രാജസ്ഥാനിലെ ആഭ്യന്തര പ്രതിസന്ധി കോൺഗ്രസിനെ വിടാതെ പിന്തുടരുകയാണ്. എത്രയും വേഗം അത് പരിഹരിച്ചില്ലെങ്കിൽ സംസ്ഥാനം ബി.ജെ.പി കൊണ്ടുപോകുമെന്ന് മാത്രമല്ല, 2024 തെരഞ്ഞെടുപ്പിലെ കോൺഗ്രസിന്റെ പ്രതീക്ഷകളൊക്കെ അസ്ഥാനത്താവുകയും ചെയ്യും. കോൺഗ്രസിന് മികച്ച പ്രകടനം കാഴ്ചവെക്കാനാവുന്ന സംസ്ഥാനമാണ് രാജസ്ഥാൻ. തെറ്റായ തീരുമാനങ്ങളിലൂടെ അത് നഷ്ടപ്പെടുത്തുന്നതിൽനിന്ന് വിട്ടുനിന്നേ മതിയാകൂ.
കർണാടകയുടെ തിളക്കത്തിൽനിന്ന് രാജസ്ഥാനിലെ കരിവാരിത്തേക്കലിലേക്ക് നീങ്ങുകയാണ് കോൺഗ്രസ്. ഇത് ആ പാർട്ടിയുടെ വിധിയാണ്. അടുത്തു തന്നെ തെരഞ്ഞെടുപ്പ് നടക്കേണ്ട പ്രധാന സംസ്ഥാനങ്ങളിലൊന്നാണ് രാജസ്ഥാൻ. എന്നാൽ ആ പാർട്ടി അനുഭവിക്കുന്ന പ്രശ്‌നങ്ങളൊന്നും മനസ്സിലാക്കാതെയും കണക്കിലെടുക്കാതെയും രാജസ്ഥാനിൽ നേതാക്കളായ അശോക് ഗെഹ്‌ലോട്ടും സച്ചിൻ പൈലറ്റും നടത്തുന്ന ചക്കളത്തിപ്പോരാട്ടം ദയനീയമാണെന്നേ പറയാനാകൂ.
രാജസ്ഥാൻ ഘടകത്തിലെ നേതൃസ്തംഭനാവസ്ഥ പരിഹരിക്കാൻ കോൺഗ്രസ് പുതിയ ശ്രമം തുടങ്ങിയിരിക്കുകയാണ്. കഴിഞ്ഞ രണ്ടാഴ്ചയായി ദൽഹിയിൽ നടന്ന ചർച്ചകളെല്ലാം പരാജയപ്പെട്ടുവെന്ന് അർഥം. കെസി. വേണുഗോപാലിന് പരിഹരിക്കാവുന്നതിനപ്പുറമാണ് കാര്യങ്ങൾ. ഇരുനേതാക്കളെയും അപ്പുറവും ഇപ്പുറവും നിർത്തി ചിരിച്ചുകൊണ്ട് ഫോട്ടോയെടുത്താലൊന്നും പൈലറ്റോ ഗെഹ്‌ലോട്ടോ അടങ്ങില്ല. ഏറ്റവുമൊടുവിൽ കേൾക്കുന്ന വാർത്ത പൈലറ്റിന്റെ അന്ത്യശാസനമാണ്. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ അദ്ദേഹം പുതിയ പാർട്ടി ഉണ്ടാക്കുമത്രേ. പാർട്ടിക്ക് പേരു പോലും കണ്ടെത്തിക്കഴിഞ്ഞു.
മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടും അദ്ദേഹത്തിന്റെ മുൻ ഡെപ്യൂട്ടി സച്ചിൻ പൈലറ്റും തമ്മിലുള്ള തർക്കങ്ങൾ തകർക്കാനുള്ള പാർട്ടിയുടെ സാധ്യതകളെ അങ്ങേയറ്റം ദുർബലപ്പെടുത്തുകയാണ്. കഴിഞ്ഞ വർഷം സച്ചിൻ പൈലറ്റിനെ മുഖ്യമന്ത്രിയാക്കാനുള്ള ഹൈക്കമാന്റ് ശ്രമം അശോക് ഗെഹ്ലോട്ട് പരാജയപ്പെടുത്തിയതോടെ കോൺഗ്രസ് നേതൃത്വം ജാഗ്രതയോടെയാണ് പ്രശ്‌നത്തെ സമീപിക്കുന്നത്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും രാഹുൽ ഗാന്ധിയും അടുത്തിടെ രണ്ട് എതിരാളികളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പ്രശ്‌നങ്ങളെല്ലാം പരിഹരിച്ചു എന്ന് പറഞ്ഞെങ്കിലും 24 മണിക്കൂർ പിന്നിടും മുമ്പേ എല്ലാം പഴയ പടിയായി.
