ആലപ്പുഴ - മാവേലിക്കര പുന്നമ്മൂട്ടിൽ ആറുവയസ്സുള്ള മകളെ അച്ഛൻ വെട്ടിക്കൊന്നു. മാവേലിക്കര പുന്നമൂട് ആനക്കൂട്ടിൽ നക്ഷത്രയെയാണ് അച്ഛൻ മഹേഷ് വെട്ടിക്കൊലപ്പെടുത്തിയത്. സ്വന്തം അമ്മയെയും മഹേഷ് ആക്രമിച്ചു. അമ്മ ഗുരുതരാവസ്ഥയിലാണ്. സംഭവത്തിൽ നക്ഷത്രയുടെ പിതാവ് മഹേഷിനെ (38) പോലീസ് അറസ്റ്റ്‌ചെയ്തു. മഴു കൊണ്ടാണ് ഇയാൾ കുഞ്ഞിനെ കൊലപ്പെടുത്തിയത്. ബുധനാഴ്ച രാത്രി ഏഴരയോടെയാണ് സംഭവം. മഹേഷിന്റെ ഭാര്യ രണ്ടുവർഷം മുമ്പ് ആത്മഹത്യ ചെയ്തിരുന്നു.
ബഹളം കേട്ട് മഹേഷിന്റെ സഹോദരിയുടെ തൊട്ടടുത്ത വീട്ടിൽ നിന്ന് അമ്മ സുനന്ദ ഓടിയെത്തിയപ്പോൾ കണ്ടത് വെട്ടേറ്റ് സോഫയിൽ കിടക്കുന്ന നക്ഷത്രയെ ആണ്. ബഹളം വച്ച് പുറത്തേക്കോടുമ്പോഴാണ് അമ്മ സുനന്ദയെയും മഹേഷ് പിന്തുടർന്ന് വെട്ടിയത്. ഇവരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സമീപവാസികളെയും മഴുകാട്ടി ഭീഷണിപ്പെടുത്തി. വിദേശത്തായിരുന്ന ശ്രീമഹേഷ് പിതാവ് ശ്രീമുകുന്ദൻ ട്രെയിൻ തട്ടി മരിച്ചതിന് ശേഷമാണ് നാട്ടിലെത്തിയത്.
ഭാര്യ ആത്മഹത്യ ചെയ്തതിനെ തുടർന്ന് മഹേഷിന്റെ പുനർവിവാഹം ഉറപ്പിച്ചിരുന്നു. എന്നാൽ, മഹേഷിന്റെ സ്വഭാവം മനസ്സിലാക്കി വധുവിന്റെ വീട്ടുകാർ വിവാഹത്തിൽനിന്ന് പിൻമാറിയതായും വിവരമുണ്ട്.