ജിദ്ദ - സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ തന്റെ പെണ്‍മക്കളുടെ കാര്യത്തില്‍ കാണിച്ച പ്രത്യേക ശ്രദ്ധയും മാനുഷിക പരിഗണനയും തന്റെ മനസ്സ് കീഴടക്കിയതായി കാനഡയില്‍ ഭവനരഹിതനായി തെരുവില്‍ കഴിയുന്ന മുന്‍ സൗദി വിമതന്‍ അഹ്മദ് ഹാറൂന്‍ പറഞ്ഞു. സൗദി അറേബ്യയെയും രാജ്യത്തെ ഭരണാധികാരികളെയും അപകീര്‍ത്തിപ്പെടുത്തുകയും അധിക്ഷേപിക്കുകയും ചെയ്ത് പത്തു വര്‍ഷത്തിനു ശേഷമാണ് കിരീടാവകാശിയുടെ മാനുഷിക പരിഗണന തന്റെ മനസ്സ് കീഴടക്കിയതെന്ന് സാമൂഹികമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ അഹ്മദ് ഹാറൂന്‍ പറഞ്ഞു.
പത്തു വര്‍ഷത്തിനിടെ സൗദി അറേബ്യക്കെതിരെ താന്‍ ഷെയര്‍ ചെയ്ത അപകീര്‍ത്തിപരമായ മുഴുവന്‍ വീഡിയോ ക്ലിപ്പിംഗുകളും സൗദി പൗരന്മാര്‍ ഡിലീറ്റ് ചെയ്യണമെന്ന് വീഡിയോയുടെ തുടക്കത്തില്‍ അഹ്മദ് ഹാറൂന്‍ പറഞ്ഞു. എനിക്ക് സംഭവിച്ചത് എല്ലാവരെയും അറിയിക്കേണ്ടത് മാനുഷികവും ധാര്‍മികവുമായ കടമാണ്. ഇത് ധീരതയും മാന്യതയുമാണ്. ഇത് എന്റെ അവസാന വീഡിയോ ക്ലിപ്പ് ആയിരിക്കും. എല്ലാ ക്ലിപ്പുകളും ഞാന്‍ ഡിലീറ്റ് ചെയ്യും. ഒരാഴ്ചക്കു ശേഷം എന്റെ അക്കൗണ്ട് ക്ലോസ് ചെയ്യും.
സൗദി വിദേശ മന്ത്രാലയ ഉദ്യോഗസ്ഥന്‍ എന്നെ ബന്ധപ്പെടുകയായിരുന്നു. തന്റെ അവസ്ഥകള്‍ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ അറിഞ്ഞതായി ഉദ്യോഗസ്ഥന്‍ എന്നോട് പറഞ്ഞു.
എന്റെ മക്കളുടെ കാര്യങ്ങള്‍ തന്നെ അറിയിക്കണമെന്നും അവര്‍ക്ക് വേണ്ടതെല്ലാം ചെയ്തുകൊടുക്കണമെന്നുമാണ് കിരീടാവകാശി പറഞ്ഞതെന്ന് ഉദ്യോഗസ്ഥന്‍ അറിയിച്ചു. പത്തു വര്‍ഷക്കാലം ഭരണകൂടത്തിനെതിരെ തന്റെ ഭാഗത്തുനിന്നുള്ള ആര്‍ത്തിച്ചുള്ള അധിക്ഷേപങ്ങള്‍ക്കു ശേഷം ലോകം മുഴുവന്‍ തന്നെ ഉപേക്ഷിച്ചുപോയി. ഇപ്പോള്‍ എന്റെ പെണ്‍മക്കളുടെ കാര്യം ശ്രദ്ധിക്കുന്നത് മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ മാത്രമാണ്.
മാതൃരാജ്യത്തിനും ഭരണാധികാരികള്‍ക്കുമെതിരെ തന്റെ ഭാഗത്തു നിന്നുണ്ടായ അപകീര്‍ത്തിപരമായ ചെയ്തികളില്‍ തനിക്ക് ലജ്ജ തോന്നുന്നു. ഞാന്‍ എന്നെ കുറിച്ച് ലജ്ജിക്കുന്നു. എനിക്ക് വാക്കുകള്‍ കിട്ടുന്നില്ല.
ഇബ്‌നു സല്‍മാനെ, താങ്കളെ മനസ്സിലാക്കാന്‍ എനിക്ക് കഴിഞ്ഞില്ല. ലോഹങ്ങളില്‍ ഏറ്റവും വിലപ്പെട്ടത് സ്വര്‍ണമാണെന്ന് എല്ലാവരും പറയുന്നു. എന്നാല്‍ നിങ്ങള്‍ സ്വര്‍ണത്തേക്കാള്‍ വിലപ്പെട്ടവനാണ് - അഹ്മദ് ഹാറൂന്‍ വീഡിയോയില്‍ പറഞ്ഞു.
ما هوَ معدنُ بنْ سلمانْ ؟ pic.twitter.com/xdEhw3eyi4
— هارون أمين أحمد (@anaharoon) June 8, 2023