ജിദ്ദ - സായുധ സേനകൾ തമ്മിൽ അധികാര വടംവലിയും ഏറ്റുമുട്ടലും നടക്കുന്ന സുഡാനിലെ സൗദി, ബഹ്‌റൈൻ എംബസികൾക്കു നേരെ സായുധ ഗ്രൂപ്പുകളുടെ ആക്രമണം. ഖാർത്തൂം സൗദി എംബസിയിലും എംബസിക്കു കീഴിലെ അറ്റാഷെകളിലും അതിക്രമിച്ചു കയറിയ സായുധ ഗ്രൂപ്പുകൾ കെട്ടിടങ്ങളിൽ കേടുപാടുകൾ വരുത്തി. എംബസിയിലെ സൗദി ജീവനക്കാരുടെ താമസസ്ഥലത്തും സായുധ ഗ്രൂപ്പുകൾ അതിക്രമിച്ചു കയറി കെട്ടിടവും ഉദ്യോഗസ്ഥരുടെ വസ്തുവകകളും കേടുകൾ വരുത്തി.
സംഭവത്തെ സൗദി വിദേശ മന്ത്രാലയം രൂക്ഷമായ ഭാഷയിൽ അപലപിച്ചു. നയതന്ത്രകാര്യാലയങ്ങൾക്കു നേരെയുള്ള എല്ലാ തരത്തിലുള്ള ആക്രമണങ്ങളെയും സൗദി അറേബ്യ പൂർണമായും നിരാകരിക്കുന്നതായി വിദേശ മന്ത്രാലയം പറഞ്ഞു. സുഡാനിൽ സുരക്ഷയും സമാധാനവും വീണ്ടെടുക്കാനുള്ള ശ്രമങ്ങൾക്ക് തുരങ്കംവെക്കാൻ ശ്രമിക്കുന്ന ഇത്തരം സായുധ ഗ്രൂപ്പുകളെ ചെറുക്കണമെന്ന് സൗദി വിദേശ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
ഖാർത്തൂമിലെ ബഹ്‌റൈൻ എംബസിക്കും ബഹ്‌റൈൻ അംബാസഡറുടെ താമസസ്ഥലത്തിനും നേരെയും സായുധ ഗ്രൂപ്പ് ബുധനാഴ്ച ആക്രമണം നടത്തി. അക്രമ, നശീകരണ പ്രവർത്തനങ്ങൾ അവസാനിപ്പിക്കണമെന്നും നയതന്ത്രകാര്യാലയങ്ങൾക്കും സിവിലിയൻ സ്ഥാപനങ്ങൾക്കും പൂർണ സുരക്ഷ ഒരുക്കണമെന്നും കുറ്റവാളികളെ ശിക്ഷിക്കണമെന്നും ബഹ്‌റൈൻ വിദേശ മന്ത്രാലയം ആവശ്യപ്പെട്ടു. സുഡാനിൽ പരസ്പര പോരാട്ടത്തിലുള്ള കക്ഷികൾ വിവേകം കാണിക്കണമെന്നും ഉന്നതമായ ദേശീയ താൽപര്യങ്ങൾക്ക് മുൻഗണന നൽകണമെന്നും സൗദി, അമേരിക്കൻ സമാധാന പദ്ധതിയോട് അനുകൂലമായി പ്രതികരിക്കണമെന്നും സംവാദങ്ങളിലൂടെ സൈനിക നടപടികൾ അവസാനിപ്പിക്കണമെന്നും ബഹ്‌റൈൻ വിദേശ മന്ത്രാലയം ആവശ്യപ്പെട്ടു. നേരത്തെയും ഖാർത്തൂമിൽ വിദേശ രാജ്യങ്ങളുടെ എംബസികൾക്കും നയതന്ത്രകാര്യാലയങ്ങൾക്കും നേരെ പലതവണ ആക്രമണങ്ങളുണ്ടായിരുന്നു.