Sorry, you need to enable JavaScript to visit this website.

മൂന്ന് ദിവസത്തിനിടെ മൂന്നരലക്ഷം നിയമ ലംഘനങ്ങൾ; അപകട മരണനിരക്ക് കുറഞ്ഞെന്ന്‌ മന്ത്രി ആന്റണി രാജു

തിരുവനന്തപുരം - പിഴ ഈടാക്കുന്നതിനപ്പുറം വ്യാപകമായ അപകട മരണങ്ങളിൽ നിന്നും ദുരന്തങ്ങളിൽ നിന്നും ജനങ്ങളെ രക്ഷിക്കാനാണ് എ.ഐ ക്യാമറ പദ്ധതി നടപ്പാക്കിയതെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. 
  കേരളത്തിൽ 12 പേരാണ് ശരാശരി ഒരു ദിവസം റോഡപകടത്തിൽ മരിച്ചിരുന്നത്. പദ്ധതിക്ക് ശേഷം അതിൽ ഗണ്യമായ കുറവുണ്ടായിട്ടുണ്ട്.
ക്യാമറ സ്ഥാപിച്ച ശേഷം കഴിഞ്ഞ നാലുദിവസത്തിൽ 28 മരണങ്ങളാണ് കേരളത്തിലുണ്ടായത്. ശരാശരി കണക്കനുസരിച്ച് 48 മരണം കേരളത്തിൽ ഉണ്ടാകേണ്ടതായിരുന്നു. ആ നിലയ്ക്ക് എണ്ണത്തിൽ കുറവുണ്ടായിട്ടുണ്ട്. ഒരാഴ്ച കഴിഞ്ഞ് വീണ്ടും പ്രവർത്തനം വിലയിരുത്തും. നിയമലംഘനങ്ങൾ വെരിഫൈ ചെയ്യാൻ ഉദ്യോഗസ്ഥരെ കൂട്ടാൻ ആവശ്യപ്പെട്ടതായും മന്ത്രി പറഞ്ഞു.
 എ.ഐ ക്യാമറ പിഴ ചുമത്താൻ ആരംഭിച്ച ജൂൺ അഞ്ചിന് രാവിലെ എട്ടുമുതൽ ജൂൺ എട്ട് രാത്രി 11.59 വരെ 352730 നിയമലംഘനങ്ങൾ കണ്ടെത്തി. വെരിഫൈ ചെയ്തത് 80743 നിയമലംഘനങ്ങൾ. ഇതുവരെ 10457 നിയമലംഘനങ്ങൾക്ക് നോട്ടീസ് അയച്ചതായും മന്ത്രി അറിയിച്ചു.
 സർക്കാർ ബോർഡ് വെച്ച വാഹനങ്ങളിൽ 56 നിയമലംഘനങ്ങൾ കണ്ടെത്തി. അതിൽ 10 എണ്ണത്തിന് നോട്ടീസ് അയക്കും. ബാക്കി വാഹനങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങൾ ഇന്ന് വൈകിട്ട് പുറത്തു വിടുമെന്നും മന്ത്രി പറഞ്ഞു.
 ഹെൽമറ്റ് ഇല്ലാതെ ഇരുചക്ര വാഹനം ഓടിച്ചതിന് 6153 പേർക്ക് പിഴ നോട്ടീസ് അയച്ചു. 7896 പേരെ കാറിൽ ഡ്രൈവറെ കൂടാതെ സീറ്റ് ബെൽറ്റ് ധരിക്കാതെ കണ്ടെത്തി. സെപ്റ്റംബർ ഒന്ന് മുതൽ ഹെവി വെഹിക്കിൾ വാഹനങ്ങൾക്ക് സീറ്റ് ബെൽറ്റ് നിർബന്ധമെന്ന് മന്ത്രി അറിയിച്ചു. ബസ് ഡ്രൈവർമാർക്കും മറ്റും ഇത് ബാധകമാകും.

Latest News