നവംബർ-ഡിസംബർ മാസങ്ങളിൽ നടക്കാനിരിക്കുന്ന രാജസ്ഥാൻ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ സാധ്യതകളെ വിജയകരമായി പ്രയോജനപ്പെടുത്തണമെങ്കിൽ ഖാർഗെ രണ്ട് ക്യാമ്പുകളുടെയും അഭിലാഷങ്ങളെ സമർത്ഥമായി സന്തുലിതമാക്കേണ്ടതുണ്ട്. കലാപകാരിയായ പൈലറ്റ് പാർട്ടി വിട്ടാൽ രാഷ്ട്രീയമായി പ്രബലരായ ഗുജ്ജർ സമുദായത്തിലും യുവാക്കളിലും കോൺഗ്രസിന്റെ പിടിവിടും. അത് സഹായിക്കുക ബി.ജെ.പിയെ മാത്രമായിരിക്കും.
ഗെഹ്‌ലോട്ടിനെ എ.ഐ.സി.സി അധ്യക്ഷനാക്കാനുള്ള കോൺഗ്രസിന്റെ ശ്രമം പോലും പൈലറ്റിനെ മുഖ്യമന്ത്രിയാക്കുക എന്ന ലക്ഷ്യംവെച്ചായിരുന്നു. എന്നാൽ മുഖ്യമന്ത്രി സ്ഥാനവും എ.ഐ.സി.സി പദവിയും ഒന്നിച്ചു വഹിക്കാമെന്ന നിബന്ധനയോടെ ഗെഹ്‌ലോട്ട് അത് സമർഥമായി തകർത്തു. അതിനാൽ തന്നെ ഒരു പുതിയ ഫോർമുലക്ക് കോൺഗ്രസ് നേതൃത്വം രൂപംകൊടുക്കേണ്ടതണ്ട്. ഇതിലൂടെ മൂന്ന് പ്രധാന ലക്ഷ്യങ്ങൾ നേടിയെടുക്കാൻ ഖാർഗെക്കാവണം.
അടുത്ത ആറ് മാസം കോൺഗ്രസ് സർക്കാർ സംസ്ഥാനത്ത് തുടരണം, തെരഞ്ഞെടുപ്പിൽ കോൺഗ്രസ് വിജയം, തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഐക്യത്തിന്റെ പ്രകടനം. ഈ മൂന്ന് കാര്യങ്ങളിലൂന്നിയുളള ഫലപ്രദമായ ഒരു തന്ത്രം മാത്രമേ രാജസ്ഥാനെ കൈപ്പിടിയിലൊതുക്കാൻ ഖാർഗെയെ സഹായിക്കുകയുള്ളൂ.
ഇക്കാര്യത്തിൽ തീരുമാനമെടുക്കാനുള്ള ചുമതല രാഹുൽ ഗാന്ധി നിശ്ശബ്ദമായി ഖാർഗെയെ ഏൽപിച്ചിരിക്കുകയാണ്. എന്തൊക്കെയാണ് അദ്ദേഹത്തിന് മുന്നിലുള്ള സാധ്യതകളും മാർഗങ്ങളും. രാഷ്ട്രീയ നിരീക്ഷനും കമന്റേറ്ററുമായ അമിതാഭ് തിവാരി മുന്നോട്ടുവെക്കുന്ന ആറ് നിർദേശങ്ങളും അതിന്റെ പോരായ്മകളും സാധ്യതകളും പരിശോധിക്കാം.
1) ഗെഹ്‌ലോട്ടിന് പകരം പൈലറ്റിനെ മുഖ്യമന്ത്രിയാക്കുക
2018 ൽ റൊട്ടേഷണൽ മുഖ്യമന്ത്രി എന്ന പദ്ധതി വാഗ്ദാനം ചെയ്തുവെന്ന് പൈലറ്റ് ക്യാമ്പ് അവകാശപ്പെടുന്നു. മാറ്റം കൊണ്ടുവരുന്നതിൽ പരാജയപ്പെട്ടതിനാൽ ഗെഹ്‌ലോട്ടിനെ മാറിനിൽക്കാൻ പ്രേരിപ്പിക്കുന്നത് ഖാർഗെക്ക് ഇനി ബുദ്ധിമുട്ടായിരിക്കും. ഗെഹ്ലോട്ട് ഇതിനകം തന്നെ തിരിച്ചുവരവിനായി ഔദ്യോഗിക സർക്കാർ പ്രചാരണം ആരംഭിച്ചു. കൂടാതെ നിരവധി ക്ഷേമനടപടികളും പ്രഖ്യാപിച്ചു. കഴിഞ്ഞ വർഷം വരെ ഭൂരിപക്ഷം എം.എൽ.എമാരും അദ്ദേഹത്തെ പിന്തുണച്ചിരുന്നു. ഈ സമയത്ത് നേതൃമാറ്റം വലിയ അപകടമാണ്.
