Sorry, you need to enable JavaScript to visit this website.

സൗദി വനിതയുടെ 40,000 റിയാല്‍ പിന്‍വലിച്ചു; ഡ്രൈവര്‍ക്ക് ജയിലും ചാട്ടയടിയും

ജിദ്ദ - സ്‌പോണ്‍സറായ സൗദി വനിതയുടെ എ.ടി.എം കാര്‍ഡ് കവര്‍ന്ന് നാല്‍പതിനായിരം റിയാല്‍ പിന്‍വലിച്ച ഹൗസ് ഡ്രൈവറെ കോടതി നാലു വര്‍ഷം തടവിന് ശിക്ഷിച്ചു. പ്രതിക്ക് 400 ചാട്ടയടി നല്‍കുന്നതിനും വിധിയുണ്ട്. കവര്‍ന്ന പണം പ്രതി സ്‌പോണ്‍സര്‍ക്ക് തിരിച്ചുനല്‍കണമെന്നും കോടതി വിധിച്ചു. ശിക്ഷ പൂര്‍ത്തിയാക്കിയ ശേഷം പ്രതിയെ നാടുകടത്തുന്നതിനും വിധിയുണ്ട്.
 
വനിതാ വ്യവസായിക്കു കീഴില്‍ ഹൗസ് ഡ്രൈവറായി ജോലി ചെയ്തുവന്ന യെമനിയാണ് സ്‌പോണ്‍സറുടെ എ.ടി.എം കാര്‍ഡ് കവര്‍ന്ന് പണം പിന്‍വലിച്ചത്. ബാങ്കില്‍ നിന്നുള്ള സ്റ്റേറ്റ്‌മെന്റ് ലഭിച്ചപ്പോഴാണ് താനറിയാതെ അക്കൗണ്ടില്‍ നിന്ന് നാല്‍പതിനായിരം റിയാല്‍ പിന്‍വലിക്കപ്പെട്ടതായി സൗദി വനിത അറിഞ്ഞത്. തുടര്‍ന്ന് ഇവര്‍ സുരക്ഷാ വകുപ്പുകള്‍ക്ക് പരാതി നല്‍കുകയായിരുന്നു. വനിതാ വ്യവസായിയുടെ എ.ടി.എം കാര്‍ഡ് ഉപയോഗിച്ച് പണം പിന്‍വലിച്ച ടെല്ലറുകള്‍ക്കു സമീപം സ്ഥാപിച്ച സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് പണം പിന്‍വലിച്ചത് പരാതിക്കാരിയുടെ ഡ്രൈവര്‍ തന്നെയാണെന്ന് വ്യക്തമായത്. അയ്യായിരം റിയാല്‍ വീതം എട്ടു തവണയായാണ് പ്രതി എ.ടി.എമ്മുകളില്‍ നിന്ന് പണം പിന്‍വലിച്ചത്.
 
വനിതാ വ്യവസായി എ.ടി.എമ്മുകളില്‍ നിന്ന് പണം പിന്‍വലിക്കുന്നതിനിടെ പിന്‍നമ്പര്‍ രഹസ്യമായി മനസ്സിലാക്കിയ പ്രതി പിന്നീട് ഇവരുടെ വാനിറ്റി ബാഗില്‍ നിന്ന് എ.ടി.എം കാര്‍ഡ് കവരുകയായിരുന്നു. എ.ടി.എമ്മില്‍ നിന്ന് പണം പിന്‍വലിച്ചത് അറിയിക്കുന്ന എസ്.എം.എസുകള്‍ സ്‌പോണ്‍സര്‍ക്ക് ലഭിക്കാതിരിക്കുന്നതിന് അക്കൗണ്ടുമായി ബന്ധിപ്പിച്ച മൊബൈല്‍ ഫോണ്‍ നമ്പര്‍ പ്രതി മാറ്റിയിരുന്നു. ഇതാണ് പണം പിന്‍വലിച്ച കാര്യം പരാതിക്കാരി ഉടനടി അറിയാതിരുന്നതിന് കാരണം.

Latest News