തൊടുപുഴ-ജോലി അന്വേഷിച്ചെത്തിയ യുവതിയെ ലൈംഗികമായി പീഡിപ്പിക്കുകയും വിവാഹ വാഗ്ദാനം നല്‍കി ചതിക്കുകയും ചെയ്ത യുവാവ് പിടിയില്‍. കുടയത്തൂര്‍ കൂവപ്പള്ളി കുന്നത്തുപറമ്പില്‍ അനില്‍പ്രഭയെ (36) ആണ് തൊടുപുഴ എസ്.ഐ ജി. അജയകുമാറും സംഘവും ആന്ധ്രാപ്രദേശിലെ ഈസ്റ്റ് ഗോദാവരിയില്‍നിന്നും പിടികൂടിയത്. യുവതി ഡിജിപിക്ക് നേരിട്ട് നല്‍കിയ പരാതിയിലാണ് അറസ്റ്റ്.
2022 മെയ് 28ന് തൊടുപുഴ നഗരത്തില്‍ പ്രതിയും സുഹൃത്തും ചേര്‍ന്ന് നടത്തിയിരുന്ന വീട്ടുജോലിക്കാരെയും ഹോംനഴ്‌സുമാരെയും മറ്റും ക്രമീകരിക്കുന്ന ഏജന്‍സിയില്‍ ജോലി അന്വേഷിച്ചെത്തിയതാണ് പരാതിക്കാരി. ജോലി ശരിയാക്കിത്തരാമെന്ന് ഉറപ്പുനല്‍കിയ പ്രതി യുവതി താമസിച്ച നഗരത്തിലെ ലോഡ്ജില്‍ അതിക്രമിച്ചുകയറി പീഡിപ്പിക്കുകയായിരുന്നു. ശേഷമാണ് വിവാഹവാഗ്ദാനം നല്‍കിയത്. കഴിഞ്ഞ ഫെബ്രുവരി 15വരെ ഇത് തുടര്‍ന്നെന്നും പോലീസ് പറഞ്ഞു. താന്‍ വിവാഹ മോചിതനാണെന്നും കല്യാണം കഴിച്ച് ഒന്നിച്ച് ജീവിക്കാമെന്നും പറഞ്ഞാണ് യുവതിയെ വിശ്വസിപ്പിച്ചത്.
പ്രതി രണ്ടാം ഭാര്യയുമായുള്ള വിവാഹമോചനക്കേസ് നടക്കുമ്പോള്‍ കുഞ്ഞിനെ തട്ടിയെടുത്ത് ആന്ധ്രാപ്രദേശിലേക്ക് കടന്നിരുന്നു. അന്ന് ഭാര്യ നല്‍കിയ പരാതിയിന്മേല്‍ തൊടുപുഴ പോലീസ് നിരവധി തവണ വിളിച്ചിട്ടും ഇയാള്‍ ഹാജരായില്ല. ഒടുവില്‍ കുട്ടിയെ കൂവപ്പള്ളിയിലെ ഇയാളുടെ അമ്മയെ ഏല്‍പ്പിച്ച് തിരികെപ്പോയി. ശേഷമാണ് പീഡന പരാതി ലഭിക്കുന്നത്. പരാതിയിലെ വിവരങ്ങളിലൂടെ പ്രതിയെ മനസിലായ പോലീസ് നിരന്തരമായി ആന്ധ്രാപ്രദേശ് കേന്ദ്രീകരിച്ച് അന്വേഷണം നടത്തി. ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു. ആന്ധ്രയിലെ മലയാളി സമാജം ഉള്‍പ്പെയുള്ള സംഘടനകളില്‍നിന്നും ഇയാളുടെ വിവരങ്ങള്‍ ലഭിച്ചു. ബോറംപാലം എന്ന ഗ്രാമത്തില്‍ ഇംഗ്ലീഷ് അധ്യാപകനായി ജോലിചെയ്യുകയായിരുന്നു. ബുധന്‍ പകല്‍ ഇവിടെയെത്തിയായിരുന്നു അറസ്റ്റ്. ഇന്നലെ വൈകിട്ടോടെ തൊടുപുഴയിലെത്തിച്ച പ്രതിയെ റിമാന്‍ഡ് ചെയ്തു. എസ്.ഐക്കൊപ്പം ഗ്രേഡ് എസ്.ഐ പി. കെ സലിം, പോലീസുകാരായ പി. ജി മനു, ഇ. എ നിസാര്‍ എന്നിവരും ഉണ്ടായിരുന്നു.
ചിത്രം- അനില്‍പ്രഭ