2) പൈലറ്റിനെ വീണ്ടും രാജസ്ഥാൻ പി.സി.സി അധ്യക്ഷനാക്കുക
ഇത് പൈലറ്റിനെ ഒരു പരിധി വരെ സമാധാനിപ്പിച്ചേക്കാം. തങ്ങളുടെ അഭിപ്രായ വ്യത്യാസങ്ങൾ അവസാനിപ്പിച്ചാൽ ഗെഹ്ലോട്ട്-പൈലറ്റ് ജോഡി ബി.ജെ.പിക്ക് കടുത്ത വെല്ലുവിളിയാണ്. എന്നാൽ കോൺഗ്രസ് വിജയിച്ചാൽ കോൺ ബനേഗാ മുഖ്യമന്ത്രി എന്ന പരിഹരിക്കപ്പെടാത്ത ചോദ്യം വീണ്ടും ഉയരുമെന്നതാണ് ഈ ഓപ്ഷൻ സ്വീകരിക്കുന്നതിലെ അപകടം.
3) ഗെഹ്‌ലോട്ടോ പൈലറ്റോ അല്ല
ആരും പിന്മാറാത്തതിനാൽ ഹരീഷ് ചൗധരി (ജാട്ട്), സി.പി. ജോഷി (ബ്രാഹ്മണൻ) അല്ലെങ്കിൽ രഘു ശർമ (ബ്രാഹ്മണൻ), അല്ലെങ്കിൽ പട്ടികജാതി-പട്ടികവർഗ സമുദായത്തിൽനിന്നുള്ള ഒരു നേതാവ് ഇവരെ ആരെയെങ്കിലും പ്രതിഷ്ഠിക്കുന്നതിനുള്ള ഓപ്ഷൻ കോൺഗ്രസ് നേതൃത്വത്തിന് പരിശോധിക്കാം. അവർ ഇരുപക്ഷത്തും പെടാത്തവരും പ്രധാനപ്പെട്ട ജാതി വിഭാഗങ്ങളിൽ പെട്ടവരുമാണ്. ഒരു സമവായ സ്ഥാനാർഥിയെ തെരഞ്ഞെടുക്കാമെന്നതിനപ്പുറത്ത് ഗെഹ്‌ലോട്ടിന്റെയോ പൈലറ്റിന്റെയോ ആകർഷകത്വമോ സ്വാധീനമോ ആർക്കും ഇല്ല. ഹരീഷ് ചൗധരിയും രഘു ശർമ്മയും കോൺഗ്രസിന് തിരിച്ചടിയായ പഞ്ചാബിന്റെയും ഗുജറാത്തിന്റെയും സംസ്ഥാന ചുമതലക്കാരായിരുന്നു എന്നത് അവർക്ക് എതിരായേക്കാം.
4) ദേശീയ വൈസ് പ്രസിഡന്റായി പൈലറ്റ്
പൈലറ്റിനെ ദേശീയ രാഷ്ട്രീയത്തിലേക്ക് മാറ്റുന്നതും അദ്ദേഹത്തിന് ഒരു പ്രധാന സ്ഥാനം നൽകുന്നതും ഏറെക്കാലമായി ചർച്ചയായിരുന്നു. എന്നാൽ രാജസ്ഥാനിൽനിന്ന് പുറത്തു പോകാൻ അദ്ദേഹത്തിന് താൽപര്യമില്ലെന്നാണ് റിപ്പോർട്ട്. ഹിമാചൽ തെരഞ്ഞെടുപ്പ് വേളയിൽ പ്രകടമായതു പോലെ പൈലറ്റ് ഒരു നല്ല പ്രചാരകനാണ്. പാർട്ടി ജനറൽ സെക്രട്ടറി സ്ഥാനം അദ്ദേഹത്തെ പ്രിയങ്ക ഗാന്ധി വധേരക്ക് തുല്യനാക്കുന്നു. ജയറാം രമേഷ്, രൺദീപ് സുർജേവാല, ഉമ്മൻചാണ്ടി എന്നിവരുൾപ്പെടെ 10 ജനറൽ സെക്രട്ടറിമാരാണ് പാർട്ടിക്കുള്ളത്. രാഹുൽ ഗാന്ധി പാർട്ടി അധ്യക്ഷനായി അവരോധിക്കപ്പെട്ടതു മുതൽ കോൺഗ്രസിൽ വൈസ് പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞുകിടക്കുകയാണ്. അത്തരമൊരു ജോലി പൈലറ്റിനെ തൃപ്തിപ്പെടുത്തും. സ്തംഭനാവസ്ഥ അവസാനിപ്പിക്കാൻ ഗെഹ്ലോട്ടിനെ ദേശീയ പ്രസിഡന്റാക്കാൻ നേതൃത്വം തയാറായിരുന്നു. പിന്നെ എന്തുകൊണ്ട് പൈലറ്റിനെ വൈസ് പ്രസിഡന്റാക്കാൻ കഴിയില്ല?
