ആലപ്പുഴ - മാവേലിക്കര പുന്നമൂട്ടിൽ ആറ് വയസ്സുള്ള പിഞ്ചു മകളെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ തെളിവെടുപ്പിനെത്തിച്ച പ്രതി മഹേഷിന് നേരെ നാട്ടുകാരുടെ ശാപവാക്കുകൾ. 'മഹാപാപി, പുഴുത്ത് ചാവുമെടാ, പൊന്നുംകുടത്തിനെയും കൊലയ്ക്കു കൊടുത്തിട്ട് വന്നിരിക്കുന്നു, മഹാദ്രോഹി, നിനക്ക് മരിച്ചുകൂടായിരുന്നോ ദുഷ്ടാ´ എന്നിങ്ങനെ കയർത്തുകൊണ്ടുള്ള ശാപവാക്കുകളാണ് പോലീസ് തെളിവെടുപ്പിന് എത്തിച്ചപ്പോൾ സ്ത്രീകളും ബന്ധുക്കളും ഉൾപ്പെടെയുള്ളവരിൽ നിന്ന് ഉയർന്നത്.
എന്നാൽ പ്രതി ആനക്കൂട്ടിൽ ശ്രീമഹേഷ് (38) ഒരക്ഷരം മിണ്ടാതെ തലയും കുനിച്ച് പോലീസുകാർക്കൊപ്പം നടന്ന് വാഹനത്തിൽ കയറി. ഇന്നലെ വൈകീട്ട് ഏഴരയോടെയാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്.
പ്രതി മഹേഷ് മകൾ നക്ഷത്രയെ മഴു കൊണ്ട് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കുട്ടിയുടെ കഴുത്തിനാണ് വെട്ടേറ്റത്. തൊട്ടടുത്ത് മഹേഷിന്റെ സഹോദരിയുടെ വീട്ടിൽ താമസിക്കുന്ന മാതാവ് സുനന്ദ, ബഹളം കേട്ട് ഓടിച്ചെല്ലുമ്പോൾ വെട്ടേറ്റ് സിറ്റൗട്ടിലെ സോഫയിൽ കിടക്കുന്ന നക്ഷത്രയെയാണ് കണ്ടത്. ഇതുകണ്ട് നിലവിളിച്ച് പുറത്തേക്കോടിയ സുനന്ദയെ ശ്രീമഹേഷ് പിന്തുടർന്ന് ആക്രമിച്ചുച്ച് വെട്ടുകയായിരുന്നു. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്.
മൂന്ന് വർഷം മുമ്പ് മഹേഷിന്റെ ഭാര്യ വിദ്യ ജീവനൊടുക്കിയിരുന്നു. കുടുംബ വഴക്കിനെ തുടർന്നായിരുന്നു ആത്മഹത്യയെന്നാണ് വിവരം. ശേഷം മഹേഷും കുട്ടിയും മാത്രമായിരുന്നു ഈ വീട്ടിൽ താമസിച്ചിരുന്നത്. വൈകുന്നേരങ്ങളിൽ കുട്ടിയുമായി പുറത്തുപോകുന്നത് പതിവായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. അമ്മയുടെ വീട്ടിൽ പോകണമെന്ന് പറഞ്ഞ് നക്ഷത്ര വാശിപിടിച്ചതാകാം പ്രതിയെ പ്രകോപിപ്പിച്ചതെന്നാണ് പോലീസ് കരുതുന്നത്.
മുൻ സൈനികനായ അച്ഛന്റെ മരണത്തെ തുടർന്നായിരുന്നു പ്രവാസിയായ മഹേഷ് ജോലി ഉപേക്ഷിച്ച് നാട്ടിലെത്തിയത്. റിട്ട. നഴ്‌സിംഗ് സൂപ്രണ്ടായ അമ്മയുടെ എ.ടി.എം കാർഡ് ഇയാളായിരുന്നു കൈകാര്യം ചെയ്തിരുന്നത്. മഹേഷിന്റെ പുനർവിവാഹം ഒരു വനിതാ കോൺസ്റ്റബിളുമായി ഉറപ്പിച്ചിരുന്നു. എന്നാൽ, സ്വഭാവദൂഷ്യം കാരണം ഇവർ വിവാഹത്തിൽ നിന്ന് പിന്മാറുകയായിരുന്നുവെന്നാണ് പറയുന്നത്.