Sorry, you need to enable JavaScript to visit this website.

ലക്ഷദ്വീപ് ഹാജിമാർ കൊച്ചിയിലെത്തി, നാളെ തിരിക്കുന്നത് 413 തീർഥാടകർ

നെടുമ്പാശ്ശേരി- ലക്ഷദ്വീപിൽനിന്നു ഹജ് കർമത്തിനായി യാത്ര തിരിക്കുന്ന തീർഥാടകരെ സംസ്ഥാന ഹജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊച്ചി തുറമുഖത്ത് സ്വീകരിച്ചു. ലക്ഷദ്വീപ് ഹജ് കമ്മിറ്റി ചെയർമാൻ അബ്ദുൾ ഖാദർ, ഹജ് കമ്മിറ്റിയംഗങ്ങളായ കെ.പി മുത്തുകോയ, ഡോ. സാദിഖ്,    എച്ച് എം. ഷംസുദീൻ, എൻ. മുസ്തഫ, ഹസ്സൻ കോയ എന്നിവരുടെ നേതൃത്വത്തിലെത്തിയ തീർഥാടക സംഘത്തെ  സംസ്ഥാന ഹജ് കമ്മിറ്റിക്കു വേണ്ടി  നെടുമ്പാശ്ശേരി ഹജ് ക്യാമ്പിന്റെ ചുമതലയുള്ള ഹജ് കമ്മിറ്റിയംഗം സഫർ എ. ഖയാൽ, ഹജ് കമ്മിറ്റി കോഓഡിനേറ്റർ ടി.കെ. സലീം ഹജ് സെൽ ഓഫീസർ എം.ഐ ഷാജി എന്നിവർ സ്വീകരിച്ചു.
എം.വി കോറൽസ് കപ്പലിൽ കിൽത്താനി, ചെത്തിലത്ത്, കൽപേനി, അന്ത്രോത്ത് തുടങ്ങി ദ്വീപുകളിൽ നിന്നുള്ളവരാണ് ഇന്നലെയെത്തിയത്. കവരത്തി, കടമത്ത്, അമിനി ദ്വീപുകളിൽ നിന്നുള്ളവർ എം.വി ലഗൂൺ കപ്പലിൽ രണ്ട് ദിവസം മുൻപ് തന്നെ കൊച്ചിയിലെത്തിയിരുന്നു. മിനി കോയി ദീപിലുള്ള ഹാജിമാർ മറ്റൊരു കപ്പലിൽ കൊച്ചിയിലെത്തിയിട്ടുണ്ട്. 86 പുരുഷന്മാരും 77 സ്ത്രീകളുമടക്കം ലക്ഷദീപിൽനിന്നുള്ള 163 ഹജ് തീർഥാടകരാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽനിന്നു യാത്ര തിരിക്കുന്നത്. ഇവരെ സഹായിക്കുന്നതിനും മാർഗനിർദേശങ്ങൾ നൽകുന്നതിനുമായി ഒരു വളണ്ടിയറും ഇവരോടൊപ്പം യാത്ര തിരിക്കുന്നുണ്ട്.
ഈ മാസം 12 നാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽനിന്നു ലക്ഷദ്വീപിലെ ഹാജിമാർ വിശുദ്ധ ഹജ് കർമത്തിനായി മക്കയിലേക്ക് യാത്ര തിരിക്കുന്നത്.
അതിനിടെ, സംസ്ഥാന ഹജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നെടുമ്പാശ്ശേരി എംബാർക്കേഷൻ പോയന്റിൽനിന്നു വിശുദ്ധ ഹജ് കർമത്തിനായി നാളെ 413 ഹാജിമാർ മക്കയിലേക്ക് യാത്ര തിരിക്കും. രാവിലെ 11.30 ന് യാത്ര തിരിക്കുന്ന സൗദി എയർലൈൻസ് എസ്.വി 3783  നമ്പർ വിമാനത്തിൽ 215 പുരുഷന്മാരും 198 സ്ത്രീകളുമാണുള്ളത്.
നാളെ യാത്ര തിരിക്കുന്ന ഹാജിമാർ വ്യാഴാഴ്ച ഉച്ചയോടെ നെടുമ്പാശ്ശേരി ഹജ് ക്യാമ്പിലെത്തിയിരുന്നു. വൈകിട്ട് അസർ നമസ്‌കാര ശേഷം ഹാജിമാർക്കായി നടത്തിയ തസ്‌കിയത്ത് ക്ലാസിന്  തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി നേതൃത്വം നൽകി.
 

Latest News