ജിദ്ദ - മഞ്ഞയും കറുപ്പും വര്‍ണമണിഞ്ഞ് സൗദി അറേബ്യയുടെ തുറമുഖ നഗരം. സൗദി ലീഗ് ചാമ്പ്യന്മാരായ അല്‍ഇത്തിഹാദിന്റെ ജഴ്‌സിയില്‍ കരീം ബെന്‍സീമയെ കാണാന്‍ ജിദ്ദ കിംഗ് അബ്ദുല്ല സ്‌പോര്‍ട്‌സ് സിറ്റി സ്‌റ്റേഡിയത്തില്‍ ഒഴുകിയെത്തിയത് അറുപതിനായിരത്തോളം പേര്‍. ഇവര്‍ക്കു മുന്നില്‍ താരത്തെ അവതരിപ്പിച്ചപ്പോള്‍ സ്‌റ്റേഡിയം യാ കരീം വിളികളില്‍ മുഖരിതമായി.
പ്രസന്റേഷന്‍ ചടങ്ങിന്റെ ടിക്കറ്റ് വില ഒമ്പത് റിയാല്‍ മുതലായിരുന്നു. ബുധനാഴ്ച പാതിരാത്രി ജിദ്ദയില്‍ വിമാനമിറങ്ങിയ മുപ്പത്തഞ്ചുകാരനെ വരവേല്‍ക്കാന്‍ ആയിരങ്ങളാണ് ഇത്തിഹാദിന്റെ മഞ്ഞയും കറുപ്പും തൂവാലയണിഞ്ഞ് എത്തിയത്. പ്രസന്റേഷന്‍ ചടങ്ങിന് മുന്നോടിയായി ബെന്‍സീമയുടെ പത്രസമ്മേളനവും ഉണ്ടായിരുന്നു.
ബെന്‍സീമക്ക് വര്‍ഷം അഞ്ചരക്കോടി ഡോളറായിരിക്കും (450 കോടി രൂപ) പ്രതിഫലം. മൂന്നു വര്‍ഷത്തേക്കാണ് കരാര്‍. ഫ്രഞ്ച് പ്ലേമേക്കര്‍ എന്‍ഗോളൊ കാണ്ടെയും ചെല്‍സിയില്‍ നിന്ന് ബെന്‍സീമക്കൊപ്പം ചേരാന്‍ ഇത്തിഹാദിലെത്തിയിട്ടുണ്ട്. മുപ്പത്തിരണ്ടുകാരനായ കാണ്ടെയും മൂന്നു വര്‍ഷത്തേക്കാണ് കരാറൊപ്പിട്ടിരിക്കുന്നത്. ഫ്രഞ്ച് ടീമിലും ബെന്‍സീമക്കൊപ്പം കളിച്ചിരുന്നു കാണ്ടെ.
ക്രിസ്റ്റ്യാനൊ റൊണാള്‍ഡോക്കും ബെന്‍സീമക്കും കാണ്ടെക്കും പിന്നാലെ പത്തോളം താരങ്ങളെയാണ് സൗദി നോട്ടമിട്ടിരിക്കുന്നത്. അര്‍ജന്റീന പ്ലേമേക്കര്‍ എയിംഗല്‍ ഡി മരിയ സൗദി ക്ലബ്ബില്‍ ചേരാനായി യുവന്റസ് വിട്ടു. എന്നാല്‍ മെസ്സി ഇന്റര്‍ മയാമിയില്‍ ചേര്‍ന്നതോടെ ഡി മരിയയെയും അവിടെയെത്തിക്കാന്‍ ശ്രമം നടക്കുന്നുണ്ട്.