തിരുവനന്തപുരം - ഗതാഗത നിയമ ലംഘനങ്ങള്‍ കണ്ടുപിടിക്കാന്‍ കോടികള്‍ മുടക്കി നടപ്പാക്കിയ എ ഐ ക്യാമറയുടെ സാങ്കേതിക തകരാര്‍ മൂലം വലഞ്ഞിരിക്കുകയാണ് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍. ഇതുവരെ ഒരു ലക്ഷത്തിലേറെ നിയമ ലംഘനങ്ങള്‍ കണ്ടുപിടിക്കപ്പെട്ടെങ്കിലും കേവലം 3000 പേര്‍ക്ക് മാത്രമാണ് പിഴ അടയ്ക്കാനുള്ള നോട്ടീസ് നല്‍കാന്‍ കഴിഞ്ഞത്. ക്യാമറയില്‍ ആകെ സാങ്കേതിക തകരാറുകളാണ്. ഹൈ സെക്യൂരിറ്റി നമ്പര്‍ പ്ലേറ്റുള്ള വാഹനങ്ങളുടെ നമ്പറുകള്‍ മാത്രമേ വ്യക്തമായി ക്യാമറയില്‍ പതിയുന്നുള്ളൂ. പഴയ രീതിയിലെ നമ്പര്‍ പ്ലേറ്റുകളില്‍ സ്‌ക്രൂവോ മറ്റോ ഉണ്ടെങ്കില്‍ അത് പൂജ്യമായി ക്യാമറ വിലയിരുത്തും. ദൃശ്യങ്ങള്‍ പരിശോധിച്ച് പരിവാഹന്‍ സൈറ്റിലേക്ക് മാറ്റി ഇ-ചെലാന്‍ അയക്കാന്‍ ശ്രമിക്കുമ്പോഴാണ് വീണ്ടും പ്രശ്‌നം. സൈറ്റില്‍ നിന്നും ഇ-ചെലാന്‍ തയ്യാറാക്കുമ്പോള്‍ സീറ്റ് ബെല്‍റ്റില്ലാത്ത കുറ്റം കാണിച്ചാല്‍ അതിനൊപ്പം അമിത വേഗതയ്ക്ക് കൂടിയുള്ള കുറ്റം താനെ കടന്നു വരുന്നു. ഇത് മൂലം നോട്ടീസ് അയയ്ക്കാന്‍ കഴിയുന്നില്ല. പ്രശ്‌നപരിഹാരത്തിനായി ഗതാഗത മന്ത്രി ഇന്ന് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിട്ടുണ്ട്.