്നൻ സാജിത്ത് ബാബു, അഡ്വ. കെ.വി പ്രേമാരാജീവ്, എ.വി സുലൈമാൻ, സി.പി അബ്ദുൾ കരീം, പി. വിശ്വനാഥൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.


 

Latest News