Sorry, you need to enable JavaScript to visit this website.

സൈക്കിള്‍ ഓടിക്കാന്‍ മാത്രം അറിയാവുന്ന മുരുകന് അലക്ഷ്യമായി കാര്‍ ഓടിച്ചതിന് 1000 രൂപ പിഴ

ആലപ്പുഴ- സൈക്കിള്‍ ഓടിക്കാന്‍ മാത്രം അറിയാവുന്ന മുരുകന് കിട്ടിയത് 'അലക്ഷ്യമായി കാര്‍ ഓടിച്ചതിന്' പിഴ നോട്ടീസ്. എണ്ണയ്ക്കാട് ഐശ്വര്യ ഭവനില്‍ എ.എം. മുരുകന്‍ (63) കഴിഞ്ഞ ദിവസം തപാലില്‍ ലഭിച്ച പോസ്റ്റ് കാര്‍ഡ് കണ്ട് ശരിക്കും ഞെട്ടി. സൈക്കിളില്‍ ലോട്ടറി കച്ചവടം നടത്തുന്നയാളാണ് മുരുകന്‍.
റാന്നി പോലീസിന്റെതായി വന്ന പോസ്റ്റ് കാര്‍ഡില്‍ ഇന്ത്യന്‍ ശിക്ഷാനിയമം 279 ാം വകുപ്പ് ചുമത്തിയാണ് നോട്ടീസ്. വ്യാഴാഴ്ച നേരിട്ടോ വക്കീല്‍ മുഖേനയോ ഹാജരായി പിഴയടച്ച് കേസ് തീര്‍പ്പാക്കണമെന്നാണ് കാര്‍ഡില്‍ രേഖപ്പെടുത്തിയിരുന്നത്. ഒന്നും മനസിലാകാതെ മുരുകന്‍ വഴിയില്‍ കണ്ടവരോടൊക്കെ വിവരം തിരിക്കി.
സൈക്കിള്‍ മാത്രം ഓടിക്കാനറിയാവുന്ന മുരുകന്‍ അലക്ഷ്യമായി കാര്‍ ഓടിച്ചതിന് ആണ് നോട്ടീസ്. 1000 രൂപ പിഴയാണ് ശിക്ഷ. ജീവിതത്തില്‍ ഒരിക്കല്‍പോലും കാറിന്റെ ഡ്രൈവര്‍ സീറ്റില്‍ ഇരിക്കുകയോ സൈക്കിളല്ലാതെ മറ്റൊരു വാഹനം ഓടിക്കുകയോ ചെയ്യ്തിട്ടില്ലാത്ത തനിക്ക് ഏങ്ങനെയാണ്  ഈ നോട്ടിസ് കിട്ടിയത്. ആകെ മനസ്സമാധാനം നഷ്ടപ്പെട്ട മുരുകന്‍ മാന്നാര്‍ പോലീസ് സ്‌റ്റേഷനില്‍ പോയി വിവരം ധരിപ്പിച്ചു. അടുത്ത ദിവസം റാന്നി പോലീസ് സ്‌റ്റേഷനിലും എത്തി ആധാര്‍ രേഖകളുമെല്ലാം കാണിച്ചു തനിക്ക് കാര്‍ ഓടിക്കാനറിയില്ലെന്ന് ബോധ്യപെടുത്തി. മാത്രമല്ല താന്‍ റാന്നി ഭാഗത്തേക്ക് പോയിട്ടില്ലെന്നും പറഞ്ഞു. വ്യാഴാഴ്ച ഹാജരാകേണ്ട എന്ന് പോലീസ് നിര്‍ദ്ദേശിച്ചപ്പോഴാണ് ശ്വാസം നേരെ വീണത്. മേല്‍വിലാസം തെറ്റിയതായിരിക്കാം എന്നാണ് പോലീസ് അറിയിച്ചതെന്ന് മുരുകന്‍ പറഞ്ഞു. സൈക്കിളില്‍ ലോട്ടറി വിറ്റ് ഉപജീവനം നടത്തിയിരുന്ന മുരുകന് രണ്ട് ദിവസത്തെ തൊഴിലാണ് ഒരു പോസ്റ്റ് കാര്‍ഡ് കൊണ്ട് നഷ്ടമായത്.

 

Latest News