പാലക്കാട് - കൈക്കൂലി വാങ്ങിയ മുപ്പത് ലക്ഷത്തിലേറെ രൂപയും ഒരു കോടിയോളം രൂപയുടെ നിക്ഷേ രേഖകളും പിടിച്ചെടുത്ത സംഭവത്തിലെ പ്രതി പാലക്കയം വില്ലേജ് അസിസ്റ്റന്റ് വി സുരേഷ് കുമാറിനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടും. ഇത് സംബന്ധിച്ച് അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് റവന്യുമന്ത്രി കെ രാജന്‍ അംഗീകരിച്ചു. പാലക്കയം വില്ലേജ് ഓഫീസര്‍ക്കെതിരെയും നടപടി എടുക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. സുരേഷ്‌കുമാറില്‍ നിന്ന് പിടിച്ചെടുത്ത പണവും നിക്ഷേപവും വിവിധ സ്ഥലങ്ങളില്‍ ജോലി ചെയ്തപ്പോള്‍ കൈക്കൂലി വാങ്ങിയതാണെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. മൂന്ന് വര്‍ഷം മുമ്പാണ് തിരുവനന്തപുരം സ്വദേശിയായ സുരേഷ് കുമാര്‍ പാലക്കയം വില്ലേജ് ഓഫീസില്‍ എത്തുന്നത്. വിവിധ സര്‍ട്ടിഫിക്കറ്റുകള്‍ക്കായി പലരില്‍ നിന്നും 500 മുതല്‍ 10,000 രൂപ വരെയാണ് ഇയാള്‍ കൈക്കൂലിയായി വാങ്ങിയിരുന്നത്. ഇതിനെതിരെ നേരത്തെ വില്ലേജ് ഓഫീസിന് മുന്നില്‍ നാട്ടുകാര്‍ പ്രതിഷേധ സമരം നടത്തിയിരുന്നു. പിന്നീട് വിജിലന്‍സിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് ഇയാള്‍ അറസ്റ്റിലായത്.