ആലപ്പുഴ - മാവേലിക്കരയിൽ ആറ് വയസുകാരിയായ ഒന്നാംക്ലാസ് വിദ്യാർത്ഥിനി നക്ഷത്രയെ കൊലപ്പെടുത്തിയത് ആസൂത്രിതമെന്ന് പോലീസ്. പ്രതി ശ്രീമഹേഷ് ലക്ഷ്യം വെച്ചിരുന്നത് മൂന്നു പേരെയാണെന്നും കൊലയ്ക്കായി മാവേലിക്കരയിൽ തന്നെ മഴു പണിതെടുക്കുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു.
കുട്ടിക്ക് ഗെയിം കളിക്കാൻ ടാബ് നൽകി സോഫയിലിരുത്തിയ ശേഷം ഒരു സർപ്രൈസ് തരാമെന്ന് പറഞ്ഞാണ് പ്രതി കൊല നടത്തിയത്. കുട്ടി ടാബിൽ കളിക്കുന്നതിനിടെ കഴുത്തിന് പുറകിൽ വെട്ടുകയായിരുന്നു. കൊലയ്ക്കായി ഓൺലൈൻ വഴി മഴു വാങ്ങാനും പ്രതി ശ്രമിച്ചിരുന്നു. പിന്നീടാണ് മൂർച്ചയേറിയ മഴു മാവേലിക്കരയിൽ വെച്ചുതന്നെ പണിയിപ്പിച്ചത്. വീട്ടിൽ മരം വെട്ടുന്നതിനാണെന്ന് പറഞ്ഞാണ് മഴു ഉണ്ടാക്കിയത്.
മകൾ നക്ഷത്രയെ കൂടാതെ അമ്മ സുനന്ദ, വിവാഹാലോചനയിൽനിന്ന് പിൻവാങ്ങിയ പോലീസ് ഉദ്യോഗസ്ഥ എന്നിവരെ കൊലപ്പെടുത്താനായിരുന്നു പ്ലാൻ. വിവാഹത്തിൽ നിന്ന് പിന്മാറിയതാണ് പോലീസ് ഉദ്യോഗസ്ഥയോട് പകയുണ്ടാക്കിയതെന്നാണ് കരുതുന്നത്. സ്വഭാവദൂഷ്യത്താലായിരുന്നു പോലീസ് ഉദ്യോഗസ്ഥയുടെ പിന്മാറ്റമെന്നും ഇത് പ്രതിയെ വല്ലാതെ പ്രകോപിച്ചതായും പറയുന്നു. ഇവരെ ജോലിസ്ഥലത്തടക്കം ചെന്ന് ശ്രീമഹേഷ് ശല്യപ്പെടുത്തിയതായാണ് വിവരം. ശ്രീമഹേഷിനെതിരെ ഇവർ പരാതി നൽകുകയും പോലീസ് കേസെടുക്കുകയും ചെയ്തിട്ടുണ്ട്. ഇതിന് ശേഷം ശ്രീമഹേഷ് നിരാശയിലായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. അടുത്തിടെ ഇയാൾ കൗൺസലിംഗിന് വിധേയനായിട്ടുണ്ട്. എന്നാൽ, എവിടെയാണ് കൗൺസലിംഗ് നേടിയത് എന്നതിൽ വ്യക്തത ലഭിച്ചിട്ടില്ല. ഇക്കാര്യങ്ങളടക്കം പോലീസ് അന്വേഷിച്ചു വരികയാണ്.
അതിനിടെ, ജയിലിൽ വെച്ച് ആത്മഹത്യക്കു ശ്രമിച്ച പ്രതി വണ്ടാനം മെഡിക്കൽ കോളജിൽ ഗുരുതരാവസ്ഥയിൽ തുടരുകയാണെന്നാണ് വിവരം.