തിരുവനന്തപുരം- കെ ഫോണ്‍ ഇടപാടില്‍ ഗുരുതര ചട്ടലംഘനമെന്ന് സി.എ.ജിയും. കെ ഫോണിലും എഐ ക്യാമറ ഇടപടിലേതുപോലെ വന്‍ കമ്മീഷന്‍. കേബിള്‍ ഇറക്കുമതി ചെയ്തത് ചൈനയില്‍ നിന്ന്.
2017ലാണ് കെ ഫോണ്‍ പദ്ധതിയുടെ ടെണ്ടര്‍ നടപടിക്രമങ്ങള്‍ ആരംഭിച്ചത്. 1028 കോടി രൂപയ്ക്ക് നടപ്പിലാക്കാന്‍ തീരുമാനിച്ചിരുന്ന പദ്ധതി 1531 കോടി രൂപയ്ക്കാണ് ടെണ്ടര്‍ ചെയ്തത്. പത്ത് ശതമാനത്തില്‍ കൂടുതല്‍ ടെണ്ടര്‍ എക്‌സസ് കൊടുക്കാന്‍ പാടില്ലെന്ന് ധനവകുപ്പ് വ്യക്തമാക്കിയിട്ടുണ്ടെങ്കിലും കെ ഫോണില്‍ 58.5 ശതമാനം തുകയാണ് കൂട്ടി നല്‍കിയത്. ഇതിലൂടെ 520 കോടിയിലേറെ രൂപയാണ് ഖജനാവിന് നഷ്ടമായത്.
എഐ ക്യാമറ ഇടപാടില്‍ നടന്ന അതേ മാതൃകയാണ് കെ ഫോണിലും നടപ്പാക്കിയിരിക്കുന്നത്. ഒരേ കമ്പനിക്കാണ് രണ്ടു പദ്ധതികളിലും ലാഭവിഹിതം ലഭിക്കുന്നത്. ഈ രണ്ട് ഇടപാടുകള്‍ക്ക് പിന്നിലും മുഖ്യമന്ത്രിയുടെ മുന്‍ പ്രൈവറ്റ് സെക്രട്ടറി എം. ശിവശങ്കറിന്റെ കൈകടത്തലുകള്‍ ഉണ്ടായിരുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമായ ഭെല്ലിന് കെ ഫോണ്‍ ടെന്‍ഡര്‍ നല്‍കിയെന്നാണ് മുഖ്യമന്ത്രി വ്യക്തമാക്കിയത്. ഭെല്‍ എസ്.ആര്‍.ഐ.ടിക്ക് ഉപകരാര്‍ നല്‍കി. എസ്.ആര്‍.ഐ.ടി അശോക് ബിഡ്‌കോണിനും അശോക് ബിഡ്‌കോണ്‍ മുഖ്യമന്ത്രിക്ക് ബന്ധമുള്ള പ്രസാഡിയോയ്ക്കും കരാര്‍ നല്‍കി.
പ്രസാഡിയോ ഗുണനിലവാരം കുറഞ്ഞ ഒ.പി.ജി.ഡബ്ല്യു കേബിളുകള്‍ ചൈനയില്‍ നിന്നും ഇറക്കുമതി ചെയ്യുകയായിരുന്നു. മേക്ക് ഇന്‍ ഇന്ത്യ പദ്ധതി പ്രകാരം ഇത്തരം സംരംഭങ്ങള്‍ക്ക് ഇന്ത്യയില്‍ നിര്‍മിക്കുന്ന കേബിളുകള്‍ വാങ്ങിക്കണമെന്ന കേന്ദ്ര നിര്‍ദേശം മറികടന്നാണ് ചൈനയില്‍ നിന്നും കേബിള്‍ വാങ്ങിയത്. അഞ്ചുവര്‍ഷത്തിനിടെ മിനിമം 250 കിലോമീറ്റര്‍ കേബിള്‍ നിര്‍മിച്ച സ്ഥാപനം ആയിരിക്കണമെന്നും ടെണ്ടറില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്. ഈ വ്യവസ്ഥയും ലംഘിച്ചാണ് കേബിള്‍ ഇറക്കുമതി ചെയ്തത്.
ഒപ്റ്റിക്കല്‍ ഗ്രൗണ്ട് വയറിന്റെ പ്രധാന ഘടകമായ ഒപ്റ്റിക്കല്‍ യൂണിറ്റും ചൈനീസ് കമ്പനിയുടേതാണ്. കെ.എസ്.ഇ.ബിയും കേരള സ്‌റ്റേറ്റ് ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡും ചേര്‍ന്നാണ് കെ ഫോണ്‍ പദ്ധതി നടപ്പാക്കുന്നത്. എന്നാല്‍ കേബിളിന്റെ ഗുണനിലവാരത്തെക്കുറിച്ച് കെ.എസ്.ഇ.ബി ഇതിനകം സംശയം പ്രകടിപ്പിച്ചു കഴിഞ്ഞു. ഇന്റര്‍നെറ്റ് കണക്ഷനില്‍ സാങ്കേതിക തകരാര്‍ ഉണ്ടായാല്‍ തങ്ങളെ കുറ്റപ്പെടുത്തരുതെന്നാണ് കെ.എസ്.ഇ.ബി വ്യക്തമാക്കിയത്.
എ.ഐ ക്യാമറ വിവാദത്തിലേത് പോലെ ഇവിടെയും കമ്മീഷന്‍ ഇടപാട് എത്തുന്നത് ഒരേയിടത്തേക്കാണ്. എഐ ക്യാമറ ഇടപാടില്‍ നടന്ന അതേ മാതൃകയാണ് കെ ഫോണിലും നടപ്പാക്കിയിരിക്കുന്നത്. ഒരേ കമ്പനിക്കാണ് രണ്ടു പദ്ധതികളിലും ലാഭവിഹിതം ലഭിക്കുന്നത്. എഐ ക്യാമറയില്‍ കെല്‍ട്രോണിനെ മറയാക്കിയെങ്കില്‍ കെ ഫോണില്‍ ഭെല്ലിനെ ഇടനിലക്കാരാക്കുകയായിരുന്നു. കോടികളുടെ കമ്മീഷനാണ് ഇടനിലക്കാരില്‍ നിന്നും ബന്ധപ്പെട്ടവര്‍ക്ക് ലഭിച്ചതെന്നാണ് ആക്ഷേപം. ഈമാസം അഞ്ചിനാണ് കെ ഫോണ്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തത്.