കൽപ്പറ്റ - വനത്തിനുള്ളിൽ കടന്ന് കാട്ടാനയുടെ ഫോട്ടോ എടുക്കാൻ ശ്രമിച്ച യുവാവിനെ ഓടിച്ച് കാട്ടാന. വയനാട് മുത്തങ്ങ വന്യജീവി സങ്കേതത്തിനുള്ളിൽ വച്ചാണ് യുവാവ് കാട്ടാനയുടെ സമീപമെത്തി ഫോട്ടോ എടുക്കാൻ 'സാഹസിക' ശ്രമം നടത്തിയത്. ഇതേ തുടർന്ന് കാട്ടാന യുവാവിനെ പിന്തുടർന്ന് ഓടിക്കുകയായിരുന്നു. തമിഴ്‌നാട് സ്വദേശിയായ യുവാവ് തലനാരിഴയ്ക്കാണ് കാട്ടാനയുടെ ആക്രമണത്തിൽനിന്നും രക്ഷപ്പെട്ടത്.
വയനാട് വന്യജീവി സങ്കേതത്തിലെ സഫാരി വാഹനത്തിലുണ്ടായ വിനോദ സഞ്ചാരികളാണ് യുവാവിനെ കാട്ടാന ഓടിക്കുന്നതിന്റെ ദൃശ്യം പകർത്തിയത്. ഇവരുടെ കൂട്ട നിലവിളിയിലും ബഹളത്തിന് പിന്നാലെയുമാണ് ആന ഓട്ടത്തിൽനിന്ന് പിന്തിരിച്ചത്. ആനയോടിക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലാണ്. യുവാവിനെയും വാഹനവും കസ്റ്റഡിയിലെടുത്ത വനം വകുപ്പ് 4000 രൂപ പിഴയീടാക്കിയാണ് വിട്ടയച്ചത്. ഈ പ്രദേശത്ത് വാഹനം നിർത്തരുതെന്നും പുറത്തിറങ്ങരുതെന്നും വനംവകുപ്പിന്റെ കർശന നിർദ്ദേശം ലംഘിച്ചാണ് തമിഴ്‌നാട് സ്വദേശികൾ വാഹനം നിർത്തിയതും ഇതിലൊരാൾ ആനയുടെ ഫോട്ടോയെടുക്കാൻ വനത്തിനുള്ളിൽ അതിക്രമിച്ച് കയറിയതെന്നുമാണ് പറയുന്നത്. സ്വന്തം ജീവനും സുരക്ഷാ സംവിധാനവും മറന്നുള്ള ഇത്തരം ഇടപെടലുകൾക്കെതിരെ സന്ദർശകർ കൂടുതൽ ജാഗ്രത പുലർത്തണമെന്നും നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും അധികൃതർ ഓർമിപ്പിച്ചു.