5) മുഖ്യമന്ത്രിയായി ഗെഹ്ലോട്ട് തുടരുക, സംസ്ഥാന അധ്യക്ഷനായി പൈലറ്റും തുടരുക
ഈ ഓപ്ഷൻ മുമ്പ് സൂചിപ്പിച്ചതുപോലെ സമാനമായ പോരായ്മകൾ നിറഞ്ഞതാണ്. ഒരു തെരഞ്ഞെടുപ്പ് തന്ത്രമെന്ന നിലയിൽ അത് അത്ര പ്രായോഗികവും ആകർഷകവുമല്ല. ഈ ഫോർമുല എല്ലാവർക്കും സ്വീകാര്യമായേക്കില്ല.
6) നിലവിലെ സ്ഥിതി തുടരുക
കഴിഞ്ഞ നാല് വർഷമായി ഈ കുരുക്ക് അഴിക്കുന്നതിൽ നേതൃത്വം പരാജയപ്പെട്ടു. പൈലറ്റ്-ഗെഹ്ലോട്ട് വൈരാഗ്യം രൂക്ഷമായെന്നും തിരിച്ചുവരവില്ലാത്ത അവസ്ഥയിലെത്തിയെന്നും പാർട്ടി നേതാക്കളിൽ ഒരു വിഭാഗം വിശ്വസിക്കുന്നു. ഒരു പരിഹാരവും ഉയർന്നു വരാത്തതിനാൽ, നിലവിലെ സ്ഥിതി മികച്ചതായി കണക്കാക്കി അത് തുടരട്ടെ എന്ന് തീരുമാനിക്കാം. ഇത് പക്ഷേ കോൺഗ്രസിന് തെരഞ്ഞെടുപ്പിൽ വിജയിക്കാൻ പ്രയാസമുണ്ടാക്കുന്നു. ഗെഹ്ലോട്ടിനെ നയിക്കാനും തോൽക്കാനും പാർട്ടിക്ക് അനുവദിക്കാം, തുടർന്ന് ഉത്തരവാദിത്തം ഏറ്റെടുത്ത് വിരമിക്കാം.
കഴിഞ്ഞ കുറച്ച് മാസങ്ങളായി സച്ചിൻ പൈലറ്റ് മിണ്ടാതിരിക്കുകയായിരുന്നു. തുടർന്നാണ് അദ്ദേഹം ഗെഹ്‌ലോട്ടിനെതിരെ ശക്തമായി രംഗത്തു വരുന്നത്. അഴിമതി വിരുദ്ധ പോരാട്ടമാണ് താൻ നടത്തുന്നത് എന്നാണ് പൈലറ്റ് പറയുന്നത്. ബി.ജെ.പി നേതാവ് വസുന്ധര രാജെയും ഗെഹ്‌ലോട്ടുമായി ചങ്ങാത്തത്തിലാണ് എന്ന ആരോപണവും അദ്ദേഹം ഉന്നയിക്കുന്നു. എന്നാൽ ഒരു രാഷ്ട്രീയ പാർട്ടി രൂപീകരിക്കുന്നത് അദ്ദേഹത്തിന് അത്ര എളുപ്പമുള്ള കാര്യമല്ല. അതിന് വലിയ വിഭവങ്ങൾ ആവശ്യമാണ്. അദ്ദേഹത്തിനെതിരെ പ്രവർത്തിക്കുന്നതിൽനിന്ന് കോൺഗ്രസ് വിട്ടുനിൽക്കണം. അങ്ങനെ അദ്ദേഹത്തിന് സഹതാപം ലഭിക്കാനുള്ള സാധ്യത ഒഴിവാക്കണം. പാർട്ടി വിടുകയാണെങ്കിൽ അദ്ദേഹം സ്വന്തം ഇഷ്ടപ്രകാരം വിടട്ടെ. തള്ളിപ്പുറത്താക്കേണ്ട ആവശ്യമില്ല.
കർണാടക പോരാട്ടം കൈകാര്യം ചെയ്യുന്നതിൽ തന്റെ രാഷ്ട്രീയ പരിചയവും പക്വതയും ഉപയോഗിച്ച ഖാർഗെ രാജസ്ഥാനിലെ പ്രശ്നം മാന്ത്രികമായി പരിഹരിക്കുമെന്നാണ് പാർട്ടി കരുതുന്നത്, വിജയം അകലെയാണെങ്കിലും.