Sorry, you need to enable JavaScript to visit this website.

സോളാര്‍ കമ്മീഷനെക്കുറിച്ച് ഇപ്പോള്‍ എല്ലാം വ്യക്തമായെന്ന് തിരുവഞ്ചൂര്‍

കോട്ടയം - പത്തുകൊല്ലം കഴിഞ്ഞപ്പോള്‍ തെറ്റിദ്ധരിച്ചവര്‍ക്കും ധരിപ്പിച്ചവര്‍ക്കും കൃത്യമായ മറുപടി ലഭിച്ചുവെന്നും സോളാര്‍ കമ്മീഷനെക്കുറിച്ച് അന്നും ഇന്നും ഒരേ അഭിപ്രായമാണെന്നും മുന്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ. സോളാര്‍ കേസില്‍ അപസര്‍പക കഥപോലെ അന്വേഷണ കമ്മീഷന്‍ പ്രവര്‍ത്തിച്ചു. സത്യസന്ധമായ തുറന്നു പറച്ചിലാണ് ഹേമചന്ദ്രന്‍ നടത്തിയത്. കേസില്‍ തെറ്റദ്ധരിപ്പിക്കാന്‍ ശ്രമിച്ചവര്‍ നിഗൂഢബുദ്ധിയുളളവരാണ്. കമ്മീഷന്‍ റിപ്പോര്‍ട്ട് പിണറായി തുറക്കാത്തത് അത് സത്യമല്ലാത്തത് കൊണ്ടാണ്. തന്റെ അഭിപ്രായങ്ങള്‍ ശരിയാണെന്നു തെളിഞ്ഞു. താന്‍ സോളര്‍ കമീഷനു മുന്നില്‍ മൂന്നുദിവസം ഹാജരായി. പ്രധാനപ്പെട്ട ഒരു ചോദ്യവും കമ്മീഷന്‍ ചോദിച്ചില്ല.

സി. ദിവാകരന്‍ പറഞ്ഞതിനോട് യോജിക്കുന്നു. ജസ്റ്റിസ് ശിവരാജനെ സോളാര്‍ കമ്മീഷന്‍ അധ്യക്ഷനാക്കുന്നതിനോട് വിയോജിപ്പുണ്ടായിരുന്നു. ആരാണ് അതിന് പിന്തുണ നല്‍കിയതെന്ന് പറയുന്നത് ശരിയല്ല. അത് മന്ത്രിസഭാ രഹസ്യമാണ്. മന്ത്രിസഭ തീരുമാനം എടുത്തു. അത് നടപ്പാക്കി. സോളാര്‍ കേസിലെ ജോപ്പന്റെ അറസ്റ്റ് രേഖപ്പെടുത്തിയശേഷമാണ് അന്ന് അന്വേഷണ സംഘത്തെ നയിച്ച ഹേമചന്ദ്രന്‍ തന്നെ അറിയിച്ചത്. കാര്യങ്ങള്‍ അങ്ങനെയായതിനാലാണ് അറസ്റ്റു ചെയ്യേണ്ടിവന്നതെന്നു തന്നോടു പറഞ്ഞു. തന്നെ അന്വേഷണ സംഘത്തിന്റെ ചുമതലയില്‍നിന്നു മാറ്റിക്കൊള്ളാന്‍ ഹേമചന്ദ്രന്‍ നിര്‍ദേശിക്കുകയും ചെയ്തു. ഒരു അന്വേഷണ സംഘത്തെ ഇടക്കു വച്ചു മാറ്റേണ്ട കാര്യമില്ലമെന്നാണ് തന്റെ അഭിപ്രായം. തന്നോടു ചോദിക്കാതെ ജോപ്പനെ അറസ്റ്റു ചെയ്തതില്‍ ഹേമചന്ദ്രനു ദു:ഖമുണ്ട്. അത് അദ്ദേഹത്തിന്റെ പുസ്തകത്തിലുണ്ട്. ഉമ്മന്‍ചാണ്ടി വിദേശപര്യടനത്തിലായിരിക്കെയാണ് പേഴ്‌സണല്‍ സ്റ്റാഫ് അംഗമായ ജോപ്പനെ അറസ്റ്റു ചെയ്തത്.

അതേസമയം സോളാര്‍ കമ്മീഷനെതിരായ സി. ദിവാകരന്റെ വെളിപ്പെടുത്തല്‍ കോണ്‍ഗ്രസ് രാഷ്ട്രീയമായി ഉപയോഗിച്ചില്ലെന്ന് മുന്‍ മന്ത്രി കെ.സി ജോസഫ്  മാധ്യമങ്ങളോട് പറഞ്ഞു. ഉമ്മന്‍ചാണ്ടിക്കെതിരെ മൊഴി കൊടുക്കാന്‍ പത്തുകോടി രൂപ വാഗ്ദാനം ചെയ്തതായി അന്ന് സരിത വെളിപ്പെടുത്തിയിരുന്നു. ഇപ്പോള്‍ സി. ദിവാകരന്റെ വെളിപ്പെടുത്തല്‍, അഞ്ചുകോടി രൂപ വാങ്ങിയാണ് കമ്മീഷന്‍ റിപ്പോര്‍ട്ട് എഴുതിയതെന്നു പറഞ്ഞു. പിന്നീട് അതു മാറ്റി പറയാന്‍ പലതവണ ശ്രമിച്ചു. അതു സമ്മര്‍ദഫലമായിട്ടാവാം. സംഭവ സമയത്ത് എല്‍.ഡി.എഫ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവായിരുന്നു ദിവാകരന്‍. അദ്ദേഹത്തിന് ഇടതു മുന്നണിയിലെ ഓരോ ചലനവും നന്നായി അറിയാം. ഇപ്പോള്‍ ഹേമചന്ദ്രന്റെ വെളിപ്പെടുത്തല്‍. അതു സോളാര്‍ കമ്മീഷനെക്കുറിച്ചാണ്. തട്ടിപ്പ് അന്വേഷിക്കാന്‍ നിയോഗിച്ച കമ്മീഷന്‍ സരിതയുടെ സ്വകാര്യതയെക്കുറിച്ചാണ് അന്വേഷിക്കാന്‍ മെനക്കെട്ടത്. സോളാര്‍ ആരോപണം പാര്‍ട്ടി കുറച്ചുകൂടി ഗൗരവമായി ഏറ്റെടുക്കേണ്ടതായിരുന്നു. അന്നത്തെ കമ്മീഷന്റെ പിന്നാമ്പുറക്കഥകള്‍ പുറത്തുവരുമ്പോള്‍ പാര്‍ട്ടി  അതിനെ ഗൗരവത്തോടെ കാണണം.

 

 

 

Latest News