റിയാദ് - കണ്‍സള്‍ട്ടന്റ് ഡോക്ടര്‍മാരുടെ വിരമിക്കല്‍ പ്രായം 70 വയസു വരെ ദീര്‍ഘിപ്പിക്കുന്നതിന് ആരോഗ്യ മന്ത്രിക്ക് അധികാരം നല്‍കുന്നതിന് ശൂറാ കൗണ്‍സില്‍ തീരുമാനം. സിവില്‍ സര്‍വീസ് നിയമം അനുസരിച്ച വിരമിക്കല്‍ പ്രായം മുതല്‍ വാര്‍ഷികാടിസ്ഥാനത്തിലാണ് കണ്‍സള്‍ട്ടന്റ് ഡോക്ടര്‍മാരുടെ സേവനം ദീര്‍ഘിപ്പിക്കേണ്ടത്. ഇതിന് ഡോക്ടര്‍മാര്‍ മെഡിക്കല്‍ ഫിറ്റ്‌നസ് ഉള്ളവരായിരിക്കണമെന്ന് വ്യവസ്ഥയുണ്ട്. കൂടാതെ അതേ സ്ഥാപനത്തില്‍ അതേ സ്‌പെഷ്യലൈസേഷനില്‍ ആവശ്യത്തില്‍ കൂടുതല്‍ കണ്‍സള്‍ട്ടന്റ് ഡോക്ടര്‍മാര്‍ ഉണ്ടാകാന്‍ പാടില്ലെന്നും സേവന കാലാവധി നീട്ടിക്കൊടുക്കുന്ന ഡോക്ടര്‍മാരുടെ ലൈസന്‍സുകള്‍ക്ക് കാലാവധിയുണ്ടായിരിക്കണമെന്നും വ്യവസ്ഥയുണ്ട്.
ശൂന്യാകാശ പര്യവേക്ഷണ മേഖലയില്‍ സഹകരിക്കുന്നതിന് റഷ്യയുമായി ഒപ്പുവെച്ച ധാരണാപത്രം ശൂറാ കൗണ്‍സില്‍ അംഗീകരിച്ചു. വിസിറ്റ് വിസ അനുവദിക്കുന്നതിന് ബ്രിട്ടനുമായി ഒപ്പുവെച്ച ധാരണാപത്രവും ശൂറാ കൗണ്‍സില്‍ അംഗീകരിച്ചു.