Sorry, you need to enable JavaScript to visit this website.

മാര്‍ക്ക് ലിസ്റ്റ് വിവാദം: ആര്‍ഷോയുടെ പരാതി  പ്രത്യേക സംഘം അന്വേഷിക്കും- കമ്മീഷണര്‍

കൊച്ചി- മാര്‍ക്ക് ലിസ്റ്റ് വിവാദത്തില്‍ ഗൂഢാലോചന നടന്നിട്ടുണ്ടോ എന്ന് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം ആര്‍ഷോയുടെ പരാതി പ്രത്യേക സംഘം അന്വേഷിക്കുമെന്ന് കൊച്ചി കമ്മീഷണര്‍ കെ സേതുരാമന്‍. അന്വേഷണത്തിന് ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി നേതൃത്വം നല്‍കുമെന്നും കമ്മീഷണര്‍ മാധ്യമങ്ങളോട് പറഞ്ഞു.
പരീക്ഷാഫലത്തില്‍ തന്റെ പേര് വന്നത് ഗൂഢാലോചനയുടെ ഭാഗമാണ്. മാര്‍ക്ക് ലിസ്റ്റില്‍ കരുതിക്കൂട്ടി ചിലര്‍ തിരിമറി നടത്തിയതായാണെന്ന് ആരോപിച്ച് ആര്‍ഷോ ഡിജിപിക്ക് പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അന്വേഷിച്ച് തുടര്‍നടപടി സ്വീകരിക്കാന്‍ ഡിജിപി നിര്‍ദേശിച്ചിരുന്നു.
ഡിപ്പാര്‍ട്ട്‌മെന്റ് കോര്‍ഡിനേറ്ററായിരുന്ന അധ്യാപകനാണ് ഇതിന്റെ പിന്നിലെന്നും ആര്‍ഷോ ആരോപണം ഉന്നയിച്ചിരുന്നു. ഈ അധ്യാപകനെതിരെ നല്‍കിയ പരാതികളും ഇതേ തുടര്‍ന്ന് അദ്ദേഹത്തെ ഡിപ്പാര്‍ട്ട്‌മെന്റ് കോര്‍ഡിനേറ്റര്‍ പദവിയില്‍ നിന്ന് നീക്കംചെയ്തതും തനിക്കെതിരായ ഗൂഢാലോചനയ്ക്ക് പിന്നിലുണ്ടെന്നാണ് ആര്‍ഷോ ആരോപിക്കുന്നു. മഹാരാജാസ് കോളജിലെ ഇന്റഗ്രേറ്റഡ് പിജി പ്രോഗ്രാം ഇന്‍ ആര്‍ക്കിയോളജി ആന്‍ഡ് മെറ്റീരിയല്‍ കള്‍ച്ചറല്‍ സ്റ്റഡീസിന്റെ മൂന്നാം സെമസ്റ്റര്‍ പരീക്ഷയുടെ മാര്‍ക്ക് ലിസ്റ്റില്‍ ഒരു വിഷയത്തിനും ആര്‍ഷോയ്ക്ക് മാര്‍ക്കോ ഗ്രേഡോ ഇല്ലായിരുന്നു. എന്നാല്‍, മാര്‍ക്ക് ലിസ്റ്റില്‍ പാസ് എന്നാണ് രേഖപ്പെടുത്തിയിരുന്നത്. മാര്‍ച്ച് 23ന് പ്രസിദ്ധീകരിച്ച ഫലമാണ് വിവാദമായത്. മാര്‍ക്ക് ലിസ്റ്റ് തയ്യാറാക്കുന്ന നാഷനല്‍ ഇന്‍ഫര്‍മാറ്റിക് സെന്ററിന്റെ സോഫ്‌റ്റ്വെയറിലെ പിഴവാണെന്നാണ് കോളജ് വിശദീകരിച്ചത്. മാര്‍ക്ക് ലിസ്റ്റ് വിവാദത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും വ്യക്തമാക്കിയിരുന്നു.

Latest News